കോട്ടക്കല്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമ്പാര്‍ മുന്നണി രൂപികരിച്ച് ബിജെപിയെ തറപറ്റിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ പോയതിന്റെ അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേത്യത്വം.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ആബിദ് ഹുസൈന് തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് എന്‍സിപിക്ക് വിട്ടുകൊടുത്ത മണ്ഡലമാണ് കോട്ടക്കല്‍. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ എന്‍.എ.മുഹമ്മദ്കുട്ടിയെ മത്സരിപ്പിക്കാനാണ് എന്‍സിപിയുടെ തീരുമാനം. ഇത് പേയ്മെന്റ് സീറ്റാണെന്ന ആരോപണം എന്‍സിപിക്കുള്ളില്‍ ശക്തമാണ്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി മാറിയിരിക്കുന്നു. ദേശീയ അദ്ധ്യാപക പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ വി.ഉണ്ണികൃഷ്ണന് മാസ്റ്ററാണ് ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. ഉണ്ണികൃഷ്ണന് മാസ്റ്ററുടെ ജനകീയത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രം തന്നെ ഇരുമുന്നണികളും പയറ്റുന്നത്.
പക്ഷേ ഇരുമുന്നണികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറയുന്നു. എന്‍സിപിയെ മുന്‍നിര്‍ത്തി സിപിഎം ലീഗിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 12 സീറ്റിലും ലീഗാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റുണ്ട്. കോട്ടക്കലില്‍ ലീഗിനെ സിപിഎം സഹായിക്കുമ്പോള്‍. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ലീഗ് സിപിഎമ്മിനെ സഹായിക്കും. മലപ്പുറം ജില്ലയിലെ യുഡിഎഫ് സംവിധാനം തകര്‍ന്നിരിക്കുകയാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും ശത്രുക്കളെ പോലെയാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ളയാളാണ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോമാലീ സഖ്യം പരസ്യമായതോടെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നും പറയാനാവില്ല. എന്തായാലും സംസ്ഥാനതലത്തില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ പോരാട്ടം ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: