കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നവമാധ്യമങ്ങള്‍ മുന്നില്‍. ഫേസ്ബുക്കും ട്വിറ്ററും വാട്‌സ്അപ്പും ഇപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണ്. വിമര്‍ശനവും ചര്‍ച്ചയുമൊക്കെ ഇപ്പോള്‍ ഇവിടെയാണ്. പഴയ വാഗ്ദാനങ്ങളും ഉദ്ഘാടന ശേഷം പദ്ധതികളുടെ അവസ്ഥയുമൊക്കെ വേഗത്തിലാണ് ഇവിടങ്ങളില്‍ പ്രചരിക്കുന്നത്. മുഴുവന്‍ രാഷ്‌ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകം കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. അത് സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെയാണ്. സ്ഥാനാര്‍ത്ഥി പ്രചരണവും പാര്‍ട്ടികളുടെ നിലപാടുകളും അപ്പപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തുകയാണ്. മുന്‍കാലങ്ങളില്‍ നേതാക്കളുടെ പ്രതികരണം വരെ കാത്തിരുന്ന ശേഷമാണ് മറുപടി നല്‍കി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ വഴി ഉരുളക്കുപ്പേരി പോലെ നിമിഷങ്ങള്‍ക്കമാണ് മറുപടികളും ചോദ്യങ്ങളും വൈറലായികൊണ്ടിരിക്കുന്നത്. ടെലിവിഷനും റേഡിയോക്കും മുന്‍കാലങ്ങളില്‍ നല്‍കപ്പെട്ടിരുന്ന പ്രാധാന്യം യുവാക്കള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡികള്‍ക്ക് നല്‍കുന്നതാണ് പാര്‍ട്ടികളെ പുത്തന്‍വഴികള്‍ തേടാന്‍ കാരണം.
















