ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രിയായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ രാവിലെ 11 ന് ജമ്മു രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മുകശ്മീര്‍. ബിജെപിയുമായി സഖ്യത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്.
മുന്‍ മുഖ്യമന്ത്രിയും മെഹ്ബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സയീദ് ജനുവരി എട്ടിന് അന്തരിച്ചതിനെ തുടര്‍ന്ന് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. സംസ്ഥാനത്ത്് മൂന്നുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാവുന്നത്്. മുഫ്തിക്കൊപ്പം 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ ചെയ്ത് അധികാരത്തിലെത്തിയിട്ടുണ്ട്. ബിജെപി നേതാവ് നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. പുതിയ മന്ത്രിസഭയില്‍ ആഭ്യന്തരവും ധനവകുപ്പും പിഡിപി തന്നെ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിനായി കഴിഞ്ഞ ശനിയാഴ്ചയാണ് ഗവര്‍ണര്‍ എന്‍.എന്‍.വോറ പിഡിപി, ബിജെപി നേതാക്കളെ ക്ഷണിച്ചത്. മുതിര്‍ന്ന പിഡിപി നേതാക്കളായ മുസഫര്‍ ഹുസൈന് ബെയ്ഗ്, താരിഖ് ഹമീദ് കാര തുടങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ മുന്മന്ത്രിമാര് തല്‍സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. അതേസമയം, മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുളള അഭിപായ വ്യത്യാസങ്ങളെതുടര്‍ന്ന് പിഡിപി നേതാവ് താരിഖ് കാര സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
















