സ്വര്‍ഗം അതിമനോഹര സങ്കല്‍പ്പമാണ്. അവിടെചെന്നുചേരുവാന്‍ വേണ്ടി മാത്രം യത്‌നിക്കുന്നവര്‍ ധാരാളമാണ്. അതിനായി നിരന്തരം തപസ്സുചെയ്യുന്നവരെ നമുക്ക് പുരാണത്തില്‍ കാണാന്‍ കഴിയൂം. ഏറെ കഷ്ടപ്പെട്ട് യാഗം വരെനടത്തിയാണ് ഒരു മഹാരാജാവ് സ്വര്‍ഗ്ഗത്തിലേയ്‌ക്ക് പുറപ്പെട്ടത്.
സൂര്യവംശത്തിലെ ഹരിശ്ചന്ദ്രന്റെ പിതാവായ ഒരു രാജാവ്. ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന ഒറ്റചിന്തയാണ് ഈ രാജാവിനുണ്ടായിരുന്നത്. അതിനായി ഒരുയാഗം തന്നെചെയ്യാന്‍ രാജാവ് തയ്യാറായി. തന്റെ കുലഗരുവായ വസിഷ്ഠനോട് യാഗത്തെ പറ്റി സംസാരിച്ചു. അദ്ദേഹത്തിന് ഇത് തീരെ സമ്മതമില്ലായിരുന്നു. സാദ്ധ്യമല്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.
രാജാവ് താമസിയാതെ മുനിപുത്രനെ സമീപിച്ചു. പിതാവ് മടക്കിവിട്ടകാര്യത്തെ ഏറ്റെടുക്കുവാന്‍ മുനിയുടെ പുത്രനും തയ്യാറായില്ല. ഇതൊന്നും രാജാവിന് തീരെ രുചിച്ചില്ല. രാജാവിന്റെ തുടര്‍ന്നുള്ള നീക്കത്തില്‍ ദേഷ്യംവന്ന മുനിപുത്രന്‍ രാജാവിനെ ശപിച്ച് ചണ്ഡാളനാക്കിത്തീര്‍ത്തു. പിന്നീട് വിശ്വാമിത്രനെകണ്ട് രാജാവ് തന്റെ സങ്കടമുണര്‍ത്തിച്ചു. വിശ്വാമിത്രന്‍ രാജാവിന്റെ ഇംഗിതം സാധിപ്പിച്ചുതരാമെന്ന് വാക്കുകൊടുത്തു. യാഗത്തിനായി ഇന്ദ്രാദി ദേവതകളേയും, മുനിഗണങ്ങളേയും ക്ഷണിച്ചു. എന്നാല്‍ വസിഷ്ഠനേയും മകനേയും യാഗത്തിന് ക്ഷണിക്കുകപോലും ചെയ്തില്ല.
യാഗത്തില്‍ യജമാനന്‍ ചണ്ഡാളനും, അദ്ധ്വര്യു (യാഗത്തില്‍ യജുര്‍വേദം ചെയ്യുന്ന ഋത്വിക്) ക്ഷത്രിയനും ആയതിന്നാല്‍ ദേവന്മാരും ഋഷിമാരും എങ്ങനെ യാഗത്തില്‍ പങ്കാളികളാവും എന്ന്പറഞ്ഞ് അവരെയെല്ലാം കണക്കിന് ആക്ഷേപിച്ചു. വിശ്വാമിത്രന്‍ ഇതുകേട്ട് അവരെ മാംസഭുക്കുകളായിത്തീരട്ടേ എന്നു ശപിച്ചു. എന്നാല്‍ വിശ്വാമിത്രപക്ഷക്കാരായ ചില മുനിമാരല്ലാതെ ആരുംതന്നെ യാഗത്തില്‍ പങ്കെടുത്തില്ല. ദേവന്മാരാരും തിരിഞ്ഞു നോക്കിയതേയില്ല.
വിശ്വാമിത്ര മഹര്‍ഷി യോഗബലത്താല്‍ രാജാവിനെ സ്വര്‍ഗ്ഗത്തിലേയ്‌ക്കയച്ചു. ഈസമയത്ത് ഇന്ദ്രാദി ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് രാജാവിനെ ആപ്രദേശത്തേക്കുതന്നെ അടുപ്പിച്ചില്ല. തലകീഴായിട്ടുതാഴേയ്‌ക്കുതള്ളിവിട്ടു. ആ അവസ്ഥയില്‍ പുതിയ ഒരു സ്വര്‍ഗ്ഗം വിശ്വാമിത്രന്‍ പണിതീര്‍ത്തു. സപ്തര്‍ഷിമണ്ഡലം, നക്ഷത്രമണ്ഡലം എന്നിവ വിശ്വാമിത്രന്‍ തീര്‍ത്തു. ഇതറിഞ്ഞ ബ്രഹ്മാദി ദേവന്മാര്‍ വന്ന് വിശ്വാമിത്രനുമായി രഞ്ജിപ്പിന്റെ പാതയിലെത്തി. എന്നാല്‍ രാജാവിന്റെ സ്ഥാനം ത്രിശങ്കുവിലാണിപ്പോഴും.
ഹരിവംശത്തില്‍ ഈ കഥയ്‌ക്ക് ചില മാറ്റം പറയുന്നുണ്ട്. ഇന്ദ്ര-വരുണപുത്രന്മാരില്‍ ജനിച്ചയാളാണ് ത്രിശങ്കു. ആദ്യ പേര് സത്യവ്രതന്‍. ഏറെ പാപങ്ങള്‍ ചെയ്താണ് അയാള്‍ ത്രിശങ്കുവായത്. അധാര്‍മമ്മികനായിരുന്നതിനാല്‍ പിതാവ് ഭ്രഷ്ടനാക്കി. അതില്‍ അലിവുതോന്നി വിശ്വാമിത്രന്‍ ഇടപെട്ടാണ് രാജ്യം തിരിച്ചു നല്‍കിയത്. പിന്നീട് യാഗം നടത്തി സത്യവ്രതന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിയ്‌ക്കാന്‍ നോക്കുകയായിരുന്നു വത്രേ.
















