മാന്നാര്‍: വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി ബുധനൂര്‍ ഗ്രാമസേവാപരിഷത്ത് പതിനേഴാം വയസ്സിലേക്ക്.
അന്തരിച്ച എം.എന്‍. വാസുഗണകന്‍ ജനറല്‍ കണ്‍വീനറായുള്ള അഞ്ചംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് 1999ല്‍ സംഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
2000ല്‍ സംഘടന രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കടന്നുവന്ന നാളുകളിലെല്ലാം ബുധനൂരിലെ സര്‍വ്വ മേഖലകളിലും കക്ഷി രാഷ്‌ട്രീയ ജാതി മത ഭേദമന്യേ മാതൃകാപരമായ പ്രവര്‍ത്തനം സംഘടന നടത്തുകയുണ്ടായി.
എല്ലാ വര്‍ഷവും പഠനത്തില്‍ മികവു പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സൗജന്യ മെഡിക്കല്‍ ക്യാമ്പിലൂടെ നിരവധി രോഗികള്‍ക്കും, മാരകരോഗങ്ങളില്‍ പെട്ടു ചികിത്സക്കായി ബുദ്ധിമുട്ടുന്നവര്‍ക്കും ചികിത്സാ സഹായം, രക്തദാനം എന്നിവ നല്‍കുന്നു.
എല്ലാ മാസവും സത്‌സംഗം, എല്ലാവര്‍ഷവും വിവിധ ബാലഗോകുലങ്ങളെ പങ്കെടുപ്പിച്ച് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗീതാപഠനശിബിരം, വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 9,10,11 തീയതികളില്‍ കുന്നത്തുകുളങ്ങര ദേവീക്ഷേത്രാങ്കണത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുസംഗമവും ഗ്രാമസേവാപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.
2008ല്‍ 18 വിദ്യാര്‍ത്ഥിനികളുമായി കടമ്പൂര്‍ കേന്ദ്രീകരിച്ച് പരാശക്തി ബാലികാസദനത്തിന്റെ പ്രവര്‍ത്തനം സേവാപരിഷത്തിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. വാടകകെട്ടിടത്തില്‍ ആരംഭിച്ച ഈ ബാലികാസദനത്തിന് ഇന്ന് സ്വന്തമായി മനോഹരമായ ഒരു കെട്ടിട സമച്ചയമുണ്ട്. ഇപ്പോള്‍ 40 പെണ്‍കുട്ടികളാണ് ഉള്ളത്.
സമൂഹത്തിന്റെ ആദരവേറ്റുവാങ്ങി അന്ത്യജന്‍ അഗ്രജനില്ലാതെ വര്‍ഗവും വര്‍ണ്ണവുമില്ലാതെ മാനവസേവ മാധവസേവയാക്കി അശരണര്‍ക്ക് ആശ്രയവുമായി ബുധനൂരിന്റെ മണ്ണില്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് ഗ്രാമസേവാപരിഷത്ത്.
















