കൊല്ലം: പേമെന്റ് വിവാദത്തില്‍ പകച്ചുനില്‍ക്കുകയാണ് ജില്ലയിലെ സിപിഎം. പിണറായി വിജയന്റെ ഓപ്പറേഷന് പഴയ എല്‍ഡിഎഫുകാരനായ സഹയാത്രികന് തന്നെ പുറത്തുവിട്ടതാണ് ജില്ലയിലെ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസില്‍ നിന്നും പുറത്തായ ബാര്‍ മുതലാളിയെ ചവറ സീറ്റില്‍ മത്സരിപ്പിക്കാനായി സിപിഎം സ്വീകരിച്ച സിഎംപി വഴിയുള്ള വളഞ്ഞ വഴിയും കൊല്ലത്തെ നടന് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വ താല്പര്യവുമാണ് പ്രേമചന്ദ്രന് എംപി തുറന്നുകാട്ടിയത്. അതേസമയം ഇതിനെതിരെ രംഗത്ത് വന്ന സിപിഎം ജില്ലാ സെക്രട്ടറി ബാലഗോപാല്‍ പാര്‍ട്ടിയെ ന്യായീകരിക്കാനും പഴയകാല നിലപാടുകളും ചരിത്രങ്ങളും വിവരിച്ച് പ്രേമചന്ദ്രനെയും ആര്‍എസ്പിയെയും പ്രതികൂട്ടിലാക്കാനുമാണ് ശ്രമിച്ചത്.
കൊല്ലം, ചവറ അസംബ്ലി മണ്ഡലങ്ങള്‍ പേയ്മെന്റ് സീറ്റുകളാണെന്ന പ്രേമചന്ദ്രന്റെ പ്രസ്താവന ആര്‍എസ്പി അപ്രസക്തമാകുമെന്ന ആശങ്കയില്‍ നിന്നുണ്ടായതാണെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തലേദിവസംവരെ ഇടതുമുന്നണിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത പ്രേമചന്ദ്രന് എംപിയാകുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ മലക്കം മറിഞ്ഞയാളാണെന്നും കുറ്റപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്.പി സ്വീകരിച്ച രാഷ്ട്രീയ വഞ്ചനയിലും അവസരവാദ നിലപാടുകളിലും പ്രതിഷേധിച്ച് എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനും വി.പി. രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തി ഉള്‍പ്പെടെയുള്ളവും പ്രവര്‍ത്തകരും ആര്.എസ്.പി വിട്ട് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ഓര്‍മിപ്പിച്ചു.
ഷിബുബേബിജോണിന്റെയും പ്രേമചന്ദ്രന്റെയും എ.എ.അസീസിന്റെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുക എന്നല്ലാതെ തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള നിലപാടല്ല ആര്എസ്പിക്കെന്നും കുറ്റപ്പെടുത്തി. പേയ്മെന്റ് സീറ്റെന്ന് പറഞ്ഞ് ഇടതുമുന്നണിയെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വഞ്ചിച്ച് യു.ഡി.എഫില്‍ ചേക്കേറിയതിന് എന്ത് പേമെന്റാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.
















