കൊല്ലം: ലഹരിക്കാരെ പിടികൂടാന്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ തയാറെടുക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം എത്തിച്ചേരാന്‍ സിറ്റിയിലെ മിക്ക ലോക്കല്‍ സ്റ്റേഷനുകളും തയാറാകുന്നില്ല.
സിറ്റിക്ക് കീഴിലുള്ള ഈസ്റ്റ്, വെസ്റ്റ്, കരുനാഗപ്പള്ളി എന്നിവിടങ്ങള്‍ ഒഴിച്ചാല്‍ ബാക്കി സ്റ്റേഷനുകളിലെല്ലാം തന്നെ ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ പോലീസ് തയാറാകുന്നില്ലയെന്നത് ശ്രദ്ധേയമാണ്.
പെറ്റിപിടുത്തവും വാറന്റും അടിപിടിയുമൊക്കെയാണ് തങ്ങളുടെ ജോലിയെന്നാണ് ഇവരുടെ വിചാരം. കരുനാഗപ്പള്ളിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടീം നടത്തിയ പ്രത്യേക അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത് കരുനാഗപ്പള്ളി ലോക്കല്‍ പോലീസായിരുന്നു. പിടികൂടിയ പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധത്തെക്കുറിച്ച് അതിലൂടെ അറിയാനും ജില്ലയിലെ കഞ്ചാവ് ഉപയോഗത്തിന്റെ തീവ്രത മനസിലാക്കാനും പോലീസിന് സാധിച്ചു.
എന്നാല്‍ അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കൊട്ടിയം, പാരിപ്പള്ളി,പരവൂര്‍ അടക്കമുള്ള സ്റ്റേഷന്റെ മൂക്കിന് തുമ്പില്‍ കഞ്ചാവ് വില്‍പ്പനയും വിതരണവും വ്യാപകമായി നടക്കുകയാണ്. പലതവണ നാട്ടുകാര്‍ പോലീസിന് രഹസ്യവിവരം നല്‍കിയിട്ടും അറസ്റ്റുണ്ടാകുന്നില്ല.
കഴിഞ്ഞ ദിവസം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പനയം സ്വദേശി ഹരിലാലിനെ അറസ്റ്റ് ചെയ്തതിലൂടെ എക്‌സൈസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഹരിലാലില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത്.
ഇതില്‍ എട്ടാം ക്ലാസുകാരനും ഉണ്ടെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഇയാളിലൂടെ അഞ്ചാലുംമൂട് പ്രദേശത്ത് വ്യാപകമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെട്ടുവെന്നാണ് അറിയുന്നത്. പ്രദേശത്ത് വ്യാപക അന്വേഷണവും റെയിഡും തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.
അതേസമയം അഞ്ചാലുംമൂട് സ്റ്റേഷന്‍ പരിധിയിലെ കുരീപ്പുഴ, കടവൂര്‍, പനയം, തൃക്കരുവ, അഞ്ചാലുംമൂട് ടൗണ്‍ എന്നീവടങ്ങളില്‍ വന്‍കഞ്ചാവ് വില്‍പ്പനയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ കഞ്ചാവ് മാഫിയയെ പറ്റി അറിയാമെന്നുള്ളതാണ് ഇവരെ പിടികൂടാന്‍ തടസമെന്ന് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ആരോപിക്കുന്നു.
















