കൊട്ടാരക്കര: നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടി കയറുന്നതിനിടയില്‍ വീണ് വിദ്യാര്‍ത്ഥിയുടെ കാലറ്റു. കൊട്ടാരക്കര കിഴക്കേത്തെരുവ് പട്ടമല കെ.കെ ഹൗസില്‍ അഡ്വ. സാജന്‍കോശിയുടെ മകന്‍ സനൂപി(16) ന്റെ വലതുകാലാണ് ട്രെയിനിനടിയില്‍പ്പെട്ടത്.
കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ 8.50 ഓടെയായിരുന്നു സംഭവം. കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു സനൂപ്. രാവിലെ കൊല്ലത്തേയ്‌ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ട്രെയിനില്‍ ഓടിക്കയറുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമിനു താഴെ കാല്‍വീണ് ചതഞ്ഞ് ഒടിയുകയായിരുന്നു. സനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















