കല്‍പ്പറ്റ : റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. ചൂരല്‍മല-അട്ടമല റോഡാണ് അധികൃതരുടെ അനാസ്ഥമൂലം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. റോഡിന്റെ ഈ അവസ്ഥമൂലം അടിയന്തിര ആവശ്യങ്ങള്ക്കുപ്പോലും വാഹനങ്ങള്‍ ഓട്ടം വരാന്‍ മടിക്കുകയാണെന്നും നാട്ടുകാര്‍ ദുരിതത്തിലാണെന്നും അട്ടമല ബസ് പാസഞ്ചേഴ്സ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് പേരാണ് നിത്യവും ദുരിതയാത്ര അനുഭവിക്കുന്നത്. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്തിയിട്ട്. രണ്ടരകിലോമീറ്റര്‍ റോഡില്‍ പലയിടത്തും ഒരടിയോളം താഴ്ച്ചയുള്ള ഗര്‍ത്തങ്ങളാണ്. തോട്ടംതൊഴിലാളികള്‍ ഭൂരിപക്ഷമുള്ള ഇവിടെ കെ.എസ്.ആര്.ടി.സിയെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥകാരണം കെ.എസ്.ആ ര്‍.ടി.സിയും സര്‍വ്വീസ് നിര്‍ത്താന്‍ പോകുകയാണെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ഈറോഡിന്റെ അറ്റുകുറ്റപണിക്കായി എം.എല്‍.എ. ഫണ്ടെന്ന പേരില്‍ 25ലക്ഷം രൂപ വകയിരുത്തിയെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു.
തദ്ദേശ പഞ്ചായത്ത്തെരഞ്ഞെടുപ്പ് സമയത്ത് ഭരണകക്ഷികള്‍ ഇത്പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ഫണ്ടിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു ഫണ്ടിനെകുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചത്. ചൂരല്‍മല-അട്ടമല റോഡ് ഉടന്നന്നാക്കാന് നടപടിസ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെസംഘടിപ്പിച്ച് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ അലിഖാന്, മെമ്പര്‍മാരായ പി. ബി. സുരേഷ്, കെ.ജയേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: