ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ സര്‍വ്വീസ് നടത്തുന്ന രണ്ടു ജന്റം ബസ്സുകളുടെ താക്കോലുകള്‍ മോഷണം പോയി. ഇതേത്തുടര്‍ന്ന് ഒരു ബസ്സിന്റെ സര്‍വ്വീസ് ദിവസങ്ങളായി മുടങ്ങി. ചെങ്ങന്നൂര്‍ കുത്തിയതോട്, തിരുവന്‍വണ്ടൂര്‍ ആലപ്പുഴ ബസ്സിന്റെയും, വെണ്മണി-മാവേലിക്കര ആലപ്പുഴ ബസ്സിന്റെയും താക്കോലാണ് ശനിയാഴ്ച രാത്രി കളവുപോയതായി സംശയിക്കുന്നത്.
ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നാല് ജന്റം ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. രണ്ട് റൂട്ട് മാത്രമാണെങ്കിലും വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടാതിരിക്കാന്‍ ഇവ മാറി മാറി റൂട്ടുകളില്‍ പോകാറുണ്ട്. ഇവയുടെ താക്കോല്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങിനോട് ചേര്‍ന്നാണ് ബന്ധിപ്പിക്കുന്നത്.
വാഹനം ഡിപ്പോയില്‍ കയറ്റിയിട്ടശേഷം ഡ്രൈവര്‍മാര്‍ താക്കോല്‍ പുറത്തെടുക്കാറില്ല. കൂടാതെ രാവിലെ മറ്റ് ബസ്സുകള്‍ സര്‍വ്വീസിനായി നീക്കി ഇടേണ്ടിവരുമ്പോള്‍ സൗകര്യത്തിന് വേണ്ടി കൂടിയാണ് താക്കോല്‍ പുറത്ത് കൊണ്ടുപോകാത്തത്. കഴിഞ്ഞ ഞായറാഴ്ച സര്‍വ്വീസ് പോകാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് ഇരു ബസ്സുകളുടെയും താക്കോല്‍ പൊട്ടിച്ചെടുത്ത രീതിയില്‍ കണ്ടത്.
കുത്തിയതോട് ആലപ്പുഴ ബസ്സിന് പകരം താക്കോല്‍ ഉണ്ടായിരുന്നതിനാല്‍ സര്‍വ്വീസ് മുടങ്ങിയില്ല. എന്നാല്‍ വെണ്മണി ആലപ്പുഴ റൂട്ടില്‍ പോകുന്ന ജെഎന്‍ 596 ബസ്സ് സ്‌പെയര്‍ താക്കോല്‍ ഇല്ലാത്തതിനാല്‍ നിശ്ചലമാണ്.
ഇതിനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുവാന്‍ ഡിപ്പോ അധികാരികള്‍ തയ്യാറായില്ല. തൊഴിലാളികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കാമെന്ന് അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല.
















