ചെങ്ങന്നൂര്‍: ആറന്മുള പള്ളിയോട സേവാസംഘത്തിന്റെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ 51 പള്ളിയോട കരകളെ ഉള്‍പ്പെടുത്തിയുള്ള വഞ്ചിപ്പാട്ട് പഠന കളരിക്ക് ഇന്ന് തുടക്കം. ഇന്നു മുതല്‍ നാലുദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ 12.30വരെയാണ് പഠനകളരി. വഞ്ചിപ്പാട്ട് ആശാന്‍മാരായ സോമശേഖരന്‍ നായര്‍ കീഴ്‌വന്‍മഴി, പ്രൊഫ. രാധാകൃഷ്ണന്‍ നായര്‍ ഇടനാട്, രാധാകൃഷ്ണന്‍ കടപ്ര എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര നരസിംഹസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന പടിഞ്ഞാറന്‍ മേഖലയുടെ പഠനകളരി ഇന്ന് രാവിലെ 9.30ന് നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിക്കും. പള്ളിയോടസേവാസംഘം ജോ. സെക്രട്ടറി രാഹുല്‍രാജ്, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ജി.പ്രേംലാല്‍, ബി.ജയകുമാര്‍, ബി.സുദീപ്, ഗീതാകുശന്‍, എസ്.ഡി. വേണുകുമാര്‍, വി.കെ. ചന്ദ്രന്‍, കെ.കെ. പിള്ള, എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ 10ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
















