ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയത് വിവാദമൂകുന്നു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ബീച്ചിലെ വിജയ് പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് നഗരസഭയുടെ നോട്ടീസ് നല്‍കിയതോടെയാണ് ചില ജനപ്രതിനിധികളും ഡിടിപിസിയും നടത്തിയ ഒത്തുകളി പുറംലോകം അറിഞ്ഞത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പാര്‍ക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ സെക്രട്ടറിയാണ് നോട്ടീസ് നല്കിയത്.
നഗരസഭയുടെ അനുമതിയില്ലാതെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ഏഴുദിവസത്തിനുള്ളില്‍ വിശദീകരണം നല്കണമെന്നും നോട്ടീസില്‍ ഉണ്ട്. വിജയ് പാര്‍ക്കില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലായെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ റവന്യു ഇന്‍സ്‌പെക്ടറെ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ചിരുന്നു. പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റെടുക്കണമെങ്കിലും നഗരസഭയില്‍ നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് വാങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാര്‍ക്കുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട ഇന്‍ഷ്വറന്‍സ് അടക്കമുള്ള കാര്യങ്ങളിലും അപാകതകളുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പാര്‍ക്ക് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്കിയത്.
സമയപരിമിതിക്കുള്ളില്‍ മറുപടി ലഭിച്ചില്ലായെങ്കില്‍ പാര്‍ക്ക് അടച്ചുപൂട്ടുകയും നടത്തിപ്പുകാരനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. അതിനിടെ ഇന്നലെ പാര്‍ക്ക് അധികൃതര്‍ ലൈ സന്‍സ് എടുക്കാമെന്നും നടപടി ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ച് നഗരസഭയ്‌ക്ക് കത്ത് നല്‍കി. ഡിടിപിസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ് പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് കഴിഞ്ഞമാസമാണ് ഉദ്ഘാടനം ചെയ്തത്.
നഗരസഭയുടെ ലൈസന്‍സും, മതിയായ സുരക്ഷാക്രമീകരണങ്ങളും ഇല്ലാത്ത അമ്യൂസ്‌മെന്റ് പാര്‍ക്ക് എംപി. ഉദ്ഘാടനം ചെയ്തതും, അതിന് ഡിടിപിസി ഒത്താശ ചെയ്തതും വിവാദമായിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിടിപിസിയുടെ സ്ഥാപനങ്ങള്‍ എല്ലാം തന്നെ സ്വകാര്യമേഖലയ്‌ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ തീറെഴുതുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നു.
















