ആറന്മുള: നാടിനേയും നാട്ടാരേയും ആവേശത്തേരിലേറ്റി ആറന്മുളയില് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ആറന്മുള ഐക്കര ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് കാര്യാലയം ചലച്ചിത്രനടന്‍ ഭരത് സുരേഷ്ഗോപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 9.15 ഓടെ എത്തിയ സുരേഷ് ഗോപിയെ വഞ്ചിപ്പാട്ടുപാടിയാണ് ആറന്മുള നിവാസികള്‍ എതിരേറ്റത്.
ഉദ്ഘാടന ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനവേദിയിലേക്ക് പുഷ്പപാതയിലൂടെ ആനയിച്ചു. ഭദ്രദീപ പ്രകാശനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ കാലിക പ്രസക്തിയെപ്പറ്റിയും ബിജെപിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങള്‍ കണ്ടുതുടങ്ങി, അതിനുനേരെ കണ്ണും കാതും അടയ്ക്കുന്നവര്‍ അതുവഴി അസഹിഷ്ണത സൃഷ്ടിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭയില്‍ ജനകീയ ഭരണം ഉണ്ടാകാന്‍ എന്‍ഡിഎക്ക് ശക്തി പകരണം. പ്രകൃതിക്കുവേണ്ടി സമരം നടത്തി വിജയിച്ച മണ്ണാണ് ആറന്മുളയിലേത്.
കഴിഞ്ഞ അഞ്ച്വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ പുച്ഛിക്കുന്നു. അഴിമതിയും ധാര്ഷട്യവുമാണ് അതിലുണ്ടായിരുന്നത്. ഇതില്‍ ജനങ്ങള്‍ക്ക് പകയുണ്ട്. പുതിയ ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പര്ട്ടിയിലും ഇല്ലാത്തവര്‍ അങ്ങനെ ചിന്തിക്കുന്നു. ജനപക്ഷത്ത് നില്ക്കുന്ന ജനപ്രതിനിധികളെ സൃഷ്ടിക്കാന്‍ ബിജെപിയ്ക്ക് കഴിയും സംശുദ്ധമായ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജന പ്രതിനിധികളാണ് നമുക്ക് വേണ്ടത്.
വിഷയാധിഷ്ടതമായി മനുഷ്യന്റെ തൊലിയുടെ നിറം നോക്കാതെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഇന്നത്തെ രാഷ്ട്രീയക്കളികളില്‍ ഇഷ്ടവും അനിഷ്ടവും തോന്നിയിട്ടുണ്ട്. ഓരോ അഞ്ചു വര്‍ഷവും പ്രതീക്ഷകള്‍ നല്കി ഭരണത്തിനെത്തുന്നവര്‍ എന്തു വികസനമാണ് നടത്തിയതെന്ന് ചിന്തിക്കണം. 25 കൊല്ലം കഴിഞ്ഞുള്ള കേരളത്തിന്റെ പ്രതീക്ഷ കാക്കാന്‍ ഇന്നത്തെ ഭരണത്തിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ 60 കൊല്ലംത്തെ ഭരണം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് നാം കണ്ടു. മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇവിടെയാണ് ബി.ജെ.പി ഉയര്വരേണ്ടതിന്റെ ആവശ്യകതയെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രതീകമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പറഞ്ഞു. അധികാരം കൊണ്ടും പദവികൊണ്ടും ആള്‍ബലംകൊണ്ടും ഒരുനാടിന്റെ സംസ്ക്കാരത്തേയും പൈതൃകത്തേയും വിശ്വാസാചാരങ്ങളേയുമെല്ലാം തടസ്സപ്പെടുത്താന്‍ ഇവിടെ ശ്രമം ഉണ്ടായി. അധികാര ശക്തിയുടെ മുന്നില്‍ ഇവയൊന്നും ഒന്നുമല്ല എന്നാക്കിമാറ്റൂവാര് ചില കാളിയന്മാര് ആറന്മുളയുടെ അന്തരീക്ഷത്തില്‍ പത്തിവിടര്‍ത്തിയാടി. അപ്പോള്‍ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ , അമ്മമാര്‍, കര്‍ഷകര്‍ എല്ലാവരും ഒത്തുചേര്‍ന്ന് കാളിയന്മാരുടെ പത്തി ചവിട്ടിത്താഴ്ചത്തിയ പ്രദേശമാണ് ആറന്മുള. ഇതാണ് കേരളത്തിന്റെ പ്രതീകമാണ് ആറന്മുളയെന്ന് പറഞ്ഞത്. എത്ര പണമുണ്ടായാലും അധികാര ശക്തിയുണ്ടായാലും നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്താല്‍ എതിരാളികള്‍ നിഷ്പ്രഭരാകും എന്ന് തെളിയിച്ചുകൊടുത്ത മണ്ണാണ് ആറന്മുളയെന്നും ആ ജനകീയ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു. എം.ടി രമേശ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന സമിതിയംഗം ടി.ആര്.അജിത് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍, സെക്രട്ടറി പി.ആര്.ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശി, നിയോജകമണ്ഡലം സംയോജകന്‍ കെ.പ്രദീപ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: