പത്തനാപുരം: നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത കാരണം സംഭവിച്ച റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പത്തനാപുരം പോസ്‌റ്റോഫീസ് പുല്ലാംകുന്നം നെടുംപറമ്പ് റോഡിലാണ് വെള്ളക്കെട്ട് മൂലം കാല്‍ നടയാത്ര വരെ ദുരിതപൂര്‍ണ്ണമായിരിക്കുന്നത്.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡില്‍ വെള്ളം കയറിയത്. മുന്‍പ് വെള്ളം ഒഴുകിപോകുന്നതിന് സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ നവീകരണ പദ്ധതികളുടെ ഭാഗമായി റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്‌തോടെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
പാതയിലെ വെള്ളം ഒഴുകിപോകുന്നതിന് വേണ്ടിയായിരുന്നു കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ വശങ്ങള്‍ ഉയര്‍ത്തി നിര്‍മ്മിച്ചതോടെ ജലം പുറത്തേക്ക് ഒഴുകാന്‍ സൗകര്യമില്ലാതെയായി. കെട്ടികിടക്കുന്ന വെള്ളം സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. വെള്ളക്കെട്ട് നിലനില്‍ക്കുന്നതോടെ പാതയിലൂടെയുള്ള ഗതാഗതവും ഏറെ ബുദ്ധിമുട്ടിലാണ്. ഇരുചക്രവാഹനങ്ങള്‍ മിക്കപ്പോഴും അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്.
പ്രദേശത്ത് നൂറോളം കുടുംബങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. വെള്ളക്കെട്ട് കാരണം സമാന്തരവാഹനങ്ങളും പാതയില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് പഞ്ചായത്ത് കരാര്‍ നല്‍കിയത്. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത കാരണം യാത്ര ചെയ്യാന്‍ പോലും കഴിയതെ ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികള്‍.
















