പത്തനംതിട്ട: മന്ത്രി അടൂര്‍പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത് കോന്നി മണ്ഡലത്തിലെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിരാശ പടര്‍ത്തുന്നു.
അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരും നാലുതവണ മത്സരിച്ചവരും ഒഴിഞ്ഞു നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ഉറച്ച നിലപാടാണ് അടൂര്‍പ്രകാശിന് കെണിയായത്. ഈ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിന്റെ പേരുകൂടി സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആറന്മുള മണ്ഡലത്തില്‍ മത്സരിക്കണമെന്ന നിലപാടിലായിരുന്നു പി.മോഹന്‍രാജ്. തുടക്കം മുതല്‍ കോന്നിയില്‍ അടൂര്പ്രകാശ്തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന ധാരണനിലനിന്നിരുന്നതിനാല് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകാശിന് അനൂകൂലമായ മണ്ഡലത്തിലെ ജനവികാരം കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ അയവുവരുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയുടെ അടുത്തവൃത്തങ്ങള്‍. കഴിഞ്ഞ നാലുതവണ കോന്നിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ജനങ്ങള്‍ അഴിമതിയാരോപണങ്ങളെ തള്ളിക്കളയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലെ മന്ത്രി വിരുദ്ധ വിഭാഗം ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് തയ്യാറായിട്ടില്ല. അടൂര്‍പ്രകാശിനെ അനൂകൂലിക്കുന്ന പ്രാദേശിക നേതാക്കള്‍ സുധീരനെതിരേ പ്രതിഷേധിക്കാന്‍ കഴിയാത്തതിന്റെ രോഷത്തിലാണ്. അടൂര്‍ പ്രകാശിന്റെ സാദ്ധ്യതയ്ക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുമെന്ന ഭയമാണ് പരസ്യ പ്രതിഷേധങ്ങളില്‍ നിന്നും അനുകൂലികള്‍ പിന്മാറാന് കാരണം. ഒരുതരത്തിലുമുള്ള പ്രതിഷേധങ്ങള്‍ ഇപ്പോള്‍ വേണ്ടായെന്നാണ് മന്ത്രി തന്റെ വിശ്വസ്തതര്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: