കോട്ടയം: സെന്‍ട്രല്‍ സെര്‍വ്വറും ഇന്റര്‍നെറ്റും ചതിച്ചതോടെ പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ പോസ്‌റ്റോഫീസുകള്‍ നോക്കുകുത്തിയായി. പോസ്‌റ്റോഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്, സേവിംഗ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, അടല്‍ജി പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളിലാണ് പണമടയ്‌ക്കാന്‍ കഴിയാതായിട്ടുള്ളത്. ഏറെ സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ട മാര്‍ച്ച് മാസത്തിന്റെ അവസാന ദിവസങ്ങളില്‍ പണമടയ്‌ക്കാന്‍ കഴിയാതായതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ പരക്കെ പ്രതിഷേധത്തിന് വഴിയൊരുക്കി. ജില്ലയിലെ നാനൂറോളം പോസ്‌റ്റോഫീസുകളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഒഴികെയുള്ള നൂറ്റി ഇരുപതോളം പോസ്‌റ്റോഫീസുകളില്‍ പണം സ്വീകരിക്കാന്‍ അധികൃതര്‍ക്ക് ആവുന്നില്ല. പോസ്‌റ്റോഫീസുകളെ കോര്‍ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കാനുള്ള പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ സെന്‍ട്രല്‍ സെര്‍വ്വറിലെ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമായിട്ടുള്ളത്. അതോടൊപ്പം ഇന്റര്‍നെറ്റും ഇടയ്‌ക്കിടയ്‌ക്ക് പണിമുടക്കുന്നതായാണ് പോസ്‌റ്റോഫീസ് അധികൃതര്‍ പറയുന്നത്. ദേശീയ തലത്തില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഒരുക്കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്.
ഭാരതത്തിലെ വടക്ക് സംസ്ഥാനങ്ങളില്‍ എല്ലാംതന്നെ പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയിരുന്നു. രണ്ട് മാസത്തിന് മുമ്പാണ് കേരളത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതല്‍ സെര്‍വ്വറിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതകള്‍ കണ്ടുതുടങ്ങിയതാണ്. എന്നാല്‍ ഇത് പരിഹരിക്കുന്നതില്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചില തൊഴിലാളി സംഘടനാ നേതാക്കള്‍ അനാസ്ഥ കാട്ടിയതായാണ് പരാതി ഉയരുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രപദ്ധതിയെ അട്ടിമറിക്കാനുള്ള ചിലരുടെ ഗൂഡനീക്കത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്.
മാര്‍ച്ച് മാസത്തിന്റെ അവസാന നാളുകളില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ കോടികളുടെ നഷ്ടമാണ് പോസ്‌റ്റോഫീസുകള്‍ വരുത്തിവച്ചിട്ടുള്ളത്. വൃദ്ധജനങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്ല്യം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അടല്‍ജി പെന്‍ഷന്‍ യോജനയുടെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. വിപുലമായ ക്യാമ്പയിന്‍ നടത്തി പദ്ധതിയിലേക്ക് ആളുകളുടെ ആകര്‍ഷണം നേടിയെങ്കിലും സാങ്കേതിക തകരാര്‍മൂലം പണം എടുക്കാന്‍ പോസ്‌റ്റോഫീസുകള്‍ക്കായില്ല. സീനിയര്‍ സിറ്റീസണ്‍സിനായുള്ള ഡിപ്പോസിറ്റ് പദ്ധതിയുടെ പലിശ ഏപ്രില്‍ മുതല്‍ കുറയും എന്നതിനാല്‍ മാര്‍ച്ച് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പായി പണമടയ്‌ക്കാന്‍ വന്‍തിരക്കാണ് ഉണ്ടായിരുന്നത്. ഇതില്‍ പല ഡിപ്പോസിറ്റുകളും സമീപ ബാങ്കുകളിലേക്ക് വഴിമാറുകയും ചെയ്തു. റിക്കറിംഗ് ഡിപ്പോസിറ്റുകളിലേക്ക് ഏജന്റുന്മാര്‍ ശേഖരിച്ച പണം ഇവരുടെ കയ്യില്‍തന്നെ ഇരിക്കുകയാണ്. മാര്‍ച്ച് 31ന് മുമ്പായി പണം അടച്ചില്ലെങ്കില്‍ ഇതിന് പിഴ അടയ്‌ക്കേണ്ടതായി വരും. ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്റുന്മാരെ ഏല്‍പ്പിച്ച പണത്തിന് ഉപഭോക്താക്കള്‍ പിഴപണം നല്‍കാന്‍ തയ്യാറാവില്ല. ഇത് ഏജന്റുന്മാര്‍ അവരുടെ കയ്യില്‍നിന്ന് അടയ്‌ക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍.
കോര്‍ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായ സെര്‍വറിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റാണ് വില്ലനായിട്ടുള്ളത്. പണമിടപാടുകള്‍ എല്ലാം തന്നെ ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് നടക്കുന്നത്. പക്ഷേ പലയിടത്തും നെറ്റ് കിട്ടാറില്ല. കിട്ടിയാല്‍ തന്നെ ഒരു ഇടപാട് നടത്തണമെങ്കില്‍ നാല്‍പ്പത് മിനിറ്റുവരെ വേണ്ടിവരും. ഇത് ജീവനക്കാരുടെ ജോലി ഭാരം കൂട്ടുകയും അതൊടെപ്പം എല്ലാ ഉപഭോക്താക്കള്‍ക്കും പണം അടയ്‌ക്കാന്‍ കഴിയാതെയും വരും. സെര്‍വറിലെ ബ്രോഡ്ബാന്‍ഡ് വിഡ്ത്ത് കുറഞ്ഞതാണ് പലയിടങ്ങളിലും പ്രതിസന്ധിക്ക് കാരണമായത്. പ്രശ്‌നപരിഹാരം ഉടന്‍തന്നെ ഉണ്ടാവുമെന്നും ഇന്നുമുതല്‍ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ നേരിട്ട് പണം സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് നരസിംഹനായിക് അറിയിച്ചു.
















