പത്തനംതിട്ട: ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിലെ ഇലക്ഷന് വെയര്‍ഹൗസിന്റെ ഭിത്തിയില്‍ വരപ്പിച്ച ചിത്രം വിവാദമാകുന്നു. സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതായാണ് ആക്ഷേപം. കേരളാ പെയിന്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫെഡറേഷനാണ് ചിത്രം വരച്ചിരിക്കുന്നത്. ശാഖകളോട്കൂടിയ വൃക്ഷമാണ് രചനാ വിഷയം എങ്കിലും ഒറ്റനോട്ടത്തില്‍ കൈപ്പത്തി ചിഹ്നമായാണ് തോന്നുന്നത്. വൃക്ഷ ശിഖരങ്ങള്‍ മുറിഞ്ഞ നിലയിലും തള്ളവിരലും ചൂണ്ടുവിരലും നടുവിരലും മോതിര വിരലും വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിലാണ് ചിത്രം വരച്ചിട്ടുള്ളത്. ഇതിന് പുറമേ പശ്ചാത്തലത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഏഴ് കൈപ്പത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ വാസ്തുവിദ്യാഗുരുകുലം നേരത്തെ ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. രണ്ടാംഘട്ടമായാണ് പുറത്ത് കെട്ടിടങ്ങളിലും മറ്റുമായി പുതിയ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കളക്ട്രേറ്റിലെ പ്രധാന ഗേറ്റിലും പുറം ചുവരിലും ഇനിയും ചിത്ര രചന പൂര്‍ത്തിയാവാനുണ്ടെന്നാണ് സൂചന. ഇലക്ഷന് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുവരില്‍തന്നെ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ ചിഹ്നം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചതാണ് ആക്ഷേപത്തിനിടയാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: