കല്‍പ്പറ്റ : വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യസന്ദേശയാത്രക്ക് ജില്ലയില്‍തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളന്‍കൊല്ലിയില്‍ ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ. ആശാദേവി നിര്‍വ്വഹിച്ചു. മഴക്കാലത്തിന് മുന്‍പും ശേഷവും കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സഹായകമാകുമെന്നും ഇതിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച് രോഗപ്രതിരോധ ശൃംഖലരൂപപ്പെടുത്താന് സാധ്യമാകുമെന്നും ഡിഎംഒ വ്യക്തമാക്കി. കുരങ്ങുപനി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഏഴെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞതവണ ഇത് 50നു മുകളിലായിരുന്നു. വിവിധ വകുപ്പുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥ പരിശ്രമമാണ് ഇത്തരത്തില്‍ രോഗം നിയന്ത്രിക്കാന്‍ സഹായകമായതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അലി അദ്ധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ. ഇ.ബിജോയ് മുഖ്യപ്രഭാഷണം നടത്തി.
ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, സ്ക്രബ് ടൈഫസ് തുടങ്ങിയ പകര്‍ച്ച വ്യാധികളും വരള്‍ച്ച അധികരിച്ചു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്നതും ജലജന്യരോഗങ്ങളുമായ വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും കൂടാതെ ജില്ലയില്‍ കണ്ടുവരുന്ന കുരങ്ങുപനി എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പരിപാടി നടത്തുന്നത്. ജില്ലാതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജിത ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സ്ക്രീനിംഗ് ക്യാമ്പുകള്‍, വിവിധ ബോധവല്ക്കരണക്ലാസുകള് എന്നിവ നടക്കും. പകര്‍ച്ചവ്യാധി നിയന്ത്രണസന്ദേശങ്ങള് ഉള്‍ക്കൊള്ളിച്ച് അലങ്കരിച്ചവാഹനം ആരോഗ്യമേഖലയിലെ പൊരുന്നന്നൂര്‍, തരിയോട്, മേപ്പാടി, മീനങ്ങാടി, പുല്‍പ്പള്ളി തുടങ്ങിയ അഞ്ച് ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനുകീഴിലെ 20കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധജില്ലകളി ല്‍പദ്ധതി നടപ്പാക്കി വരികയാണ്. 30ന് മാനന്തവാടിയില്‍ സന്ദേശയാത്ര സമാപിക്കും. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ അവതരിപ്പിച്ച അതിജീവനം എന്ന തെരുവുനാടകം ഉദ്ഘാടനവേദിയില്‍ മികച്ച കയ്യടിനേടി. ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.സന്തോഷ്, പുല്‍പ്പള്ളി സിഎച്ച് സി മെഡിക്കല്ഓഫീസര് ഡോ.ജലീല്‍, മലേറിയ ഓഫീസര്‍ ഇന്‍ചാര്‍ജ് യു.കെ.കൃഷ്ണന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബിനാപ്പള്ളി, ഡെ.മാസ്മീഡിയഓഫീസര് ഹംസഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മാണി, മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ ആരോഗ്യവളണ്ടണ്ിയര്മാര്, അങ്കണവാടി അധ്യാപകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: