നമ്മളെല്ലാവരും ജ്ഞാനസമ്പാദനത്തിനു ശ്രമിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ നിങ്ങളും ഞാനും വളരെ പണിപ്പെട്ട് അതിദീര്‍ഘവും ശ്രമാവഹവുമായ യുക്തിവിചാരമാര്‍ഗ്ഗത്തില്‍ക്കൂടിവേണം അറിവിലേക്കെത്താന്‍. നിര്‍മ്മലനായ യോഗിയാകട്ടെ ഇതെല്ലാം തരണം ചെയ്തിട്ടുള്ളവനാണ്. അയാളുടെ മനസ്സിനു മുമ്പില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം ഒരുപോലെ (വര്‍ത്തമാനം) ആണ്, വായിക്കാന്‍ നിവര്‍ത്തിവെച്ച ഒരു പുസ്തകമാണെന്നു പറയാം.
അയാള്‍ക്കു ജ്ഞാനസമ്പാദനാര്‍ത്ഥം നമ്മെപ്പോലെ ഈ ശ്രമാവഹമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി പോകേണ്ടതില്ല. യോഗി, ആത്മാവില്‍ത്തന്നെ തത്ത്വം ദര്‍ശിക്കുന്നതിനാല്‍ അയാളുടെ വാക്യങ്ങള്‍ പ്രമാണങ്ങളാകുന്നു. ഇങ്ങനെയുള്ളവരാണ് ആഗമങ്ങളുടെ (വേദശാസ്ത്ര ങ്ങളുടെ) ഉപജ്ഞാതാക്കള്‍. അതുകൊണ്ടു വേദശാസ്ത്രങ്ങള്‍ പ്രമാണമാകുന്നു.
അങ്ങനെയുള്ള തത്ത്വദര്‍ശികള്‍ (ആപ്തന്മാര്‍) ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ വാക്യങ്ങളും പ്രമാണംതന്നെ. മറ്റു തത്ത്വചിന്തകന്മാര്‍ ആപ്തവാക്യത്തെപ്പറ്റി ദീര്‍ഘമായി വിചാരം ചെയ്യുകയും ആ വാക്യങ്ങള്‍ക്കു പ്രമാണമെന്തെന്നു ചോദിക്കുകയും ചെയ്യുന്നു. ആപ്തന്മാരുടെ അപരോക്ഷാനുഭവം (സാക്ഷാദ്ദര്‍ശനം)തന്നെയാണു പ്രമാണം:
എന്തെന്നാല്‍, ഒരു പൂര്‍വ്വാനുഭവത്തിനും വിരുദ്ധമാകാത്ത പക്ഷം, ഞാന്‍ കാണുന്നതൊക്കെ പ്രമാണമാണ്, നിങ്ങള്‍ കാണുന്നതും ഒക്കെ പ്രമാണംതന്നെ. ഇന്ദ്രിയങ്ങളെയും അതിക്രമിക്കുന്ന ജ്ഞാനമുണ്ട്, അങ്ങനെയുള്ള ജ്ഞാനം യുക്തിക്കും മനുഷ്യരാശിയുടെ പൂര്‍വ്വാനുഭവത്തിനും വിരോധമാകാത്തപ്പോഴെല്ലാം പ്രമാണമാകുന്നു. വല്ല ഭ്രാന്തനും ഈ മുറിയില്‍ കടന്നുവന്നു തനിക്കു ചുറ്റും ദേവന്മാരെ കാണുന്നുണ്ടെന്നു പറഞ്ഞാല്‍ അതു പ്രമാണമാവില്ല. കാരണം, അത് ഒന്നാമത് യഥാര്‍ത്ഥജ്ഞാനമാകണം. രണ്ടാമത് പൂര്‍വ്വാനുഭവത്തിനു വിരുദ്ധമാകരുത്. മൂന്നാമത്, വക്താവിന്റെ സ്വഭാവശുദ്ധിയെ അപേക്ഷിച്ചതുമാകണം.
-സ്വാമി വിവേകാനന്ദന്‍
















