അവധിക്കാലമെന്നാല്‍ ആഘോഷത്തിമിര്പ്പുകള്ക്കുവേണ്ടിയുള്ളതായിരുന്നു. ക്ലാസ് മുറികളിലെ ചിട്ടകളില്‍ നിന്നകന്ന്, കളിമുറ്റങ്ങളിലും മറ്റ് വിനോദങ്ങളിലും മനസര്പ്പിക്കുന്ന കാലം. കൂട്ടുകൂടി പ്രകൃതിയെ അടുത്തറിഞ്ഞ് വേനലവധി ഒരാഘോഷമാക്കി മാറ്റിയിരുന്നു അന്നൊക്കെ കുട്ടികള്‍. ഇപ്പോള്‍ പക്ഷേ അവധിക്കാലവും പഠിത്തക്കാലവും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല.
അവധിക്കാലത്തും പഠിക്കാന്‍ ഒര്‍മ്മിപ്പിക്കുന്ന മാതാപിതാക്കള്‍. എന്നാല്‍, മണ്ണില്കളിക്കാനും മഴയത്തു കുളിക്കാനും വെയിലത്തു കളിക്കാനും മക്കളെ അയക്കുമായിരുന്ന, വിയര്‍ത്തൊലിച്ചുവരുന്ന മക്കളെ ശകാരിക്കാതെ വളര്‍ത്തുന്ന ചിന്താഗതിക്കാരും ഇവിടെയുണ്ടായിരുന്നു, അല്ല ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും അവരെപ്പോലുള്ളവരുണ്ട്. കുട്ടികള്‍ കളിച്ചുവളരണമെന്നാണ് ചൊല്ല്. കളി മാത്രമായാലും കാര്യമില്ല. അതുകൊണ്ടുതന്നെ കളിയില്‍ അല്പം കാര്യമാകുന്നതാണ് നല്ലത്.
പഠിപ്പാണ് ചിലര്‍ക്ക് എല്ലാറ്റിനും മേലെ ഇന്ന്. അത് ക്ലാസ്മുറികളിലെ പഠിപ്പു മാത്രമാകരുത്. ജീവിതം പഠിക്കാനുള്ള വേളയാകണം അവധിക്കാലം. ഏട്ടില്‍നിന്നു പഠിച്ചത് പ്രയോഗിക്കാനുള്ള അവസരം. നമ്മുടെ പാഠപുസ്തക കമ്മിറ്റിക്കാരും അക്കാദമിക് വിദഗ്ദ്ധരും അവകാശം പറയുന്നത് പാഠ്യപദ്ധതി അങ്ങനെയുള്ള ലക്ഷ്യം വെച്ചാണെന്നാണ്. പക്ഷേ, തത്ത്വം വേറെ പ്രയോഗം വേറെ എന്നാണ് അനുഭവം. ഈ അവധിക്കാലം കുട്ടികള്‍ക്ക് ജീവിതം പഠിക്കാനാകട്ടെ…
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ മന് കി ബാത് പരിപാടിയില്‍ പറഞ്ഞു, അവധിക്കാലം ആഘോഷിക്കണമെന്ന്. അവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം ആധികാരികമായിത്തന്നെ, കുട്ടികളില്‍ ഒരു പുതുചിന്ത നിറയ്ക്കുന്ന വിധത്തില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ആ ചിന്ത കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ളതല്ല. അധ്യാപകരും മാതാപിതാക്കളും കുട്ടികളെപ്പറ്റി കരുതലുള്ള എല്ലാവരും അതേക്കുറിച്ച് ഗാഢമായിത്തന്നെ ചിന്തിക്കണം.
കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ നിന്നുകിട്ടുന്നതുമാത്രമല്ല അറിവെന്ന് പ്രധാനമന്ത്രി മന് കി ബാത്തിലൂടെ ഓര്‍മപ്പെടുത്തുന്നു. യാത്രകളിലൂടെ പലതും പഠിക്കാന്‍ സാധിക്കും. പുതിയ വ്യക്തികള്‍, ഭാഷ, ആഹാര പദാര്‍ത്ഥങ്ങള്‍, ജീവിതരീതി എന്നിവയെല്ലാം നേരിട്ട് അനുഭവിച്ചറിയുന്നതിന് യാത്രയോളം പറ്റിയ മറ്റൊരു മാര്‍ഗമില്ല. വെറുതെ യാത്ര ചെയ്യുന്നതിനെപ്പറ്റിയല്ല പറയുന്നത്. നിരീക്ഷണപാടവത്തോടെയാവണം യാത്ര. അത് പുതിയൊരു അനുഭവവും പുത്തന്‍ പാഠങ്ങളും നല്കുന്നതാവണം.
അവധിക്കാലം വെറുതെ നഷ്ടപ്പെടുത്തിക്കളയുന്നതിന് പകരം പുതിയൊരു അറിവ് നേടിയെടുക്കുന്നതിനുള്ള അവസരമായി കരുതണമെന്നും മോദി നിര്‍ദ്ദേശിക്കുന്നു. ആ അറിവ് കലയിലോ കായിക മേഖലയിലോ ആകാം. നീന്താന്‍ അറിയില്ലെങ്കില്‍ അത് പഠിക്കാം, സൈക്കിള്‍ ചവിട്ടാനറിയില്ലെങ്കില് സൈക്കിള്‍ പഠനം നടത്താന്‍ തീരുമാനിക്കാം. അങ്ങനെ എന്തെന്തെല്ലാം അറിവുകള്‍ നിങ്ങളുടെ വ്യക്തിത്വത്തോട് ചേര്‍ക്കാം, അദ്ദേഹം ചോദിക്കുന്നു. ഇതിനായി ഭാരിച്ച ഫീസും മറ്റും നല്‍കാതെ നമ്മുടെ ജീവിത പരിസരങ്ങളില്‍ നിന്നുതന്നെ സ്വന്തമാക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.
ഒരു കുട്ടിക്ക് തന്റെ വ്യക്തിത്വത്തെ കൂടുതല്‍ തിരിച്ചറിയുന്നതിനുള്ള വേളകളാകണം ഒഴിവുകാലം. ഉള്ളിലെ വാസനകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുന്നതിനുള്ള വഴികള്‍ തേടുകയും വേണം. ഇതിന് പ്രോത്സാഹനം നല്‍കേണ്ടത് രക്ഷിതാക്കളും സുഹൃത്തുക്കളുമൊക്കെയാണ്.
പ്രകൃതിയിലേക്കിങ്ങി, പ്രകൃതിയെയറിഞ്ഞ് വളരുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിട്ടുണ്ട്. വേനല്‍ അവധി കഴിയുമ്പോഴേക്കും മഴക്കാലം വരവാകും. നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്രശ്നങ്ങളിലൊന്ന് ജലക്ഷാമമാകുമ്പോള് ഓരോ തുള്ളി വെള്ളവും പാഴായി പോകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഓരോരുത്തര്‍ക്കുമുണ്ട്.
അതുകൊണ്ടുതന്നെ പഴയ ജലസ്രോതസ്സുകളെ വൃത്തിയാക്കുകയോ പുനര്‍നിര്‍മിക്കുകയും മഴക്കുഴികള്‍ നിര്‍മിക്കുകയും വേണം. അത്തരത്തില്‍ പ്രകൃതിക്കുവേണ്ടിയും ഒരു കരുതല്‍ അവധിക്കാലത്ത് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
പണ്ടൊക്കെ അവധിക്കാലത്തിന്റെ വരവിനായി കാത്തിരിക്കുമായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്ക് അവരുടേതായ ഒരു ചങ്ങാത്തവലയവും ഉണ്ടായിരിക്കും. തങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള കൂട്ടുകെട്ടുമായി അവര്‍ പകലന്തിയോളം കളികളില്‍ മുഴുകും. മണ്ണും മരങ്ങളുമായിരുന്നു അവരുടെ കളിയിടങ്ങള്‍. പരസ്പര സഹവര്‍ത്തിത്വത്തിന്റേയും പങ്കുവയ്ക്കലിന്റേയും ആദ്യപാഠങ്ങള്‍ പഠിക്കുന്ന ജീവിതക്കളരിയായിരുന്നു ഓരോ കളിയിടങ്ങളും. എന്നാലിന്ന് ഓരോ കുട്ടിയും അവന്റെ മാത്രമായ ലോകത്തിലേക്ക് ഒതുങ്ങുന്നു. ഫീസ് കൊടുക്കേണ്ടിവരുന്ന വേലനവധി ക്ലാസുകളില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചുകൊണ്ട് അവര്‍ വേനല്‍ക്കാലം ആഘോഷിക്കും.
പിന്നെ നേരെ അക്കാദമിക് പഠനത്തിലേക്ക്. ഫഌറ്റ് ജീവിതമാണെങ്കില്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങി യഥേഷ്ടം കളിക്കാനുള്ള ഇടങ്ങള്‍ പോലുമുണ്ടാവില്ല. മുറിയ്ക്കുള്ളില്‍ വീഡിയോ ഗെയ്മും കമ്പ്യൂട്ടറും ടെലിവിഷനുമായി നേരംപോക്കും. അഥവാ വീടുകളിലാണെങ്കില്‍ തൊട്ടടുത്തുള്ള അയല്‍പക്കക്കാരെപ്പോലും അറിയാത്ത അവസ്ഥ. കൂട്ടുകാരെ കണ്ടെത്തുന്നതുകൂടി സ്റ്റാറ്റസ് നോക്കി മാത്രം. സ്വന്തം നിലയ്ക്കനുസരിച്ചുള്ളതല്ല മക്കളുടെ കൂട്ടുകാരെങ്കില്‍ ആ കൂട്ടുകെട്ടില്‍ നിന്നും മക്കളെ പിന്തിരിപ്പിക്കും മാതാപിതാക്കള്‍.
നന്മയുടെ പാഠം പകര്‍ന്നുനല്‍കേണ്ടവര്‍ തന്നെ തെറ്റായ മാതൃകയാണ് മക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. കൂട്ടുകെട്ടുകൊണ്ട് മക്കള്‍ വഴിതെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കുയാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്. പണവും പദവിയും നോക്കി ബന്ധങ്ങളെ അളക്കുന്ന ഇന്നത്തെക്കാലത്ത് സൗഹൃദങ്ങള്‍ സദ്ഭാവനകള്‍ വളര്ത്തുന്നുതണോ എന്നാണ് ഉറപ്പുവരുത്തേണ്ടത്. പക്ഷേ, ഒരു സംശയം പലപ്പോഴും ജനിക്കാറുണ്ട്. അവധിക്കാലത്ത് കുട്ടികളെ കളിക്കാന്‍ വിടാന്‍ ഉപദേശിക്കുമ്പോള്‍ കുട്ടികളെ പഠിപ്പിച്ചേ അടങ്ങൂ എന്ന് ശഠിച്ച് വമ്പിച്ച ഫീസു വാങ്ങാന്‍ പദ്ധതയിട്ട് തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങളുടെ കടപൂട്ടിപ്പോകില്ലേ. അതിനൊരു വഴിയുണ്ട്, കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് പഠിക്കാന്‍ രക്ഷിതാക്കളെ അവധിക്കാലത്ത് ക്ലാസുകളിലേക്ക് വിടാം, അതൊരു നല്ല തുടക്കമായിരിക്കും, ഒരുപക്ഷേ.
ധര്‍മ്മവും ആചാരവും പഠിപ്പിക്കണം
കുട്ടികളുടെ അവധിക്കാലം എങ്ങനെയാകണം എന്നചോദ്യത്തിന് വിവിധ മേഖലകളിലുള്ളവര്‍ സംസാരിച്ചു. അതില്‍ ഏറ്റവും ദീര്‍ഘ വീക്ഷണത്തോടെ സമീപിച്ചതില്‍ ഒരാളാണ് കരുംകുളം ജയഭവനില്‍ അജികുമാര്‍.
മകനെ അവധിക്കാലത്ത് ഹിന്ദുധര്‍മ്മം പഠിപ്പിക്കാനുള്ള മോഹവുമായാണ് കാശ്യപവേദാശ്രമത്തില് കഴിഞ്ഞ വര്‍ഷം അവധിക്കാല പഠനത്തിന് നിയോഗിച്ചത്. അത് തന്റെയും മകന്റെയും ജീവിതമാകെ മാറ്റിമറിക്കുന്ന നിലയിലെത്തി. മകനെ പഠിപ്പിക്കാന്‍ എത്തിയ താനും ഇതില്‍ ആകൃഷ്ടനായി പഠനം ആരംഭിക്കുകയായിരുന്നു. സ്വന്തമായി പഠിക്കുന്നതോടൊപ്പം മറ്റുള്ളവരെ പഠിപ്പിച്ച് സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് മൃഗസംരക്ഷണവകുപ്പില്‍ ഉദ്യോഗസ്ഥനായ അജികുമാര്‍ പറയുന്നു.
ഗാന്ധിയന്‍ മാതൃകയില്‍ വിദ്യാഭ്യാസം നടത്തുന്ന നെയ്യാറ്റിന്‍കര ഡോ. ജി.ആര്. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ മകന് അമര്‍നാഥ് കഴിഞ്ഞ അവധിക്കാലത്താണ് ഹിന്ദുധര്‍മ്മം പഠിക്കാന്‍ തുടങ്ങിയത്. അവധിക്കാല പഠനത്തിനുശേഷവും മാസത്തില്‍ രണ്ട് ഞായറാഴ്ചകളിലായി പഠനം തുടര്‍ന്നു. പിതാവായ അജികുമാറും വേദത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വേദം സൗജന്യമായി പഠിപ്പിക്കുന്നു. ഹിന്ദുധര്മ്മങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുകയാണ് പ്രധാനലക്ഷ്യം.
അവര്‍ അനുഭവിച്ച് വളരട്ടെ…..
വിനോദത്തിലൂടെ വിജ്ഞാനത്തിനുള്ള അവസരമായിരിക്കണം അവധി ദിനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത്. കുടുംബസമേതമുള്ള ഉല്ലാസയാത്രകള്‍ പഠിക്കുന്നതിനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം കാഴ്ചകളിലൂടെ പഠനവും സാധ്യമാകുന്നു. ആര്‍ട്ട് ഗ്യാലറികള്‍, മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ദൃശ്യങ്ങളിലൂടെ ഓര്‍മശക്തി മെച്ചപ്പെടും. വായിച്ചുപഠിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മനസ്സില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെ പഠനം സുഗമമാവും. മാതാപിതാക്കള്‍ വേണം ഇതിന് മുന്‍കൈയെടുക്കാന്‍. നമ്മുടെ ഇടയില്‍ത്തന്നെ കടല്‍ കാണാത്ത, ട്രെയിന്‍ കാണാത്ത കുട്ടികളും ഉണ്ട്. അതൊക്കെ കണ്ടറിയാന്‍ അവസരം ഒരുക്കണം.
വെക്കേഷന് ക്യാമ്പുകള്‍ പ്രയോജനപ്പെടുത്താം. ബാലഗോകുലം പോലുള്ള സാംസ്കാരിക സംഘടനകള്‍ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് കളിയിലൂടെ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും. കായിക ശേഷി വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ക്യാമ്പുകളിലൂടെ ആ മേഖലയില്‍ കഴിവുള്ളവര്‍ക്ക് ഗുണം ചെയ്യും. മാത്രമല്ല വ്യായാമത്തിലുടെ അമിതമായ ഊര്‍ജ്ജം ഇല്ലാതാക്കുന്നതിനും സാധിക്കും. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. വിട്ടുവീഴ്ചാമനോഭാവവും പരിമിതമായ സൗകര്യത്തില്‍ എങ്ങനെ ജീവിക്കാം എന്നുമെല്ലാം പഠിക്കാന്‍ സാധിക്കും. പുതിയ സാഹചര്യങ്ങള്‍, പുതിയ സൗഹൃദങ്ങള്‍ ഇതെല്ലാം നേടാന്‍ ക്യാമ്പുകളിലൂടെ കഴിയും. പല കുടുംബങ്ങളെ പരിചയപ്പെടുവാനും അവരോടൊത്ത് ഇടപഴകുവാനും ഉള്ള അവസരവും ലഭിക്കും.
കുട്ടികള്‍ക്ക് അഭിരുചിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി അതിലേക്ക് ശ്രദ്ധയെ തിരിച്ചുവിടാം. അതേസമയം പഠനത്തില്‍ കുറച്ചുപിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് കുറച്ചുസമയം പഠനത്തിനായി വിനിയോഗിക്കാന്‍ സാധിക്കണം. ഗുണനപ്പട്ടികയും അക്ഷരമാലയും എല്ലാം കളിയിലൂടെ തന്നെ പഠിക്കാന്‍ സാധിക്കും. കുട്ടികളുടെ കൂട്ട് തരം പോലെയാവണം. പരസ്പരം മനസ്സിലാക്കുന്നതിനുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ത്തന്നെ ഒരുക്കിക്കൊടുക്കണം. കുട്ടികളില്‍ തന്നെ അന്തര്‍മുഖരും ബഹിര്‍മുഖരും ഉണ്ട്. ഇതില്‍ ആദ്യത്തെ വിഭാഗം ആരോടും അടുപ്പം കാണിക്കാത്ത സ്വഭാവമായിരിക്കും. ഈ വ്യക്തിത്വ സവിശേഷത മാറ്റിയെടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് രക്ഷിതാക്കളാണ്. കുടുംബങ്ങള്‍ ഒന്നിച്ചുചേരുന്നതിനുള്ള അവസരം ഉണ്ടാകണം.
അതേസമയം കുട്ടികളില്‍ സൗഹൃദം വളര്‍ത്തുമ്പോള്‍ മൂല്യം കൈവിടാതെ നോക്കണം. അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം. നമ്മള് പരിഷ്കൃതരാണ്, പക്ഷേ സംസ്കൃതരല്ല. അതാണ് എല്ലാ അബദ്ധങ്ങള്‍ക്കും കാരണം. കുട്ടികളുടെ കൂട്ടുകെട്ട് എത്തരത്തിലുള്ളതാണെന്ന് മനസ്സിലാക്കണം. അനുകരണശീലമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ സ്വയം മാതൃകയാവുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാലത്ത് മാതാപിതാക്കളും തിരക്കുള്ളവരാണ്. ആ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് കുട്ടികളെ സഹായിക്കാം. മറ്റുള്ളവരുമായി കുട്ടികളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.
ഡോ. ജഗദംബിക, സൈക്യാട്രിസ്റ്റ്
കൃഷി ചെയ്യാന്‍ പരിശീലിപ്പിക്കണം
കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നത് പുസ്തകത്തിലൂടെ മാത്രമല്ല. ചുറ്റുപാടുനിന്നും ഒട്ടേറെ പഠിക്കാനുണ്ട്. കുട്ടികള്‍ക്ക് വേനല്‍ക്കാലം ആഹ്ലാദിയ്ക്കാനുള്ളതാണ്. ആ സമയത്തും പുസ്തകങ്ങളള്ക്കിടയില് അവരെ തളച്ചിടരുത്. അവരെ കൃഷിചെയ്യാന്‍ പരിശീലിപ്പിക്കാം.
പച്ചക്കറിയും ചെടികളും നട്ടുവളര്‍ത്തുന്നതിലൂടെ കുട്ടികളില്‍ വലിയ സംസ്കാരമാണ് വളര്‍ത്തിയെടുക്കാനാകുക. മറ്റൊന്ന് പ്രകൃതി സംരക്ഷണമാണ്. ജലവും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ അവസരത്തിലാണ് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടത്. അതിന്് അവധിക്കാലത്ത് വനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കണം. അത് കുടുംബസമേതമാകുകയും വേണം.
കുടുംബങ്ങള്‍ തമ്മിലുള്ള അകലം കൂടിവരുന്ന ഇക്കാലത്ത് ബന്ധുവീടുകളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ രക്ഷിതാക്കള്പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനമായത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്നതാണ്. നീന്തലറിയാതെ കുട്ടികള്‍ ചില ഘട്ടങ്ങളില്‍ മുങ്ങിമരിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സര്‍വസാധാരണമാണ്. നേതൃത്വ പരിശീലനത്തിനുള്ള ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നതും നിര്‍ബന്ധമാക്കണം. കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവ പഠിപ്പിക്കാനും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സുലഭ (അദ്ധ്യാപിക , ജിവിഎച്എസ്എസ്, തട്ടാമല, കൊല്ലം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: