രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ലോക്‌സഭയില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ പ്രസംഗം ആരംഭിച്ചത് ‘പ്രതിപക്ഷം തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്നത് വേദനാജനകം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി പരിഹസിച്ച പ്രധാനമന്ത്രി ‘ചിലയാളുകള്‍ക്ക് വയസ്സാകും. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി വര്‍ധിക്കുകയില്ലെന്നും’ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ച് ക്രിയാത്മക പ്രതിപക്ഷമായി വര്‍ത്തിക്കുന്നതിനുപകരം മോദി സര്‍ക്കാരിനെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും തങ്ങള്‍ക്കാവില്ലെന്ന അസഹിഷ്ണുതയാണിപ്പോള്‍ ഈ പാര്‍ട്ടികളെ നയിക്കുന്നത്. മോദി സര്‍ക്കാരിനുകീഴില്‍ ജനാധിപത്യം തകരുന്നു. ഭരണഘടനാ ലംഘനം നടക്കുന്നു. മതവിവേചനവും ദളിത് പീഡനങ്ങളും അരങ്ങേറുന്നു. ഇതാണിവരുടെ മുഖ്യ ആക്ഷേപങ്ങള്‍.
നാളിതുവരെ രാജ്യം കാണാത്ത തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന മോദിയെ രാഷ്‌ട്രീയമായി നേര്‍ക്കുനേര്‍ നേരിടാന്‍ കൈയില്‍ ആയുധമില്ലാതെ വിഷമിക്കുന്ന കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചരിത്രത്തിലെ ഏറ്റവും തരംതാണ രാഷ്‌ട്രീയമാണിപ്പോള്‍ കളിക്കുന്നത്. പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ ഭരണസാരഥ്യം തറവാട്ട് സ്വത്തുപോലെ കൈപ്പിടിയില്‍ കൊണ്ടുനടന്നവരുടെയും അവര്‍ക്ക് ഓശാന പാടിയ ഇടതുപക്ഷങ്ങളുടേയും ഇപ്പോഴത്തെ നിരാശയും ഇച്ഛാഭംഗവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മനോനില തെറ്റിയ പ്രതിപക്ഷങ്ങളുടെ വികാരപ്രകടനമല്ലാതെ ഏത് കാര്യത്തിലാണ് മോദി സര്‍ക്കാരിനെ അവര്‍ക്ക് കുറ്റപ്പെടുത്താനാവുക? അഴിമതി, വിലക്കയറ്റം, വികസനം, സാമൂഹ്യക്ഷേമം, വിദേശമൂലധനനിക്ഷേപം, പണപ്പെരുപ്പം, ആഭ്യന്തരവളര്‍ച്ച. ഇത്തരം വിഷയങ്ങളിലെ ചര്‍ച്ചകളില്‍ നിന്നെല്ലാം പ്രതിപക്ഷ കക്ഷികള്‍ യഥാര്‍ത്ഥത്തില്‍ ഒളിച്ചോടുകയല്ലെ ചെയ്യുന്നത്.
അഴിമതിയുടെ കാര്യമെടുക്കാം. കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി അഴിമതിക്കെതിരെ പ്രഖ്യാപിത നിലപാട് സ്വീകരിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയാരോപണങ്ങളൊന്നുമുയര്‍ന്നില്ല. വിലക്കയറ്റം ഇന്ന് ഒരു ചര്‍ച്ചയേയല്ല. അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയുടെയെല്ലാം വില ഗണ്യമായി കുറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്റെ കാലവുമായി താരതമ്യം ചെയ്താല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയൊരുദ്ധ്യായമാണ് മോദി എഴുതിച്ചേര്‍ത്തിരിക്കുന്നത്.
സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് പോലുള്ള ജനകീയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് 15 ന് പ്രഖ്യാപിച്ച പദ്ധതി ആഗസ്റ്റ് 28 ന് യാഥാര്‍ത്ഥ്യമായി. ഇരുപത് കോടിയിലേറെ പേരാണ് ഈ ബാങ്ക് അക്കൗണ്ടിലൂടെ സര്‍ക്കാരിന്റെ സേവന-വേതന ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടത്. ഇവരുടെ സമ്പാദ്യം ഇപ്പോള്‍ 40000 കോടി രൂപക്ക് മുകളിലാണ്. ഇതേവരെ സമൂഹത്തിന്റെ ഭാഗമല്ലാതിരുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടന്ന ജനലക്ഷങ്ങളില്‍ ജന്‍ധന്‍ ഉണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല.
പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സുകന്യ സമൃദ്ധിയോജന, പ്രധാനമന്ത്രി സുരക്ഷാ യോജന, അടല്‍ പെന്‍ഷന്‍ പദ്ധതി, ജീവന്‍ ജ്യോതി യോജന തുടങ്ങിയവ പാവപ്പെട്ടവരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്ന ശ്രദ്ധേയ പദ്ധതികളായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവന്നതും പിഎഫ് പെന്‍ഷന്‍ മിനിമം ആയിരം രൂപയാക്കി വര്‍ധിപ്പിച്ചതും താഴ്ന്നവരുമാനക്കാരായ അഭ്യസ്തവിദ്യര്‍ക്കായുള്ള മുദ്രാബാങ്ക് സഹായം, ശ്യാമപ്രസാദ് റൂര്‍ബന്‍ മിഷന്‍, ഡിജിറ്റല്‍ ഇന്ത്യ എന്നിവ രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളും പദ്ധതികളുമാണ്. 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം ഉറപ്പാക്കുന്ന, ‘പ്രധാനമന്ത്രി വികാസ് കൗശല്‍ യോജന’ ഭാരതത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാന്‍ പോന്ന സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണ കേന്ദ്രബജറ്റില്‍ റിക്കാര്‍ഡു തുകയായ 38500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ ഏപ്രില്‍ ഒന്ന് മുതല്‍ ഭാരതത്തില്‍ ഇതാദ്യമായി കേരളത്തിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അവരുടെ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യിച്ച് വോട്ട് തട്ടാനുള്ള ഇടതുവലത് പാര്‍ട്ടികളുടെ എല്ലാ ശ്രമങ്ങളും വൃഥാവിലാവുമെന്നുറപ്പ്.
2016-17 ലെ കേന്ദ്രബജറ്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു തീരുമാനം ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്ന ഗ്യാസ് കണക്ഷനാണ്. ഉജ്ജ്വല്‍ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ മൂന്ന് വര്‍ഷംകൊണ്ട് അഞ്ച് കോടി ഗ്യാസ് കണക്ഷന്‍ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കരിയും പുകയുമേറ്റ് അടുക്കളയില്‍ ജീവിതം എരിച്ചുതീര്‍ക്കുന്ന കോടിക്കണക്കിന് ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ ദുരിതത്തില്‍നിന്നുള്ള മോചനവും ഒപ്പം രോഗവിമുക്തിയുമാകും ഈ പദ്ധതി. 83 ലക്ഷത്തിലധികം പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചിരിക്കുന്നത്. ഇങ്ങനെ സര്‍ക്കാരിന് ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
സ്വച്ഛ ഭാരത് മോദി സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളിലൊന്നാണ്. ഗാന്ധിജിയുടെ കാലംതൊട്ടെ ശുചിത്വ ഭാരതം ചര്‍ച്ചയാണെങ്കിലും മോദിയുടെ സ്വച്ഛഭാരത്‌ലൂടെയാണ് ‘ക്ലീന്‍ ഇന്ത്യ’യെക്കുറിച്ച് ജനങ്ങള്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വകാര്യസ്ഥാപനങ്ങളുംവരെ ഇതേറ്റെടുത്തു കഴിഞ്ഞു. 2019 ഓടെ പന്ത്രണ്ട് കോടി ശൗചാലയങ്ങള്‍ രാജ്യവ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായി ഇല്ലാതാക്കുക, പരമ്പരാഗത തോട്ടിപ്പണി നിര്‍ത്തലാക്കുക, പരിസരശുചിത്വം, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. പിന്നാക്ക, ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ വളരെ ആവേശത്തോടുകൂടിയാണിപ്പോള്‍ ഈ പദ്ധതിയില്‍ അണിചേരുന്നത്.
ഭാരതത്തെ ഉല്‍പ്പാദന കേന്ദ്രമാക്കുക എന്ന ലക്ഷ്യമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കുള്ളത്. ഈ പദ്ധതിയെ പരിഹസിച്ച കോണ്‍ഗ്രസ് എംപിമാരില്‍ പലരുമിപ്പോള്‍ തങ്ങളുടെ മണ്ഡലത്തിലെ അവഗണിക്കപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. സാങ്കേതിക വിദ്യാ കൈമാറ്റമുള്‍പ്പെടെ വന്‍ തൊഴിലവസരങ്ങളാണ് മേക്ക് ഇന്‍ ഇന്ത്യ നല്‍കുന്നത്. സ്മാര്‍ട്ട് ഫോണ്‍, മെട്രോ കോച്ച്, ഹെലികോപ്ടര്‍ നിര്‍മാണം എന്നിങ്ങനെ മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഒരു രണ്ടാം ഹരിത വിപ്ലവമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. അത്രയേറെ ആനുകൂല്യങ്ങളാണ് ബജറ്റില്‍ കാര്‍ഷിക മേഖലക്ക് നീക്കിവെച്ചിരിക്കുന്നത്-35000 കോടി രൂപ. ജലസേചന പദ്ധതികള്‍ക്ക് അനുവദിച്ച 20000 കോടി രൂപ കൂടിയാവുമ്പോള്‍ 55000 കോടി രൂപയിലേറെ വരുമത്. പ്രധാനമന്ത്രി സിഞ്ചായ് യോജനയിലൂടെ ജലമെത്തിച്ച് ഓരോ തുള്ളിയിലും കൂടുതല്‍ വിളവാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് രണ്ടുകോടി പുതിയ പമ്പ് സെറ്റുകള്‍ വിതരണം ചെയ്യാനും ആവശ്യമായ വൈദ്യുതി സൗജന്യനിരക്കില്‍ ലഭ്യമാക്കാന്‍ 76000 കോടി രൂപയും നീക്കിവെച്ചുകഴിഞ്ഞു. ഈ വര്‍ഷം മുതല്‍ കാര്‍ഷിക സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാനും ഫസല്‍ യോജന വഴി മുഴുവന്‍ കര്‍ഷകരേയും വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനും തോട്ട വിളകളായ റബര്‍, കാപ്പി, തേയില എന്നിവയെക്കൂടി ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. വില സ്ഥിരതാ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താം.
കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചതും നാഫഡ് കൊപ്ര സംഭരിക്കാന്‍ തീരുമാനിച്ചതും സ്വഭാവിക റബര്‍ ഇറക്കുമതിക്ക് മാര്‍ച്ച് 31 വരെ നിരോധനം ഏര്‍പ്പെടുത്തിയതും കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ താല്‍ക്കാലിക നടപടികളാണ്. അടിസ്ഥാന വികസനത്തിനായി ബജറ്റില്‍ ഇത്തവണ 2.18 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
റെയില്‍വേയെ പുതിയ സാങ്കേതിക വിദ്യയിലൂടെയും പരിഷ്‌കാരങ്ങള്‍കൊണ്ടും അടിമുടി മാറ്റി മികച്ച സേവനം നല്‍കുന്ന പൊതുമേഖല സ്ഥാപനമായും സ്ത്രീസൗഹൃദവുമാക്കുകയാണ് സര്‍ക്കാര്‍. സ്ത്രീ യാത്രികര്‍ക്കായി പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും ഇന്ന് റെയില്‍വേയില്‍ ലഭ്യമാണ്.
റോഡ് വികസനത്തില്‍ വാജ്‌പേയിക്കുശേഷം പ്രതിദിനം 18 കി.മീ. റോഡ് നിര്‍മിച്ചു ചരിത്രം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാഗര്‍മാല, ഭാരത് മാല റോഡുകള്‍ കിഴക്കും പടിഞ്ഞാറും തീരദേശങ്ങളുമായി അന്യോന്യം ബന്ധിപ്പിച്ചു. ചരക്ക് നീക്കത്തിലും ഗതാഗതരംഗത്തും കാര്‍ഷിക മേഖലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ പോരുന്നതാണ്.
പ്രധാന ദേശീയപാതയോരങ്ങളില്‍ മൂന്ന് വര്‍ഷംകൊണ്ട് 3000 കോടി രൂപ ചെലവില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടി കേരളത്തിനാണ് ഏറ്റവും ഗുണം ചെയ്യുക. പ്രതിവര്‍ഷം ഭാരതത്തില്‍ 4000 ഓളം പേര്‍ക്ക് അപകടമരണം സംഭവിക്കുന്നുവെന്നും അതില്‍ 10 ശതമാനം പേര്‍ കേരളത്തിലാണെന്നുമാണ് കണക്ക്.
ആരോഗ്യ-ഔഷധ മേഖലയിലും വലിയ പരിവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ദരിദ്രവിഭാഗങ്ങള്‍ക്കുള്ള ആരോഗ്യസുരക്ഷാ പദ്ധതിയും വൃക്കരോഗികള്‍ക്ക് ജില്ലകള്‍ തോറും ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രങ്ങളും ജീവന്‍ രക്ഷാമരുന്നുകള്‍ ജന്‍ഔഷധിക്ക് കീഴില്‍ 3000 കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയും ഈ കൂട്ടത്തില്‍പ്പെടുന്നു. ഔഷധവിപണന മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ആവശ്യം വേണ്ട മരുന്നുകളെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പൊതുജനാരോഗ്യത്തിന് ദോഷകരമായ 343 മരുന്ന സംയുക്തങ്ങള്‍ നിരോധിച്ചുകൊണ്ടും ധീരമായ നടപടികളാണ് ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. 74 ഓളം വിദേശ നിര്‍മിത മരുന്നുകളുടെ ഇറക്കുമതി ഇളവ് റദ്ദാക്കിയതിലൂടെ തദ്ദേശീയ മരുന്ന് നിര്‍മാണ കമ്പനികളെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രോത്സാഹിപ്പിച്ച് ഈ മേഖലയിലെ വിദേശമരുന്നു കമ്പനികളുടെ ചൂഷണം തടയുകയാണ് ഉദ്ദേശം. ഔഷധനിര്‍മാണ മേഖലയിലും വിപണന രംഗത്തും ഈവിധമുള്ള സര്‍ക്കാരിന്റെ ബഹുമുഖ ഇടപെടലുകളോടെ ഔഷധവിലയും നയവും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ വിമര്‍ശന ശരങ്ങളുടെയും മുനയൊടിയുമെന്നതില്‍ തര്‍ക്കമില്ല.
അന്ധര്‍ക്കും അംഗപരിമിതര്‍ക്കുമുള്ള ഉദാരമായ സഹായം, മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ സഹായം വര്‍ധിപ്പിച്ചതും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചതും 2022 ആവുമ്പോഴേക്കും എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സുതാര്യമാക്കിയതുമെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിയിലൂടെയെ ക്ഷേമ രാഷ്‌ട്രം സാധ്യമാകൂ എന്ന ലക്ഷ്യത്തോടെയാണ്. ഇതിനെല്ലാം പുറമെ വിദേശ രാഷ്‌ട്രങ്ങള്‍ക്ക് മുമ്പില്‍ ഭാരതത്തിന് തലയുയര്‍ത്തി നില്‍ക്കാനായതും ഭാരത-ബംഗ്ലാദേശ് കരാറും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമായി ഉയര്‍ന്നതും കയറ്റുമതി 33 ശതമാനമായി വര്‍ധിച്ചതും വ്യാപാര കമ്മി 106.8 ബില്യണ്‍ ഡോളറായി കുറഞ്ഞതുമെല്ലാം രാജ്യം മോദി സര്‍ക്കാരിന് കീഴില്‍ ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ.
ലോകബാങ്കും സാമ്പത്തിക വിദഗ്‌ദ്ധരും ഒന്നടങ്കം ഇന്ന് ഭാരതത്തെ വാഴ്‌ത്തുകയാണ്. ആഗോളമാന്ദ്യത്തിലും പിടിച്ചുനില്‍ക്കുന്ന ഒരേയൊരു രാജ്യം ഭാരതം മാത്രം എന്നത് ഓരോ ഭാരതീയനും അഭിമാനിക്കാന്‍ വക നല്‍കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതേവരെ ഒരു പ്രധാനമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര നേട്ടങ്ങളാണ് മോദിക്ക് കീഴില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് മാസക്കാലംകൊണ്ട് രാജ്യം സാധിച്ചെടുത്തിട്ടുള്ളത്.
ആരെല്ലാം തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ബഹളം വെച്ചാലും ഭാരതത്തിലെ ജനകോടികള്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരിക്കുന്നു. അതാണ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നാള്‍ക്കുനാള്‍ ലഭിക്കുന്ന ജനസമ്മതിയും അംഗീകാരവും.
















