കല്‍പ്പറ്റ : വോട്ടെടുപ്പിനെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടോറല്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടപ്പിലാക്കുന്ന ‘ഓര്‍മമരം’ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നു. പദ്ധതിക്ക് വിവിധ സംഘടനകളുടെയും ജനങ്ങളുടെയും വ്യാപക പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ജനങ്ങള്‍ക്കും ഒേരാ മരം എന്ന രീതിയില്‍ എട്ടര ലക്ഷത്തോളം മരത്തൈകള്‍ വിതരണം ചെയ്യാന്‍ ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചനായോഗത്തില്‍ തീരുമാനമായി. വോട്ടെടുപ്പിന്റെ പ്രചാരണം എന്നതിലുപരി വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധസംഘടനകളെയും മറ്റുംപങ്കാളികളാക്കി വയനാടിനെ കൂടുതല്‍ പച്ചപ്പണിയിക്കുന്ന വിപുലമായ രീതിയിലാവും പദ്ധതി പ്രാവര്‍ത്തികമാക്കുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ദിവസം തൈകള്‍ വിതരണംചെയ്യും. പരിപാടിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച്നടത്തും. തുടര്‍ന്ന് ആഗോളതാപനത്തിനെതിരെ മരംകൊണ്ട് മറുപടിയുമായി വനങ്ങളിലും പൊതുസ്ഥലങ്ങളിലും വീട്ടുപറമ്പുകളിലും പച്ചപ്പിന്റെ പുതുനാമ്പുകള്‍ നടും. വയനാടിന്റെ പൊതുസ്ഥലങ്ങളില്‍ പടര്‍ന്നുപന്തലിക്കാനുള്ള ആല്‍മരത്തിന്റെ തൈകള്‍ തൃശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തില്നിന്നാവും കൊണ്ടുവരിക. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് അപൂര്‍വമായ വനസസ്യങ്ങളുടെ തൈകള്‍ ലഭ്യമാക്കും. വനം വകുപ്പ്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ഞാവല്‍, കൂവളം, മുള, ഇലഞ്ഞി, മരുത്, പ്ലാവ്, കാട്ടുമാവ്, നാട്ടുമാവ്, മന്ദരം, ലക്ഷ്മിതരു, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍ ലഭ്യമാക്കും. തൈകള്‍ സംരക്ഷിക്കാനുള്ള ട്രീഗാര്‍ഡുകള്‍ ജില്ലയിലെ എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളുമായി ചേര്‍ന്ന് തയാറാക്കാനാണ് ആലോചന. തൈകള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുള്ള തുടര്‍ സംവിധാനങ്ങളും ഉണ്ടാവും.
യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയുള്ള പി. ധനേഷ് കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, സാമൂഹികവനവത്കരണവിഭാഗം ഡി.സി. എഫ് കെ.വി. ഉത്തമന്, ടൂറിസം ഡി.ഡി സി.എന്‍. അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: