മാന്നാര്‍: അപകടത്തില്‍പ്പെടുന്നവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും അപകടം മൂലമുണ്ടാകുന്ന മാര്‍ഗ്ഗതടസ്സം നീക്കം ചെയ്യുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹൈവേ ആക്‌സിഡന്റ് റിലീഫ് സര്‍വ്വീസ് സ്‌കീം പ്രകാരം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പരുമലയിലെ സ്വകാര്യ ആശുപത്രിക്ക് നല്‍കിയ ക്രെയിന്‍ ആശുപത്രിക്ക് വടക്കുഭാഗത്തുള്ള ഒരു സ്വകാര്യവര്‍ക്ക്‌ഷോപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നു. ആശുപത്രിയുടെ 50 കിലോമീറ്റര്‍ പരിധിയില്‍പ്പെടുന്ന എംസി റോഡ്, സംസ്ഥാനപാത എന്നിവിടങ്ങളിള്‍ അപകടത്തില്‍പ്പെടുന്നവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി എല്ലാ ആധുനികസംവിധാനങ്ങളോടുകൂടിയ ഒരു ആംബുലന്‍സും ക്രെയിനുമാണ് ഈ ആശുപത്രിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സ്വകാര്യാശുപത്രിക്ക് ക്രെയിനും ആംബുലന്‍സും നല്‍കിയത്. ആശുപത്രിക്ക് സമീപമുള്ള സംസ്ഥാനപാതയില്‍ നിരവധി അപകടങ്ങള്‍ നടന്നെങ്കിലും അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉപയോഗിച്ചിട്ടില്ല എന്നത് വിരോധാഭാസമാണ്. ആംബുലന്‍സ് എവിടെയാണെന്നത് പോലും ആര്‍ക്കും അറിയില്ല. സ്വകാര്യാശുപത്രിയുടെ കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കുകയും പരാതി ഉണ്ടാകുമെന്ന് കണ്ട് സ്വകാര്യവര്‍ക്ക്‌ഷോപ്പില്‍ ക്രെയിന്‍ ഉപേക്ഷിച്ചിരിക്കുകയുമാണ്.
















