ചാത്തന്നൂര്‍: അഴിമതിക്കെതിരെ ബിജെപി സമരമുഖം തുറക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് പറഞ്ഞു. ഭൂമിയും ആകാശവും പാതാളവും കൊള്ളയടിച്ച് ഭാരതത്തെ അഴിമതിയിലെത്തിച്ച മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരെ സമരമുഖം തുറന്നാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. കേരളത്തില്‍ കാലകാലങ്ങളായി അഴിമതി നടത്താന്‍ ഭരണത്തിലേറുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെ ശക്തമായ സമരമുഖം തുറന്നാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഗോപിനാഥന്‍ പറഞ്ഞു. ബിജെപി ചാത്തന്നൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുവര്‍ഷം അടിമുടി അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ചവരാണ് വലതുമുന്നണി. അതിന് ചുക്കാന്‍ പിടിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടിയായ ഇടതുമുന്നണി. ഈ രണ്ട് മുന്നണികളെയും തുടച്ചുമാറ്റി കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തിലെത്തുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിനെ ബിജെപി ചടങ്ങില്‍ പരിചയപ്പെടുത്തി. തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ അംഗീകാരമാണ് സ്ഥാനാര്‍ത്ഥിത്വമെന്ന് ഗോപകുമാര്‍ പറഞ്ഞു. ഇടത്-വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം തുറന്ന് കാട്ടിയായിരിക്കും പ്രചരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥ പ്രമുഖ് കെ. വേണു, വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍, സദസ്യന്‍ വി. മുരളീധരന്‍, ബിജെപി ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ സെക്രട്ടറി ശ്രീനാഗേഷ്, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ശ്രീകുമാര്‍, എസ്. പ്രശാന്ത്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് മീനാട് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
















