ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: മലയാളിയുടെ തനത് ഉത്സവാഘോഷങ്ങളിലും ഇതരസംസ്ഥാനക്കാരുടെ കടന്നുവരവ്. പോരുവഴി മലനടയിലെ പടുകൂറ്റന്‍ എടുപ്പുകുതിരകളെ കൊയ്‌ത്തുകഴിഞ്ഞ പാടത്തിലൂടെ ചുമന്ന് ഇക്കുറി മലനടക്കുന്ന് കയറിയതില്‍ ഒരു പങ്ക് അവകാശം അവര്‍ക്കുള്ളതാണ്. ആറ് കരകളില്‍ നിന്നുള്ള കെട്ടുകുതിരകള്‍ പാടവും കടന്ന് കുന്നുകയറുക എന്നത് ഏറ്റവും ആയാസകരമാണ്. നാളിതുവരെ കരപ്രമാണിമാരും നാട്ടിലെ ചെറുപ്പക്കാരും തോളിലേറ്റിയ ഉത്സവക്കാഴ്ചയിലേക്കാണ് തമിഴകസംഘം വിയര്‍പ്പൊഴുക്കി കടന്നുവന്നത്. കഴിഞ്ഞ കുറേനാളായി വന്‍തുക വാങ്ങി ചില സന്നദ്ധ സംഘടനകളാണ് ഈ ദൗത്യം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ നടുവിലേമുറിക്കരക്കാരാണ് കുതിരയെടുക്കാന്‍ ആളെ കിട്ടാത്തതുകൊണ്ട് അതിര്‍ത്തി കടന്നത്. നാഗര്‍കോവില്‍ സ്വദേശികളായ 125ഓളം പേരാണ് കരാര്‍ ഏറ്റെടുത്തത്. ഒന്നര ലക്ഷം രൂപയ്‌ക്കായിരുന്നു കരാര്‍. തമിഴ് മെയ്‌ക്കരുത്തില്‍ എടുപ്പുകുതിര മലനടക്കുന്ന് അനായാസം കയറിയപ്പോള്‍ അത് മലയാളികളേയും ആവേശത്തിലാഴ്‌ത്തി.
















