കേരളം ൈദവത്തിന്റെ സ്വന്തം നാട്-സഞ്ചാരികളുടെ പറുദീസ- ‘മലകളും കവിത തുളുമ്പും മലയാളനാടിന്റെ ഭംഗി’ എന്ന് കവിയെക്കൊണ്ട് പാടിച്ച ഭൂമി- ”ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം-കേരളമെന്നുകേട്ടാലോ തിളയ്‌ക്കണം ചോരനമുക്ക് ഞരമ്പുകളില്‍” എന്ന് കവിയെക്കൊണ്ട് പറയിപ്പിച്ച പുണ്യഭൂമി-ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും മന്നത്ത് പത്മനാഭന്റെയും കെ. കേളപ്പന്റെയും നവോത്ഥാനവിപ്ലവത്തിലൂടെ അയിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും സഞ്ചാരസ്വാതന്ത്ര്യമില്ലായ്‌മയുടെയും കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഭ്രാന്താലയമായിരുന്ന മലയാളക്കരയെ തീര്‍ത്ഥാലയമാക്കിയ പുണ്യാത്മാക്കള്‍ പിറന്ന മണ്ണ്. ആ മണ്ണില്‍ ഇന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ കേരളം തീര്‍ത്ഥാലയത്തില്‍നിന്ന് ഭ്രാന്താലയത്തിലേക്കുള്ള യാത്രയിലാണോ എന്ന് സാധാരണജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീക്കുന്നു.
ഇക്കഴിഞ്ഞ ദിവസം വടകരയിലെ തോടന്നൂരില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ പട്ടാപ്പകല്‍ ഒരുകൂട്ടം ‘സദാചാരപോലീസ്’ എന്നവകാശപ്പെടുന്നവര്‍ പൊതുസ്ഥലത്ത്‌വെച്ച് മര്‍ദ്ദിച്ച സംഭവം ഗൗരവത്തോടെ കാണേണ്ടതാണ്. നിയമം കയ്യിലെടുക്കാനും ഇത്തരം വിഷയങ്ങളില്‍ പോലീസാവാനും സദാചാരവാദികള്‍ തുനിഞ്ഞാല്‍ പിന്നെ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം സദാചാരവാദികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പെരുകുന്നു എന്നുള്ളതും ഗൗരവമായി കാണേണ്ടതാണ്. കേരളം കൈവരിച്ചു എന്നുപറയുന്ന പുരോഗതിക്കും സാംസ്‌കാരിക ഉന്നതിക്കും ഇത്തരം സംഭവങ്ങള്‍ കളങ്കംചാര്‍ത്തുകയാണ്.
ഇക്കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഗുരുവായൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഒരു പെണ്‍കുട്ടി ട്രെയിനില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കുമ്പോള്‍ ഒരക്രമി വെള്ളംചോദിച്ചെത്തി പെണ്‍കുട്ടിയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായിരുന്നു. പെണ്‍കുട്ടി വായപൊത്തിപ്പിടിച്ച് ടോയ്‌ലറ്റില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. പെണ്‍കുട്ടിയെ ബഹളംവെച്ചപ്പോള്‍ ഓടിക്കൂടിയ മനുഷ്യത്വമുള്ള മറ്റ് യാത്രക്കാര്‍ അക്രമിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. തലനാരിഴക്കാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗമ്യ എന്ന പെണ്‍കുട്ടിെയ ഷൊര്‍ണൂരില്‍വെച്ച് ഗോവിന്ദച്ചാമി എന്ന കാട്ടാളന്‍ കടിച്ചുകീറിയപ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അഥവാ ആരും തയ്യാറായില്ല. സൗമ്യ റെയില്‍വേട്രാക്കില്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ പീഡനമേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു. സൗമ്യയുടെ രോദനം ഇന്നും നമ്മുടെ മനസ്സില്‍നിന്നും മാഞ്ഞിട്ടില്ല.
പെണ്‍കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങി തിരിച്ചെത്തുംവരെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് മാറുന്നില്ല. വിദ്യാഭ്യാസം കൂടുന്തോറും മലയാളിയുടെ മനസ്സ് വികലവും ഭീകരവും ആവുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
സമസ്ത മേഖലയിലും ഇൗ ഭ്രാന്തമായ ഇടപെടലുകളും വികലമായ പെരുമാറ്റവും ദൃശ്യമാകുന്നുണ്ട്. ദല്‍ഹിയിലെ ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയതുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെയും കൂട്ടാളികളുടെയും പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ഇതിന്റെ പേരില്‍ രാജ്യത്ത് അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ നടന്നിരുന്നു. രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി അഫ്‌സല്‍ ഗുരു അനുസ്മരണത്തിനെതിരെ നിലപാടെടുത്തിരുന്നു.
ഈ വിഷയത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എഴുതിയ അഭിപ്രായപ്രകടനം ശ്രദ്ധേയമായിരുന്നു. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ദേശസ്‌നേഹത്തിന്റെ അലയൊലിയുയര്‍ത്തി അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം ജനമനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്തുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അദ്ദേഹത്തിനെതിരെ വാളെടുക്കാനും കേരളത്തില്‍ ആളുണ്ടായി എന്നുള്ളത് കേരളം എങ്ങോട്ടുപോകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. മോഹന്‍ലാലിന് രാഷ്‌ട്രീയമില്ല. നിരവധി ദേശാഭിമാനപ്രചോദിതമായ സിനിമകളിലൂടെ രാജ്യസ്‌നേഹത്തിന്റെ തേന്‍മഴ ജനകോടികളില്‍ പെയ്യിച്ച അതുല്യനടനാണ് അദ്ദേഹം. അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ കോടികള്‍ കാതോര്‍ക്കുന്നുണ്ട്. സന്ദര്‍ഭോചിതമായി അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ഏറ്റവുമധികം ഉറഞ്ഞുതുള്ളിയത് എംപിയും ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ അധ്യക്ഷനുമായ എം.ബി. രാജേഷായിരുന്നു. മോഹന്‍ലാലിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനും കരിവാരിതേക്കാനും അദ്ദേഹം ശ്രമം നടത്തി. ഇതിലൂടെ രാജ്യദ്രോഹികളുടെ കയ്യടി വാങ്ങാനാണ് രാജേഷ് ശ്രമിച്ചതെങ്കില്‍ ഇതിനെ ഗൗരവമായി കാണേണ്ടതുണ്ട്.
കേരളത്തിലെ മാധ്യമങ്ങളും ‘ഭ്രാന്തമായ’ നിലപാടുകളാണ് ചര്‍ച്ചക്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കനയ്യകുമാറിന്റെ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തതിന്റെ സാംഗത്യവും ഇത് രാജ്യദ്രോഹനിലപാടല്ല എന്ന് ചര്‍ച്ച ചെയ്യാന്‍ ദിവസങ്ങളോളം ചെലവഴിച്ച മാധ്യമസിന്റിക്കേറ്റുകള്‍ ഇക്കഴിഞ്ഞ ദിവസം ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണസംഘം കനയ്യകുമാര്‍ അടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കേരള മാധ്യമങ്ങള്‍ ദേശദ്രോഹികള്‍ക്കൊപ്പമാണ് പലപ്പോഴും നിലകൊള്ളുന്നത്. ഇത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.
കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്ന മാധ്യമ സിന്റിക്കേറ്റുകള്‍ യഥാര്‍ത്ഥത്തില്‍ നെഗറ്റീവ് ചര്‍ച്ചകളിലൂടെ കേരളത്തെ, ഭാരതത്തിന്റെമുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനെ മാധ്യമപ്രവര്‍ത്തകരില്‍നിന്നുതന്നെ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്. കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ അക്രമങ്ങള്‍ കേരളത്തെ 18-ാം നൂറ്റാണ്ടിലേക്കാണോ കൊണ്ടുപോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അസഹിഷ്ണുതയുടെ ഒരു രാഷ്‌ട്രീയം കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈയാഴ്ച തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് നടന്ന ഒരു സമരത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ സിപിഎം ക്രിമിനലുകള്‍ നടത്തിയ അക്രമം അസഹിഷ്ണുതയുടെ നേര്‍ക്കാഴ്ചയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപ്പാക്കാന്‍പോകുന്ന മാസ്റ്റര്‍പ്ലാനിനെതിരെ ബിജെപി നേതൃത്വത്തില്‍ സമാധാനപരമായ സമരമാണ് നടന്നത്.
ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആസൂത്രിതമായ അക്രമമാണ് നടന്നത്. പ്രധാനപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ് സംഘപ്രചാരകന്‍ അമല്‍കൃഷ്ണ മരണത്തോട് മല്ലടിക്കുകയാണ്. സംഭവം അന്വേഷിക്കാനെത്തിയ ബിജെപി മുന്‍ പ്രസിഡന്റ് വി. മുരളീധരനുനേരെയും ആക്രമണമുണ്ടായി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നത്. പോലീസ് നോക്കുകുത്തിയായിനിന്നു. അക്രമികള്‍ നിര്‍ഭയരായി സെല്‍ഫിയെടുത്ത് തിരിച്ചുപോകുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നു.
ഒരുസമരംപോലും നേരിടാന്‍ കഴിയാത്തരീതിയില്‍ സിപിഎമ്മില്‍ അസഹിഷ്ണുത വളര്‍ന്നിരിക്കുന്നു. വേരുകള്‍ നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പിടിച്ചുനില്‍ക്കാന്‍ അവസാനത്തെ ആയുധവും പ്രയോഗിക്കുകയാണ് സിപിഎം.
കണ്ണൂരില്‍ രണ്ടാഴ്ച മുമ്പ് സജിത് എന്ന സംഘപ്രവര്‍ത്തകനെ വീട്ടില്‍ കയറി അച്ഛനമ്മമാരുടെ മുന്നില്‍വെച്ച് വെട്ടിനുറുക്കിക്കൊന്നു. അത് കഴിഞ്ഞ് ഓട്ടോഡ്രൈവറായ ബിജുവെന്ന ബിഎംഎസ് പ്രവര്‍ത്തകനെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുമ്പോള്‍ പിടിച്ചിറക്കി കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി. കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കേരളത്തില്‍ രാഷ്‌ട്രീയ അസഹിഷ്ണുത കൊടികുത്തിവാഴുന്നു. ഭരണകൂടവും പോലീസും നിഷ്‌ക്രിയമാവുന്നു. അഥവാ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിലൂടെ നിഷ്‌ക്രിയമാക്കുന്നു.
ജനാധിപത്യപരമായ രീതിയില്‍ സ്വതന്ത്രമായി, നിര്‍ഭയരായി തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ സിപിഎമ്മിനെ തിരസ്‌കരിക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനെ വേട്ടയാടുന്നു. അതുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ജനാധിപത്യം അട്ടിമറിച്ച് അക്രമരാഷ്‌ട്രീയത്തിലൂടെ കേരളത്തെയും കേരളജനതയെയും തങ്ങളുടെ വരുതിയിലാക്കാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതവസാനത്തെ കളിയാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് കീരിയും പാമ്പുംപോലെ നിന്നിരുന്ന അച്യുതാനന്ദനും പിണറായിയും ഒക്കെ ഒരുമിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിക്കുന്നത്.
ഒരുഭാഗത്ത് സിപിഎം അക്രമരാഷ്‌ട്രീയത്തിന്റെ വിത്തുപാകുമ്പോള്‍ വര്‍ഗീയരാഷ്‌ട്രീയത്തിന്റെയും രാജ്യദ്രോഹത്തിന്റെയും വിത്തുപാകാനാണ് കോണ്‍ഗ്രസും ലീഗും പരിശ്രമിക്കുന്നത്. ഇൗയാഴ്ച നടന്ന പ്ലസ് ടു പൊളിറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ കുട്ടികളില്‍ രാഷ്‌ട്രീയ വിദ്വേഷം ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. ”ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയില്‍ പര്യടനം നടത്തിയത് ഭാരതത്തിന്റെ സ്വതന്ത്ര വിദേശനയത്തിന് എതിരാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക” എന്ന ചോദ്യവും ”കശ്മീര്‍വിഷയം ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കവിഷയം മാത്രമല്ല ഈ വിഷയത്തിന് ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ തലങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യുക” എന്ന ചോദ്യവും ചോദ്യകര്‍ത്താവ് കുട്ടികളില്‍ ആശയക്കുഴപ്പവും രാഷ്‌ട്രീയ വിദേ്വഷവും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ചോദ്യമാണ് എന്ന് വ്യക്തമാണ്. നരേന്ദ്ര മോദിയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇവ രണ്ടും. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി ചോദ്യക്കടലാസില്‍ ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ചതും ലീഗിന്റെ വിദ്യാഭ്യാസവകുപ്പില്‍ നടത്തിയ വര്‍ഗീയവല്‍ക്കരണവും കൂട്ടിവായിക്കുമ്പോള്‍ ഇതിലെ ഗൂഢാലോചന വ്യക്തമാണ്.
കേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ്. പ്രകൃതിരമണീയമായ സുന്ദരകേരളം അരനൂറ്റാണ്ടിലേറെക്കാലം ഭരിച്ച ഇടതു-വലതുമുന്നണികള്‍ കേരളത്തിന്റെ കാവും കുളങ്ങളും നദികളും കുന്നും മലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും കാടുകളും നശിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതിന്റെ ദുരന്തഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നത്. 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. 5 മാസത്തോളം തിമിര്‍ത്തുപെയ്യുന്ന മഴ ലഭികക്കുന്ന കേരളത്തില്‍ കുടിക്കാന്‍ വെള്ളമില്ല. നെല്ലറയെന്നവകാശപ്പെടുന്ന പാടശേഖരങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ മാഫിയകള്‍ കേരളത്തിന്റെ മണ്ണും വെള്ളവും മലയും കുന്നും കയ്യടക്കിയിരിക്കുന്നു. ജലവിഭവത്തെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതിയില്ല.
കേരളം വരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയൂം ചെയ്യുമ്പോള്‍ കുപ്പിവെള്ളക്കമ്പനികള്‍ തടിച്ചുകൊഴുക്കുന്നു. കേരളം സാമ്പത്തികമായി തളരുന്നു. എല്ലാറ്റിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഒരു ലോറിപണിമുടക്ക് വന്നാല്‍ കേരളത്തിലെ അടുക്കളയില്‍ പുക ഉയരില്ല. അരിക്ക് ആന്ധ്രാപ്രദേശിനെയും പച്ചക്കറിക്കും കോഴിക്കും കോഴിമുട്ടക്കും പരിപ്പിനും മുളകിനും തമിഴ്‌നാടിന്റെ കാരുണ്യത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യന്ന ഗതികേടിലാണ് കേരളം. ഇതെല്ലാമായിട്ടും ഭരണാധികാരികള്‍ കണ്ണുതുറക്കുന്നില്ല. മാറ്റം അനിവാര്യമാണ്. അനിവാര്യമായ മാറ്റത്തന് അനിഷേധ്യമായ ബദല്‍ ഉണ്ടാവണം. ആ ബദലിന് കേരളം തയ്യാറെടുത്തിരിക്കുന്നു.
കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിച്ചുകൂടാ. ഇരുമുന്നണികളും ഭരിച്ച് ഭ്രാന്താലയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളമണ്ണിനെ തീര്‍ത്ഥാലയമാക്കി നിലനിര്‍ത്തണം. എങ്കിലേ മണ്‍മറഞ്ഞ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ മനസ്സ് സന്തോഷിക്കൂ. ഇനിയുള്ള ദിനങ്ങള്‍ ഇതിനുവേണ്ടിയുള്ളതാവണം. ഇടതു-വലതു മുന്നണികള്‍ സംഹാരതാണ്ഡവമാടിയ മണ്ണില്‍, മാറ്റത്തിന്റെ ശംഖൊലി ഉയര്‍ത്തുവാന്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരട്ടെ. വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
















