നമ്മുടെ കവറുകഥാകാരിയാണല്ലോ ഇപ്പോള്‍ മാധ്യമ അംബാസഡര്‍. അതിന്റെ സുഖദമായ വഴിയിറമ്പില്‍ കാറ്റും കൊണ്ട് വന്മരങ്ങളെ വീഴ്ത്താനുള്ള തന്ത്രവും ആലോചിച്ച് ഇരിക്കുകയാണല്ലോ. ലോകത്തെ സകലമാന പ്രശ്നങ്ങള്‍ക്കും ഉത്തരവാദി സംഘപരിവാര്‍ ആളുകളാണെന്നല്ലോ മേപ്പടി മഹതിയുടെ വിരല്‍ചൂണ്ടല്‍. ഇക്കാര്യത്തെക്കുറിച്ച് ഇന്നോളം ഒരു സംഘപരിവാറുകാരും കവറുകഥാകാരിയോട് ക,മ എന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും കൊമ്പുകുലുക്കി കുത്താന്‍ നടക്കുകയാണ്. എന്നാല്‍ ചിലരുടെ അടുത്ത് ഇതൊന്നും വേവുകയില്ലെന്ന് കഴിഞ്ഞദിവസം കോഴിക്കോട് രാജ്യത്തുനിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് പാണന്മാര് ആവേശഭരിതരായി പാടി നടക്കാത്തതെന്താണ് എന്നറിയില്ല. ഒരുപക്ഷേ, ആ കലാപരിപാടിതന്നെയാവാം കാരണം.
സ്നേഹം, കരുണ, ആര്‍ദ്രത, അനുതാപം, സൗഭ്രാത്രം, സഹിഷ്ണുത തുടങ്ങിയവയൊക്കെ ഒരു പാര്‍ട്ടിയില്‍ ഒന്നിച്ച് ഉരുവം കൊണ്ടാല്‍ എങ്ങനെയിരിക്കും? നമ്മുടെ കോടിയേരി സഖാവിന്റെ പാര്ട്ടിയെപോലിരിക്കും. വേദനിച്ചാല്‍ കൂടി ആ പാര്‍ട്ടിയില്‍ ഉള്ളവര്‍ കൊതുകിനെപ്പോലും വെറുതെ വിടുകയാണ് പതിവ്. അങ്ങനെയുള്ള പാര്‍ട്ടിയെ അവമതിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അതിന് ദൈവം (അയ്യോ, ഈ സാധനം അത്ര പഥ്യമല്ലാത്തതാണ്) നല്ല ശിക്ഷ തന്നെ കൊടുക്കും. കോഴിക്കോട്ടെ നഗരഹൃദയത്തില്‍ സംഭവിച്ചതും അതാണ്. പിണറായി വിജയന് എന്ന ഭാവി മുഖ്യമന്ത്രി അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു. അത് നേരെ ചൊവ്വെ നാട്ടുകാര്‍ കണ്ടുകൊള്ളട്ടെ എന്നു കരുതിയാണ് കവറുകഥാകാരിയുടെ ചാനല്‍ പിള്ളാര് കൊമ്പും കോലുമായി മേപ്പടി സ്ഥലത്തെത്തിയത്. പോട്ടം പിടിത്തം അരങ്ങുതകര്‍ക്കവേ ക്യാമറക്കണ്ണുകള്‍ ആളില്ലാക്കസേരകളിലേക്കു നീണ്ടുചെല്ലുന്നു.
ഇത്രയും മഹത്തായ ഒരു പാര്‍ട്ടിക്കെതിരെ ചാനല്‍ പിള്ളാര് അമ്പെയ്യുന്നത് ഒടയതമ്പുരാന്‍ കണ്ടുനില്ക്കാനാവുമോ? ഉടനെ തന്നെ കുറച്ചു മസില്പിള്ളാരുടെ ശരീരത്തിലേക്ക് ഒടയതമ്പുരാന്‍ പടര്‍ന്നു കയറി. ച്ചാല്‍ പരകായപ്രവേശം. പിന്നെയൊരു ചവിട്ടുനാടകം തന്നെയാണുണ്ടായത്. സ്റ്റേജിലിരുന്ന് നേതാക്കള്‍ അതിന്റെ കാവ്യാത്മകമായ ഇളകിയാട്ടങ്ങള്‍ കണ്ടുരസിച്ചു. കൊതിതീരെ കൊടുത്തു കഴിഞ്ഞതും ഒടയമ്പ്രാന്‍ ശരീരം വിട്ടു. അതാ ബോധമറ്റ് വീണുകിടക്കുന്നു ചുണക്കുട്ടന്മാരായ പാര്ട്ടിപിള്ളാര്. കവറുകഥാകാരിയുടെ അരുമയായവര്‍ ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ഓടിപ്പിടഞ്ഞ് കടപ്പുറത്തെ ആശുപത്രിയില്‍ പോയി വിശ്രമിച്ചു. ഇത്രയേ ഉണ്ടായുള്ളൂ. പാര്ട്ടിപിള്ളാര്ക്ക് ഒരുപിടിയും കിട്ടിയില്ല. മണിച്ചിത്രത്താഴിലെ ഗംഗയുടെ അവസ്ഥ.
ആയതിനാല്‍ ഏഷ്യാനെറ്റിന്റെ നടത്തിപ്പുകാര്‍ ഒരുകാര്യം മനസ്സിലാക്കണം. സംഘപരിവാറുകാരെയും അതുമായി ബന്ധപ്പെട്ടവരുടെയും നേരെ കലിതുള്ളി നടന്നോളൂ. അവര്‍ ഒന്നും ചെയ്യില്ല. കാരണം മാനം മര്യാദയും മനുഷ്യത്വവുമുള്ളവരാണവര്. എന്നാല്‍ നമ്മുടെ കോടിയേരിപ്പാര്ട്ടിക്കാരോട് കളിക്കുമ്പോള്‍ ഇത്തിരി കോമണ്‍സെന്‍സൊക്കെ വേണം. അവരെ എതിര്‍ത്താല്‍ അവരായിട്ട് ഒന്നും ചെയ്യില്ല. അവര്‍ക്കായി ദൈവം ആ പണി ഏറ്റെടുത്തിരിക്കും. ആംഗലേയത്തില്‍ ക്വട്ടേഷന്‍ എന്നുപറയും. ഇവിടെ ചെറിയൊരു കാവ്യനീതി ഒളിഞ്ഞുകിടപ്പുണ്ടെന്ന് മ്മടെ കണാരേട്ടന് രഹസ്യം പറയുന്നു.
അതായത് സംഘപരിവാറിനെതിരെയുള്ള ക്വട്ടേഷനാണല്ലോ കവറുകഥാകാരിയുടെ ചാനല്‍ ഏറ്റെടുത്തിരിക്കുന്നത്. കോടിയേരിപ്പാര്ട്ടിയുടെ ക്വട്ടേഷന്‍ നേരത്തെ സൂചിപ്പിച്ച ഒടയതമ്പ്രാനും. ഇരു ക്വട്ടേഷനും കൂടി തെരുവില്‍ കണ്ടുമുട്ടിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നതിന്റെ അനുഭവസാക്ഷ്യത്തിന് കോഴിക്കോട്ടെ മുതലക്കുളം വേദിയായി എന്നു ചുരുക്കം. വന്മരങ്ങളെ വീഴ്ത്തി പരിചയമുള്ള കവറുകഥാകാരിക്ക് ഇനി പിടിപ്പത് പണിയായി. കേസും കൂട്ടവുമായി ഓടി നടക്കുമ്പോള്‍ കവറുകഥയില് മറ്റുവല്ലതും ചേര്‍ത്തു പോകില്ലെന്ന് ആരുകണ്ടു. മേജര്‍ രവിയും സംഘവും മേപ്പടികഥാകാരിയെ പേടിച്ച് രായ്ക്കുരാമാനം ഉഗാണ്ടയിലേക്ക് രക്ഷപ്പെട്ടെന്നാണ് സ്വന്തം പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 16ലേക്ക് ദൂരം കുറഞ്ഞുവരുമ്പോള്‍ കവറുകഥാകാരിയും ചാനലും നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി തരപ്പെടുത്തുന്നത് ഉചിതമാവും.
***************
പണ്ട് കല്ല്യാണത്തിനൊക്കെ പോയാല്‍ ഏറിവന്നാല്‍ നാലോ അഞ്ചോ പടം പിടിത്തക്കാരുടെ ശല്യമേ സഹിക്കേണ്ടിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ സ്ഥിതി അതല്ല. കൈഫോണ്‍ കൈയിലുള്ള സകല ലവന്മാരും പടംപിടിത്തക്കാര്‍ തന്നെ. ഇവരെക്കൊണ്ട് സഹിയാതെ കഴിവതും വേഗം കത്തലടക്കി സ്ഥലം വിടുകയാണ് ക്ഷണിതാക്കള്‍. മേപ്പടി പടം പിടിത്തവും അത് സാമൂഹികമാധ്യമങ്ങളില്‍ കയറ്റലും വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. മേപ്പടി മാധ്യമങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കുന്നവര്‍ ഒടുവില്‍ നില്ക്കക്കള്ളിയില്ലാതാവുകയും ചെയ്യും. പലപ്പോഴും പിതൃശൂന്യമായ പരാമര്‍ശങ്ങള്‍ എടുത്തുകൊടുത്ത് പുലിവാലുപിടിക്കും. സ്വാതന്ത്ര്യസമരച്ചൂരിന്റെ പത്രം സമസ്താപരാധം പറഞ്ഞ് താണുതൊഴുതിട്ടും ഭീഷണി തുടരുകയാണല്ലോ.
അഞ്ചെട്ട് മാസം മുമ്പ് ദല്‍ഹിയിലെ മെട്രോ ട്രെയിനില്‍ ഒരു പോലീസുകാരന് മദ്യം കഴിച്ച് വിക്രിയകള്‍ കാട്ടിയെന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. പത്രങ്ങള്‍ അത് പുനപ്രസിദ്ധീകരിച്ച് ആഘോഷിച്ചു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യത്തെയാണ് ഇങ്ങനെ മദ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിളമ്പിയത്. അതിനെ തുടര്‍ന്ന് ദല്‍ഹി പോലീസില്‍ 28 വര്‍ഷമായി സേവനം ചെയ്യുന്ന പി.കെ. സലിമിനെ സസ്പെന്റ് ചെയ്തു. എന്നാല്‍ കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അത് പിന്‍വലിച്ചു. തനിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കെതിരെ അദ്ദേഹമിപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആരോ ചെയ്ത അസംബന്ധത്തെ തുടര്‍ന്നു വാര്‍ത്ത പ്രചരിക്കുകയും സലിമിന്റെ ഭാര്യയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. പിതാവാണെങ്കില്‍ പക്ഷാഘാതം പിടിച്ച് നേരത്തെ കിടപ്പിലുമായിരുന്നു. ആരോഗ്യപ്രശ്നങ്ങളാല്‍ ഇപ്പോള്‍ സലിം അവധിയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. തനിക്കു നേരിട്ട ദുരിതങ്ങള്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സുപ്രീംകോടതിയില്‍ അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പുറമെ വീഡിയോ പ്രചരിപ്പിച്ചയാളെ കണ്ടെത്തി നടപടിയെടുക്കണമെന്നും മാധ്യമങ്ങളിലൂടെ തിരുത്തല്‍ വാര്‍ത്ത വരുത്തി തനിക്കുണ്ടായ അപകീര്‍ത്തി പരിഹരിക്കണമെന്നുമാണ് ആവശ്യം. സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചിട്ടുണ്ട്. കര്‍ക്കശ നടപടിയിലൂടെയേ ഇത്തരം ദുര്നടപ്പുകള് അവസാനിപ്പിക്കാനാവൂ. കൈഫോണ്‍ എന്തിനുമുള്ള സ്വാതന്ത്ര്യമല്ലെന്ന് അറിഞ്ഞുവെച്ചാല്‍ നന്ന്.
***************
കാര്‍ട്ടൂണീയം
കറിവേപ്പിലയുടെ സ്ഥാനത്തേക്ക് ഓരോരുത്തര് എത്തിയാലത്തെ അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരള കൗമുദിയില്‍ സുജിത്തിന്റെ വര കാണുക. ആപത്ഘട്ടത്തില്‍ സഹായിച്ചവനെ എങ്ങനെയാണ് ഒരു പാര്‍ട്ടി ‘രക്ഷിക്കു’ന്നതെന്ന് കണ്ട് ബോധ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: