കൊച്ചി: തൃക്കാക്കര ഗവ. മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഫാന്‍ റെഗുലേറ്റര്‍ വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്നു.താപനിലക്കനുസൃതമായി രാത്രികാലങ്ങളില്‍ ഫാനിന്റെ വേഗത മാറ്റേണ്ടി വരുന്ന അവസ്ഥകളില്‍ മുന്‍കൂട്ടി നമ്മുടെ ആവശ്യാനുസൃതം നിശ്ചയിച്ച താപനില എത്തുമ്പോള്‍ ഫാന്‍ ഓഫാകുന്ന തരത്തിലുള്ള റെഗുലേറ്റര്‍ ആണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തത്.
താപനില താഴുന്നതിനനുസൃതമായി ഫാനിന്റെ വേഗത കുറയുകയും ഒരു പരിധി എത്തുമ്പോള്‍ ഓഫ് ആകുകയും ചെയ്യുന്നു. താപനില നിശ്ചയിക്കുന്നതിനായി എല്‍ഇഡി ഡിസ്പ്ലേ, സ്വിച്ച് എന്നിവ റെഗുലേറ്ററില്‍ തന്നെ ലഭ്യമാണ്. ഓട്ടോ, മാനുവല്‍ രീതിയിലും ഉപയോഗിക്കാം. ഈ സംവിധാനം വഴി ഓരോ ആഴ്ചയും 2.5 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 70 രൂപ വരെ മാസം തോറും വൈദ്യുതി ബില്ലില്‍ നിന്ന് ലാഭിക്കുവാനും കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സാധാരണ റെഗുലേറ്ററുകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും അവ ലാഭിക്കുവാന്‍ സാധാരണക്കാരന് സാധിക്കുമത്രെ. ഗവ. മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ കെവിന് ജേക്കബ് ചിറ്റിലപ്പിള്ളി, ആകാശ് രാജു, സഫിന് നസീര്‍, ലക്ഷ്മി ശ്രീകുമാര്‍, വന്ദന മേനോന് എന്നിവരാണ് ഈ പ്രൊജക്ട് വികസിപ്പിച്ചത്.
എച്ച്ഒഡി ബിന്ദു വി, അസി. പ്രൊഫസര്‍ അരുണ്‍ പ്രസാദ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി. അടുത്ത മഴക്കാലത്തിന് മുമ്പായി പ്രമുഖ കമ്പനികളുടെ സഹായത്തോടെയോ അല്ലാതെയോ റെഗുലേറ്റര്‍ വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: