കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ കോയിപ്പാടി കടപ്പുറത്ത് നടക്കുന്ന വ്യാപക മണല്‍ കൊള്ള തടയണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോയിപ്പാടി കടപ്പുറം പെര്‍വാഡ് നാങ്കി മുതല്‍ മൊഗ്രാല്‍ അഴിമുഖം വരെ മണല്‍ മാഫിയകളുടെ വിളയാട്ടം കാരണം രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. രാത്രി 11 മുതല്‍ രാവിലെ 5 മണിവരെയാണ് മണല്‍ കടത്തുന്നത്. മൊഗ്രാല്‍ പാലത്തിന്റെ അടുത്ത് ഓട്ടോറിക്ഷകളിലും ഓമിനി വാനുകളിലും മണലെത്തിച്ച് ലോറികളില്‍ നിറക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ റെയില്‍വേ സ്റ്റേഷന് ഗേറ്റിലൂടെയും വ്യാപകമായി രീതിയില്‍ മണല്‍ കടത്തുന്നുണ്ട്. കുമ്പള റെയില്‍വേ അടിപ്പാലം, ദേവീനഗര്‍ സുനാമി കോളനിക്ക് സമീപമുള്ള റെയില്‍വേ അടിപ്പാലം എന്നിവ വഴിയും നിത്യേന വ്യാപകമായ രീതിയിലാണ് മണല്‍ കടത്തു നടത്തുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇതിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ബിഎംപിഎസ് ജില്ലാ കമ്മറ്റി ആരോപിച്ചു. ചില പോലീസുകാരും റെയില്‍വെ ഗേറ്റ് കീപ്പര്‍മാരും മാഫിയകള്‍ക്ക് ഒത്താശ നല്‍കുകയാണ്. പുതിയതായി ചാര്‍ജെടുത്ത സിഐയുടെയും, എസ്ഐയുടേയും വീടിന് സമീപത്ത് മണല്‍ ലോബികളുടെ ആള്ക്കാര് പോലീസ് അധികാരികള്‍ എവിടെ പോകുന്നുവെന്ന് നിരീക്ഷണം നടത്തിയാണ് മണല്‍കൊള്ള നടത്തുന്നതെന്ന് ബിഎംപിഎസ് പറഞ്ഞു. പോലീസിന്റെ കര്‍ശന നിരീക്ഷണമില്ലായ്മയാണ് മണല്‍ മാഫിയകളുടെ വിളയാട്ടത്തിന് കാരണം. ഈ രീതിയില്‍ മണല്‍ കടത്ത് തുടര്‍ന്നാല്‍ പ്രദേശത്ത് നിന്നും മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പാലായനം ചെയ്യേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഎംപിഎസ് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.പവിത്രന്, ഭാസ്കരന്, രഘു അജാനൂര്‍, ഉണ്ണി പുതിയ വളപ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: