ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് എനിക്ക് ആ ഫോണ്‍ കോള്‍ വന്നത്. ബഹറിനില്‍ ജോലി ചെയ്യുന്ന കോട്ടയം പാമ്പാടി വെള്ളൂര്‍ സ്വദേശി അജിത് കുമാറിന്റെ ഭാര്യ (എന്റെ അച്ഛന്റെ പിതൃസഹോദരിയുടെ മകളാണ് ഇവര്‍) ശ്യാമളയായിരുന്നു വിളിച്ചത്. കരച്ചിലിന്റെ അകമ്പടിയോടെയാണ് കാര്യം പറഞ്ഞു തുടങ്ങിയതുതന്നെ. കരച്ചിലിനിടയില്‍ പറഞ്ഞത് പലതും മനസിലായില്ലെങ്കിലും അജിച്ചേട്ടന് എന്തോ കാര്യമായ പ്രശ്നം ബഹറിനില്‍ ഉണ്ടായിട്ടുണ്ടെന്ന് മനസിലായി. കരച്ചില് ഒന്നടങ്ങിയപ്പോള്‍ സാവധാനം അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി…അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതിങ്ങനെ:
കമ്മീസിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്കല്‍ സൂപ്പര്‍ വൈസര്‍ ആയി വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അജിത് ജോലിയില്‍ തുടരാന്‍ താല്പര്യമില്ലെന്നും നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും കാണിച്ച് 2015 നവംബറില്‍ തൊഴിലുടമയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 21വരെ തുടരാനായിരുന്നു കമ്പനിയുടെ മാനേജരായ മലയാളിയുടെ നിര്‍ദ്ദേശം. ജനുവരി ഏഴിന് വിസാകാലാവധി അവസാനിക്കുകയാണെന്നും അതിനാല്‍ അതിനുമുമ്പേ നാട്ടില്‍ പോകണമെന്നും അധികൃതരോട് അജിത് പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് വിസ കാലാവധി അവസാനിച്ചെങ്കിലും ജനുവരി 21 പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അജിത്. ഇതിനിടയില്‍ നാട്ടില്‍ മകളുടെ വിവാഹനിശ്ചയ ചടങ്ങ്, അജിത്തിന് എത്താന്‍ കഴിയാത്തതുമൂലം പലതവണ മാറ്റിവെയ്ക്കേണ്ടി വന്നു. (ഈ ഘട്ടത്തിലാണ് അജിത്തിന്റെ ഭാര്യ എന്നെ വിളിച്ചത് )
നേരത്തെ പറഞ്ഞിരുന്ന തീയതിയിലും മടങ്ങിപ്പോകാന്‍ കമ്പനി ഉടമ അനുവദിക്കാത്തതിനെതുടര്‍ന്ന് എന്റെ നിര്‍ദ്ദേശപ്രകാരം അജിത് എന്റെ സുഹൃത്തും ബഹറിന്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ആര്. നായര്‍ എന്നയാളെ കാണുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ബഹറിന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു കോട്ടയം പാമ്പാടി വെള്ളൂര്‍ ചൂണ്ടമല അജിത്കുമാര്‍. അങ്ങനെ ഫെബ്രുവരി 11 ന് അജിത്തിന്റെ പാസ്പോര്‍ട്ട് മടക്കിക്കിട്ടി.
ആശ്വാസത്തോടെ, ഫെബ്രുവരി 20നു നാട്ടിലേക്ക് മടങ്ങാനായി എയര്‍പോര്‍ട്ടില്‍ എത്തിയ അജിത്തിനെ എമിഗ്രേഷനില്‍ തടയുകയും വിസ കാലാവധി കാലാവധി കഴിഞ്ഞതിനാല്‍ തൊഴിലുടമയുടെ അനുമതി പത്രം ലഭിച്ചാലേ രാജ്യം വിടാന്‍ കഴിയൂ എന്നറിയിക്കുകയും ചെയ്തു. ഇതിനായി പലതവണ ബന്ധപ്പെട്ടെങ്കിലും തൊഴിലുടമ അനുമതി നല്കാന് തയ്യാറായില്ല. യഥാര്‍ത്ഥ പ്രതിസന്ധി ഇവിടെ തുടങ്ങുകയായി. ഫെബ്രുവരി അവസാനമായിട്ടും ജനുവരിയിലെ ശമ്പളവും രണ്ടു വര്‍ഷത്തെ ആനുകൂല്യങ്ങളും അജിത്തിനു കമ്പനി നല്‍കിയതുമില്ല. വിസ റദ്ദാക്കാതെ രാജ്യം വിട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാലാണ് അജിത്കുമാര്‍ നബിസാലെ പൊലീസ് സ്റ്റേഷനില്‍ നേരത്തേ പരാതി നല്കിയയത്. അതേത്തുടര്‍ന്നാണ് തൊഴിലുടമയായ അറബി അജിത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുകൊടുത്തത്. കേസ് പിന്‍വലിക്കുമെന്ന ഉറപ്പിലാണ് തൊഴിലുടമ പാസ്പോര്‍ട്ട് എത്തിച്ചതെങ്കിലും അതില്‍ വിസ റദ്ദാക്കിയിട്ടില്ലെന്നു മനസിലായി. ഇതുസംബന്ധിച്ച് അജിത് വീണ്ടും കേസുകൊടുത്തു. തൊഴിലുടമ വിസ റദ്ദാക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നു ബഹറിന്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് അജിത് പാസ്പോര്‍ട്ടുമായി എമിഗ്രേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.
ബഹ്റിനിലെ ഭാരത എംബസി അധികൃതര്‍ മുമ്പാകെ പ്രശ്നം അവതരിപ്പിച്ചെങ്കിലും കാര്യമായ ഒരു നീക്കവുമുണ്ടായില്ല. എംബസിയില്‍ നിന്ന് സ്ഥാപനത്തിലെ മലയാളിയായ മാനേജരുമായി സംസാരിക്കാന്‍ അജിത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ പലവട്ടം, ഇതിന് ഓഫീസിലത്തെിയപ്പോഴും മാനേജര്‍ മോശമായി പെരുമാറിയ അനുഭവമുള്ളതുകൊണ്ട് ഇതിന് അജിത് വീണ്ടും താല്‍പ്പര്യമെടുത്തിരുന്നില്ല. ശമ്പളവും ആനുകുല്യങ്ങളും ഇല്ലെങ്കിലും കുഴപ്പമില്ല, വിസ റദ്ദാക്കി തന്നാല്‍ മതിയെന്നുപോലും പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ലെന്ന് അജിത് പറഞ്ഞു. മകളുടെ വിവാഹ ആവശ്യത്തിനുള്ള പണത്തിനായി നാട്ടിലെ സ്ഥലം വില്‍പ്പനയ്ക്ക് വക്കുകയും അതിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു. അജിത്തിനു സമയത്ത് എത്താന്‍ കഴിയില്ല എന്നറിഞ്ഞതോടെ ആ കച്ചവടം പോലും ഒഴിഞ്ഞിരുന്നു.
ഇനിയെന്തെന്ന ആകുലതകള്‍, അനിശ്ചിതത്വത്തിന്റെ ഇരുള് ഗുഹകള്‍.
ആകെ അമ്പരന്നും അതീവ നിരാശയിലും കഴിഞ്ഞിരിക്കെയാണ് തുരങ്കത്തിന്റെ അവസാനം ഒരു വെളിച്ചം കണ്ടത്. അവിടെ നെയ്ത്തിരിയായത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സുഷമയുടെ ഇടപെടലാണ് അജിത്തിന്റെ മടങ്ങിവരവ് സാധ്യമാക്കിയത്. അതിനു നിമിത്തമായത് ഞാനും.
ഏറെ സംഘര്‍ഷഭരിതമായിരുന്നു ആ നാളുകള്‍. ഏതാനും ആഴ്ചകളായി തുടര്‍ച്ചയായി വിദേശകാര്യമന്ത്രിയുമായി ട്വിറ്ററില്‍ ആശയവിനിമയം നടത്തി. 56 പ്രാവശ്യം. ഒടുവില്‍ സുഷമ സ്വരാജിന്റെ ഉചിതവും നിര്‍ണ്ണായകവും നിശ്ചയബോധവുമുള്ള ഇടപെടലിലൂടെ അജിത്കുമാര്‍ മാര്‍ച്ച് രണ്ടിന് ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തി. അജിത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച് (വിമാന നമ്പര്‍, ബഹറിനില്‍നിന്നും പുറപ്പെടുന്ന സമയം, കൊച്ചിയില്‍ എത്തുന്ന സമയം) സുഷമ സ്വരാജിന്റെ ഉറപ്പ് ട്വിറ്ററിലൂടെ എനിക്ക് മറുപടിയായി ലഭിച്ചതോടെ എംബസിയും വിഷയം സജീവമായി ഏറ്റെടുക്കുകയായിരുന്നു. അജിത്തിനുള്ള ടിക്കറ്റും എംബസി നല്‍കിയതായി മന്ത്രി സുഷമ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
അജിത്തിന്റെ മടങ്ങിവരവ് ത്രിശങ്കുവിലായതോടെ പലതവണ മാറ്റിവെച്ച മകളുടെ വിവാഹനിശ്ചയ ചടങ്ങ് അജിത്തിന്റെ സാന്നിധ്യത്തില്‍ത്തന്നെ മാര്‍ച്ച് 21 ന് നടന്നു. അതിന്റെ സന്തോഷത്തിലാണ് അജിത്തും ശ്യാമളയും രണ്ടു മക്കളും അടങ്ങുന്ന ഈ കുടുംബം.
അജിത്തിനെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി എന്റെ ട്വിറ്റര്‍ ഹാന്‍ഡിലിനു വിശ്രമം ഇല്ലാത്ത രാപകലുകള്‍ ആയിരുന്നു ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള മൂന്നാഴ്ച. ഇതിനിടയില്‍ സുഷമാജിയുമായി ചെറുതായൊന്നു പിണങ്ങേണ്ടിയും വന്നു എനിക്ക്. നിര്‍വ്യാജം ക്ഷമ ചോദിച്ചു ഞാന്‍. അജിത് നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങളും 57 ട്വീറ്റിലൂടെ സുഷമാജിയെ പറഞ്ഞു മനസിലാക്കി. അവിടുന്നങ്ങോട്ട് സുഷമാജി നേരിട്ടായിരുന്നു ഈ കാര്യത്തില്‍ ഇടപെട്ടത്.
ഇദ്ദേഹത്തോട് അതുവരെ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചിരുന്ന ബഹറിനിലെ ഭാരത എംബസി അധികൃതര്‍ 2016 ഫെബ്രുവരി 29-ന് രാവിലെ മുതല്‍ അതിവേഗം ചലിച്ചുതുടങ്ങി. പിന്നെ തൊഴിലുടമയായ അറബിയുമായും എമിഗ്രേഷന്‍ അധികൃതരുമായും ബഹറിന്‍ ഇന്റീരിയര്‍ മിനിസ്ട്രിയുമായും ഭാരത എംബസിയുടെ മധ്യസ്ഥതയില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍. ഒടുവില്‍ മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ഓടെ ആ സന്തോഷവാര്‍ത്ത അദ്ദേഹത്തിന്റെ വീട്ടിലും അവിടെനിന്നും അദ്ദേഹത്തിന്റെ ഭാര്യ ശ്യാമള എന്നെയും വിളിച്ചറിയിച്ചു. അന്ന് രാത്രി നാട്ടിലേക്ക് പുറപ്പെടും എന്ന്…
മാര്‍ച്ച് രണ്ടിനു പുലര്‍ച്ചെ നാട്ടിലെത്തിയ അജിത്ത് അന്ന് ഉച്ചകഴിഞ്ഞുതന്നെ എന്നെ കാണാന്‍ എന്റെ വീട്ടില്‍ വന്നു. നവസാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകള്‍ എങ്ങനെ ഗുണപരമാക്കാമെന്നതിന് ഒരു ഉദാഹരണംകൂടിയായി ഇത്.
ആരാണീ അഭിലാഷ്…
അപഹസിയ്ക്കാനും അസൂയ തീര്‍ക്കാനും ആരോപിയ്ക്കാനുമാണ് സോഷ്യല്‍ മീഡിയകള്‍ എന്നു തെറ്റിദ്ധരിക്കുന്നവര്‍ക്കുള്ള വഴികാട്ടിയായിരുന്നു അജിത്തിന്റെ രക്ഷകരില്‍ ഒരാളായ അഭിലാഷിന്റെ പ്രവൃത്തി. ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമായിരുന്നില്ലേ അതെന്നു സംശയിക്കുന്നവര്‍ക്ക് അഭിലാഷിന്റെ അവസ്ഥയറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ചെയ്തിയുടെ മഹിമ അറിയുന്നത്. രാഷ്ട്രീയ അഭിപ്രായങ്ങളും സാമൂഹ്യ നിലപാടും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ സക്രിയനായ അഭിലാഷ് ജി. നായര്‍ പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ വയ്യാത്ത സ്ഥിതിയിലാണെന്നറിയുമ്പോഴാണ് ഈ പരസഹായത്തിന്റെ വിലയറിയുന്നത്. അഭിലാഷിനെക്കുറിച്ച് ഇങ്ങനെ:
കോട്ടയം പാമ്പാടി വെള്ളൂര്‍ സ്വദേശിയായ അഭിലാഷിന്റെയും കുടുംബത്തിന്റെയും കൊച്ചുകൊച്ചു സന്തോഷങ്ങളും സമാധാനവും തല്ലിക്കെടുത്തിയ ആ വാഹനാപകടം നടന്നിട്ട് അഞ്ചു വര്‍ഷമാകുന്നു. ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി പരിണമിച്ചു എങ്കിലും അഭിലാഷിന്റെ യാതനകള്‍ക്ക് മാത്രം വലിയ മാറ്റമില്ല. 2011 ആഗസ്ത് ആറിന് ഏറ്റുമാനൂര്‍ -പാലാ സംസ്ഥാന ഹൈവേയില്‍ കിടങ്ങൂരില്‍ വെച്ചായിരുന്നു അപകടം. മാധ്യമ പ്രവര്‍ത്തക ദമ്പതികളായ അഭിലാഷും ജോബിതയും സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിനുശേഷം വലതുകാലിന് മാത്രം വേണ്ടിവന്നു ആറു ശസ്ത്രക്രിയകള്‍. വലത് കൈക്ക് ഒന്നും. ആദ്യ ഘട്ടത്തില്‍ 40 ദിവസം നീണ്ട ആശുപത്രിവാസം. പിന്നീട് ഒരു ശസ്ത്രക്രിയക്കായി വീണ്ടും പത്തുനാള്‍ ആശുപത്രിയില്‍. അതുകൊണ്ടൊക്കെ എല്ലാം നേരെയാകും എന്നുകരുതി സമാധാനിച്ചപ്പോഴാണ് അസ്ഥിയിലെ കടുത്ത അണുബാധയുടെ രൂപത്തില്‍ വീണ്ടും വില്ലന്റെ വിളയാട്ടം. വിദഗ്ധ തുടര്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രി തേടി ജില്ലയ്ക്കകത്തും പുറത്തുമായി വയ്യാത്ത കാലുമായി പരക്കംപാച്ചില്‍…ഒടുവില്‍ കണ്ടെത്തി… ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയിലെ ഡോ. ഷിബു ജോണ്‍ വര്‍ക്കിയെ. 2012 ഡിസംബര്‍ 28 നു വീണ്ടും ശസ്ത്രക്രിയ. നമ്മുടെ നാട്ടില്‍ അധികം കണ്ടിട്ടില്ലാത്ത ഇല്ലിസരോവ് എന്ന റഷ്യന്‍ രീതിയാണ് ഇപ്പോള്‍ അഭിലാഷിന്റെ കാലില്‍ പ്രയോഗിച്ചിട്ടുള്ളത്. കാരണം , അണുബാധ ഉണ്ടായ ഭാഗം മുറിച്ചു കളയെണ്ടിവന്നതിനാല് കാലിനു പത്ത് സെന്റീമീറ്റര്‍ നീളം കുറഞ്ഞു. അണുബാധയുടെ വ്യാപനം തടഞ്ഞ് ഘട്ടംഘട്ടമായി കാലിന്റെ നീളം പുനസ്ഥാപിക്കുന്നതിനായാണ് ഈ രീതി അവലംബിച്ചത്.
ഇത് രണ്ടും സാധ്യമാകണം എങ്കില്‍ ഇതേ മാര്‍ഗമുള്ളൂ എന്നായിരുന്നു വിദഗ്ദ്ധമതം. എന്തായാലും , അത് കഴിഞ്ഞു ഇപ്പോള്‍ ഏഴുമാസം പൂര്‍ത്തിയായി. കാലിന്റെ മുട്ട്മുതല് പൃഷ്ടത്തിനു തൊട്ടുതാഴേവരെ ആറു വളയങ്ങളും അവയില്‍നിന്നും കാല് തുളച്ച് ഇട്ടിരിക്കുന്ന 36 സ്റ്റീല്‍ വയറുകളും ഇവയ്ക്ക് ഇളക്കം തട്ടാതെ നിര്‍ത്താന്‍ സ്റ്റീല്‍ റോഡുകളും അടങ്ങുന്ന, കണ്ടാല്‍ത്തന്നെ പേടിതോന്നുന്ന ഒരു സംവിധാനം ആണിത്. പൃഷ്ടഭാഗത്തുപോലും വലിയ വളയങ്ങള്‍ ഉള്ളതിനാല്‍ ഒന്നിരിക്കാന്‍ പോലും കഴിയുന്നില്ല. അഭിലാഷ് എവിടെയെങ്കിലും ഒന്ന് ഇരിക്കാതെ ആയിട്ട് നാലു വര്‍ഷം കഴിഞ്ഞു.( കിടക്കാം, കുറച്ചു നടക്കാം. ഇരിയ്ക്കാന്‍ കഴിയില്ല). കിടക്കാന്‍ പ്രത്യേകം തയാറാക്കിയ ബെഡ് വേണം. അതില്‍ നടുവിന്റെ ഭാഗത്ത് സപ്പോര്‍ട്ട് ഇല്ല. അങ്ങനെവേണം കിടക്കാന്‍. കഷ്ടിച്ച് അഞ്ചോ പത്തോ മിനിറ്റ്…അതുകഴിഞ്ഞാല്‍ നടുവിന് കലശലായ വേദന…
കട്ടിലില്‍ കയറിക്കിടക്കാനും ഇറങ്ങാനും ഒക്കെ പരസഹായം വേണം. (അമ്മയാണ് സഹായം. ഭാര്യ ജോബിതയ്ക്ക് അപകടത്തില്‍ നട്ടെല്ലിനു ഗുരുതര ക്ഷതം സംഭവിച്ചതിനാല്‍ നട്ടെല്ലില്‍ സ്റ്റീല്‍ റോഡ് ഉണ്ട്. അഭിലാഷിനെ സഹായിക്കുന്നതില്‍ ജോബിതയ്ക്ക് പരിമിതിയുണ്ട്.) ഇറങ്ങുന്നതിനുമുമ്പ് കാലില്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള ചെരുപ്പ് ഇടണം. ഭക്ഷണം കഴിക്കുന്നതും നിന്നുകൊണ്ട് തന്നെ. അഭിലാഷിന്റെ വലിയ ആഗ്രഹങ്ങള്‍ അഭിലാഷ് പറയുന്നതു ഇങ്ങനെ ‘എല്ലാവരും ഇരിക്കുന്നതുപോലെ കസേരയില്‍ ഒന്നിരിക്കണം…കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നൊന്ന് ഉറങ്ങണം..രണ്ടുകാലില്‍ സ്വയം നടക്കണം…അത്രേയുള്ളൂ..ഈ ദുരിതം എന്ന് അവസാനിക്കുമെന്ന് അറിയില്ല…എന്തായാലും കാത്തിരിക്കുക തന്നെ…അല്ലാതെ വേറെ വഴിയില്ല….’ അതെ, പ്രത്യാശ കൈവിടാത്ത ആ മനസ്സാന്നിദ്ധ്യം, അതാണ് അഭിലാഷിന് അജിത്തിന്റെ ജീവിതത്തിന് നിറം കൊടുക്കാന്‍ സഹായിച്ചത്. അസാധ്യമെന്നു കരുതിയത് അജിത്തിന് സാധിച്ചുകൊടുത്തു. അതുകൊണ്ടുതന്നെ അഭിലാഷിന് ആഗ്രഹം നിറവേറ്റാനാകുമെന്നുതന്നെ കരുതണം. താന്‍ പാതി, ദൈവം പാതിയെന്നാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: