കൊച്ചി: ഇന്‍ഫോസിസ് സ്ഥാപന മേധാവികളിലൊരാളും മുന്‍ എംഡിയുമായ എസ്.ഡി ഷിബുലാലിന്റെയും കുമാരി ഷിബുലാലിന്റെയും നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് വിദ്യാരക്ഷക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.
ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് വിദ്യാരക്ഷക് സ്കോളര്‍ഷിപ്പിനു തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി വീരമൃത്യു വരിച്ച ജവാന്മാരുടെ 300 കുട്ടികള്‍ക്കു തുടര്‍ വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ നല്‍കിയത്.
കേന്ദ്ര സായുധ പോലീസ് സേനകളായ ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐറ്റിബിപി, എസ്എസ്ബി, ആസ്സാം റൈഫിള്‍സ് എന്നിവയിലെ വീരമൃത്യു വരിച്ച ജവാന്മാരുടെ കുട്ടികളാണ് സ്കോളര്‍ഷിപ്പിനര്‍ഹരായത്. ചടങ്ങില്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി കുമാരി ഷിബുലാലും, മാനേജിങ്ങ് ട്രസ്റ്റിയായ എസ്.ഡി ഷിബുലാലും പങ്കെടുത്തു.
ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വര്‍ഷം തോറും 6000 രൂപയും അഞ്ചു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു 9000 രൂപയും എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു 12000 രൂപയുമാണ് നല്‍കുന്നത്. 1999 മുതല്‍ 3000ഓളം കുട്ടികള്‍ക്കാണ് എസ് ഡി ഫൗണ്ടേഷന് വിദ്യാരക്ഷക് ഉള്‍പ്പെടെയുള്ള സ്കോളര്‍ഷിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: