കോട്ടയം: വടക്കുംനാഥന്റെ ദേവചൈതന്യം കുടികൊള്ളുന്ന തിരുനക്കര തേവരുടെ തിരുമുറ്റത്ത് ഇന്ന് പൂരമഹോത്സവം. നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിനു പൂരപ്രേമികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍ നാടും നഗരവും ആനന്തലഹരിയില്‍ ആറാടും. ഉച്ചയ്‌ക്ക് 3ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്മാര്‍ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന പഞ്ചാരിമേളത്തിന് തുടക്കമാകുന്നതോടെ പൂരത്തിന് സമാരംഭം കുറിക്കും. പൂരത്തിന് മാറ്റുകൂട്ടിക്കൊണ്ട് ഇരുപത്തിരണ്ട് ഗജവീരന്മാര്‍ മൈതാനത്തിന്റെ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളില്‍ അണിനിരക്കും. തൃശൂര്‍പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് സംഘങ്ങളുടെ നേതൃത്വത്തില്‍ വര്‍ണ ഇത് ഒന്നര മണിക്കൂറോളം നീളുന്ന വൈവിധ്യങ്ങളായ കുടമാറ്റവും നടക്കും. പൂരത്തെ പൊടിപൂരമാക്കി വെടിക്കെട്ടോടെ ആകാശപൂരം അരങ്ങേറും. നഗരത്തിനു ചുറ്റുവട്ടത്തുള്ള 11 ക്ഷേത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ചെറുപൂരങ്ങള്‍ തിരുനക്കര ക്ഷേത്ര മൈതാനത്ത് രാവിലെ 11ന് മുമ്പ് പ്രവേശിക്കും.
കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരാണു പകല്‍പ്പൂരത്തില്‍ പങ്കെടുക്കുക. തൃക്കടവൂര്‍ ശിവരാജു, ഗുരുവായൂര്‍ വലിയ കേശവന്‍, പുതുപ്പള്ളി കേശവന്‍, ഗുരുവായൂര്‍ നന്ദന്‍, തിരുമല ഗജേന്ദ്രന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, കുന്നത്തൂര്‍ രാമു, ഗുരുവായൂര്‍ സിദ്ധാര്‍ഥന്‍, തോട്ടുചാലില്‍ ബോലേനാഥ്, ഗുരുവായൂര്‍ കേശവന്‍കുട്ടി, ചൈത്രം അച്ചു, കുളമാക്കില്‍ പാര്‍ഥസാരഥി, വലിയവീട്ടില്‍ ഗണപതി, തടത്താവിള രാജശേഖരന്‍, വേമ്പനാട് അര്‍ജുനന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്, ചിറക്കാട്ട് കണ്ണന്‍, വെണ്‍മണി നീലകണ്ഠന്‍, വേണാട്ടുമറ്റം ഗണേശന്‍, നടയ്‌ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ എന്നീ ആനകളാണു പൂരത്തിനു മിഴിവേകുക. ചെറുപൂരങ്ങള്‍ പുറപ്പെടുന്ന ക്ഷേത്രങ്ങള്‍: കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയതൃക്കോവില്‍ വിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്, കൊപ്രത്ത് ദുര്‍ഗാദേവീ ക്ഷേത്രം, പാറപ്പാടം ദേവീ ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിയില്‍ക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീ ക്ഷേത്രം, എരുത്തിക്കല്‍ ദേവീ ക്ഷേത്രം, മള്ളൂര്‍കുളങ്ങര മഹാദേവ ക്ഷേത്രം. പൂരക്കാഴ്ച സുഗമമാക്കുന്നതിന് മൈതാനത്തേക്കു പ്രവേശിക്കുന്ന എല്ലാ കവാടങ്ങളും തുറന്നിടും. ശിവശക്തി ഓഡിറ്റോറിയം, പടിക്കെട്ട് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രോപദേശക സമിതി, ജില്ലാ ഭരണകൂടം, പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
















