കല്‍പ്പറ്റ : ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കണമെങ്കില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം ആ ശീലം ഉപേക്ഷിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ജീവിതശൈലീരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി പുകയില നിയന്ത്രണ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലയിലെ വകുപ്പു തലവന്മാര്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന ശില്‍പ്പശാലയിലാണ് വീഡിയോ, സ്ലൈഡ് ഷോ, നോട്ടീസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ജീവിതശൈലീരോഗനിയന്ത്രണത്തില് പുകയില ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്.
ആഗോള പ്രശ്നമായിക്കൊണ്ടിരിക്കുന്ന പൊണ്ണത്തടിയുടെ പ്രധാന കാരണം അമിത ഭക്ഷണമാണ്. ഒറ്റ ഇരുപ്പില്‍ പരമാവധി ഭക്ഷണം കഴിക്കുന്ന പ്രവണത ഉപേക്ഷിക്കണം. സ്ത്രീകള്‍ അരവണ്ണം തൊണ്ണൂറ് സെന്റീമീറ്ററിലും പുരുഷന്മാര് നൂറ് സെന്റീമീറ്ററിലും കൂടാതെ നിര്‍ത്തുന്നത് പൊണ്ണത്തടി പിടികൂടാതിരിക്കാന്‍ സഹായിക്കും. രക്താദിമര്‍ദ്ദം വരാതിരിക്കാന്‍ ശരീരഭാരം കൂടാതെ സൂക്ഷിക്കണം. കൊഴുപ്പും ഉപ്പും പരമാവധി കറയ്ക്കുകയും പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യണം. ജീവിതശൈലി, ഭക്ഷണരീതി, രാസപദാര്‍ത്ഥങ്ങള്‍, പരിസ്ഥിതി മലിനീകരണം, ലൈംഗിക രോഗങ്ങളുടെ സാന്നിധ്യം, മുമ്പുണ്ടായ രോഗങ്ങളുടെ പാര്‍ശ്വഫലം, പാരമ്പര്യം, വൈറസുകള്‍, ജീനുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, അണുപ്രസരണം തുടങ്ങിയവയാണ് ക്യാന്‍സറിന്റെ അടിസ്ഥാന കാരണങ്ങള്‍. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മദ്യവും വര്‍ജ്ജിക്കുക, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുക, നേരത്തേതന്നെ രോഗനിര്‍ണ്ണയവും ചികിത്സയും തേടുക, ആപല്‍സൂചനകളെ കുറിച്ച് ബോധവാന്മാരാകുകയും അവ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടുകയും ചെയ്യുക തുടങ്ങിയവയാണ് ക്യാന്‍സര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍. അമിതാഹാരം, വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, ആഗ്നേയ ഗ്രന്ഥിയുടെ തകരാര്‍, ചില മരുന്നുകളുടെ അമിതോപയോഗം, മദ്യപാനം തുടങ്ങിയവ ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുന്നു. ആഹാരനിയന്ത്രണവും കൃത്യമായ വ്യായാമവും പുകവലിയും മദ്യപാനവും ഉപേക്ഷിക്കലും വ്യക്തിശുചിത്വവും കൃത്യമായ വൈദ്യപരിശോധനയും പ്രമേഹത്തെ ചെറുക്കാന്‍ സഹായകമാണ്.
രക്തസഞ്ചാരം നിലയ്ക്കുമ്പോള്‍ തലച്ചോറിന്റെ ആ ഭാഗത്തെ കോശങ്ങള്‍ നശിക്കുകയും ഈ ഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ശരീരഭാഗത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം (സ്ട്രോക്ക്). ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, പ്രമേഹരോഗികള്‍, കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, പുകയില ഉപയോഗിക്കുന്നവര്‍, തലച്ചോറിലെ ധമനികള്‍ക്ക് വൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പക്ഷാഘാത സാധ്യത കൂടുതലാണ്. പുകയില പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും കൃത്യമായി ചികിത്സ തേടുകയും ചെയ്യണം. പിന്നോക്ക ജില്ലയാണെങ്കിലും വയനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം അപകടകരമായ വിധത്തില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തി. ഗോത്രജനതയ്ക്കിടയില്‍ ക്യാന്‍സര്‍ വ്യാപകമായിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണം പുകയില ഉപയോഗവും മുറുക്കുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൈക്കുഞ്ഞുങ്ങള്ക്കുപോലും മുറുക്കാന്‍ നല്‍കുന്നതാണ് ഗോത്രജനതയുടെ ശീലം. പുകയില ഒഴിവാക്കി മുറുക്കിയാല്‍ അപകടമില്ലെന്നും ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ അടയ്ക്കയും ക്യാന്സറിലേക്കു നയിക്കുന്ന പ്രധാന വില്ലനാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സറില്‍ മുന്നിട്ടു നില്‍ക്കുന്നത് വായിലെ ക്യാന്‍സറാണ്. വായില്‍ എന്ത് അസ്വാഭാവികത തോന്നിയാലും ഡോക്ടറെ കാണുകയും പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്യണം.
ക്യാന്‍സറിന്റെ പ്രധാന കാരണം നമ്മുടെ വിഭിന്നമായ ആരോഗ്യ സംസ്കാരമാണെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ സംരക്ഷണമോ രോഗനിര്‍ണ്ണയമോ നമുക്ക് പ്രധാനമല്ല. രോഗം വന്ന ശേഷം വേദനയോ അസ്വസ്ഥതയോ സഹിക്കാനാവാത്ത ഘട്ടത്തില്‍ മാത്രമേ പൊതുവെ മലയാളികള്‍ ചികിത്സ തേടുന്നുള്ളൂ. പലപ്പോഴും ചികിത്സ ഫലപ്രദമാകാത്ത അവസ്ഥയിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിരിക്കും. ഓരോ പ്രായത്തിലും നടത്തേണ്ടതായ പരിശോധനകള്‍ നടത്തുന്ന ഒരു സംസ്കാരത്തി േലക്ക് നാംമാറണമെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പുകയിലനി യന്ത്രണനിയമമായ ഇഛഠജഅ 2003 പൊതുസ്ഥലത്തെ പുക വലി,സിഗററ്റ്, മറ്റു പുകയി ല ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ എന്നിവ നിരോധിക്കുന്നു.18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിഗററ്റോ മറ്റുപുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 100വാരചുറ്റളവില് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. സിഗററ്റോ മറ്റുപുകയില ഉല്‍പ്പന്നങ്ങളോ ആരോഗ്യമുന്നറിയിപ്പു കൂടാതെ വില്‍ക്കുന്നതും നിരോധിച്ചിട്ടു ണ്ട്. വിവിധസ്ഥാപന മേധാവികള്‍ ജീവനക്കാരോ സന്ദര്‍ശകരോ സ്ഥാപനത്തില്‍ പുകവലിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ. ഇ.ബിജോയ് ശില്‍പ്പശാലഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്.അജയ ന്, ഡോ.ബാബു ഈഡന്, ഡോ.ഷാനവാസ് പള്ളിയാല്‍, യു.കെ.കൃഷ്ണന് എന്നിവര്‍ ക്ലാസ്സെടുത്തു. ഡെ. ഡി.എം.ഒ.ഡോ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി സ്വാഗതവും ജോയന്റ്പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: