കല്‍പ്പറ്റ : ഭവനനിര്മ്മാണബോര്ഡിന്റെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
ബോര്‍ഡില്‍നിന്നും വായ്പയെടുത്ത ഗുണഭോക്താക്കളുടെ കുടിശ്ശിക തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാത്രമാണ് നിലവിലുള്ളത്. വായ്പാ തിരിച്ചടവിന് മൊറട്ടോറിയം അനുവദിച്ചുകൊണ്ടുള്ള യാതൊരുവിധ നിര്‍ദ്ദേശങ്ങളും സര്ക്കാരില്നന്നും ലഭിച്ചിട്ടില്ല. നിലവിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് 2016 ജൂണ്‍ 30 വരെ പ്രാബല്യമുണ്ട്.
ഇതു പ്രകാരം ഉയര്‍ന്ന വിഭാഗം വായ്പക്കാര്‍ക്ക് അമ്പത് ശതമാനവും ഇടത്തരം, താഴ്ന്നവിഭാഗം വായ്പക്കാര്‍ക്ക് ഏഴുപത് ശതമാനവും മുടക്കപ്പലിശയില് ഇളവ് അനുവദിച്ചിട്ടുണ്ട്.
ബോര്‍ഡിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് കൂടുതല്‍ ഇളവുകള്‍ നല്കാന് നിര്‍വ്വാഹമില്ല. ഈ സാഹചര്യത്തില്‍ ബോര്‍ഡുമായി സഹകരിച്ച് ഗുണഭോക്താക്കള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായപ അടച്ചുതീര്‍ക്കണമെന്നും സമരപരിപാടികളില്‍നിന്നും പിന്തിരിയണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: