സദാപ്രസന്നമായ മുഖം. ട്രിം ചെയ്ത് മനോഹരമാക്കിയ നരച്ച താടി, കറുത്ത കോട്ട്. തൂവെള്ളക്കുര്‍ത്തയും പൈജാമയും… നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങ് ലണ്ടനില്‍ ഒരപരനോയെന്ന് സംശയിച്ചുപോയേക്കാം. എന്നാല്‍ അത് അപരനല്ല, മോദിതന്നെ. മെഴുകിലുള്ള പ്രതിമയാണെന്ന് മാത്രം.
ലണ്ടനിലുള്ള മാദം തുസാഡ്സിന്റെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ അടുത്ത മാസം മുതല്‍ മോദിയുടെ പ്രതിമയുമുണ്ടാകും. ഈ വര്‍ഷം ആദ്യമാണ് പ്രതിമ നിര്‍മ്മിക്കാന്‍ മോദിയുടെ ചിത്രങ്ങളും വീഡിയോകളും എടുത്തതും അളവുകളും വസ്ത്രധാരണത്തിന്റെയും മറ്റും പ്രത്യേകതകള്‍ കുറിച്ചതും.
ലണ്ടനില്‍ നിന്ന് ഒരു സംഘം തന്നെ ഇതിന് എത്തിയിരുന്നു. ലോകരംഗത്ത് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് മോദി. ടൈം മാസിക തിരഞ്ഞെടുത്ത ലോകത്തെ പത്തു പ്രമുഖരില്‍ ഒരാളാണ് മോദിയെന്നും മ്യൂസിയം വക്താവ് കിരേന്‍ ലാന്‍സിനി പറഞ്ഞു.
മ്യൂസിയത്തിലെ കലാകാരന്മാരും വിദഗ്ധരുമാണ് മോദിയെ കാമറകളിലും കണക്കുകളിലും കുറിച്ചത്. അവരുടെ ആത്മസമര്‍പ്പണവും പ്രൊഫഷണലിസവും, കഴിവും എന്നെ ആഴത്തില്‍ സ്വാധീനിച്ചു-മോദി മ്യൂസിയം അധികൃതര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഞാന്‍ മൂന്നോ നാലോ തവണ മ്യൂസിയം സന്ദര്‍ശിച്ചു. വലിയ വലിയ വ്യക്തിത്വങ്ങളുടെ പ്രതിമകള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തിരുന്നു. അദ്ദേഹം കുറിച്ചു.
ക്രീം നിറത്തിലുള്ള കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ച്, നമസ്തേയെന്ന് അഭിവാദ്യം ചെയ്യുന്ന പോസിലാണ് പ്രതിമ സ്ഥാപിക്കുക. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ സാന്നിധ്യം. ബരാക് ഒബാമ കഴിഞ്ഞാല്‍ പിന്നെ ട്വിറ്ററില്‍ ഏറ്റവും അധികം ആള്ക്കാര് പിന്തുടരുന്ന വ്യക്തിയാണ് മോദി. സാമൂഹ്യമാധ്യങ്ങളിലെ ആരാധകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് മോദിയുടെ മെഴുകുപ്രതിമ സ്ഥാപിക്കുന്നത്.ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്ങ്കോങ്ങ്, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മെഴുകുപ്രതിമാ മ്യൂസിയങ്ങളില്‍ എല്ലാം മോദിയുടെ പ്രതിമയും വയ്ക്കും. ഒന്നര ലക്ഷം പൗണ്ടാണ് ഒരു പ്രതിമയ്ക്ക് വരുന്ന ചെലവ്. ലോകത്തെ ഏറ്റവും കരുത്തനായ വ്യക്തികളില്‍ ഒരാള്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്നു നിന്ന് അതിഥികള്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാം, സെല്‍ഫിയെടുക്കാം.
അടുത്ത മാസം പകുതിയോടെ പ്രതിമ അനാഛാദനം ചെയ്യും. മാഡം തുസാഡ്സിന്റെ മെഴുകുപ്രതിമ മ്യൂസിയത്തിന്റെ ബ്രാഞ്ച് അടുത്ത വര്‍ഷം ദല്‍ഹിയില്‍ സ്ഥാപിക്കും. മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: