പ്രപഞ്ചത്തിന്റെ മാതാപിതാക്കളാണ് ശിവനും പാര്‍വതിയുമെന്ന് പുരാതനകാലംമുതല്‍ഭാരതത്തില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്. മഹാകവി കാളിദാസന്‍ തന്റെ കാവ്യരചന ആരംഭിക്കുന്നതുതന്നെ വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്നവരും പ്രപഞ്ചമാതാപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ വാക്കുകളും അര്‍ത്ഥങ്ങളും അറിയുന്നതിനുവേണ്ടി ഞാന്‍ വന്ദിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്.
വാഗര്‍ഥാവിവ സംപൃക്തൗ
വാഗര്‍ഥപ്രതിപത്തയേ
ജഗത: പിതരൗ വന്ദേ
പാര്‍വതീപരമേശ്വരൗ
രണ്ടുപേരുംചെയ്ത കഠിനതപസ്സിന്റെ ഫലമായിട്ടു പരസ്പരം ഭാര്യാഭര്‍ത്താക്കന്മാരായിത്തീരുകയും ഉത്തമദാമ്പത്യജീവിതം നയിച്ചു ലോകത്തിനു മാതൃകയാവുകയും ചെയ്തവരാണ് പാര്‍വതിയും പരമേശ്വരനുമെന്നു പൗരാണികകഥകളില്‍നിന്നു മനസ്സിലാക്കാം.
പരസ്പരതപസ്സമ്പത്ഫലായിതപരസ്പരൗ
പ്രപഞ്ചമാതാപിതരൗ പ്രാഞ്ചൗ
ജായാപതീ സ്തുമ:
പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്കുകാരണക്കാരായ ബ്രഹ്മവിഷണു മഹേശ്വരന്മാര്‍ക്കു തുല്യമാണുപ്രാധാന്യമെങ്കിലും മഹേശ്വരപത്‌നിയായ പാര്‍വതി യെത്തന്നെയാണ് ലോകമാതാവായിക്കൂടുതല്‍ വര്‍ണിച്ചിട്ടുള്ളത്. ഭക്തരക്ഷണ ത്തിനും ദുഷ്ടനിഗ്രഹണത്തിനുമായി ദേവിയെടുത്ത വിവിധരൂപങ്ങള്‍വച്ചുകൊണ്ട് ദേവിയ്‌ക്ക് പലപേരുകള്‍ നല്കപ്പെട്ടിട്ടുണ്ട്.
ഉമാ കാത്യായനീ ഗൗരീ
കാളീ ഹൈമവതീശ്വരീ
ശിവാ ഭവാനീ രുദ്രാണീ
ശര്‍വാണീ സര്‍വമങ്ഗളാ
ദേവിയ്‌ക്ക് അതിപ്രാചീനകാലത്തുതന്നെ ഭാരതീയര്‍ കല്പിച്ചിരുന്ന പ്രാധാന്യത്തിനു തെളിവാണ് കേനോപനിഷത്തിലെ കഥ. ദേവാസുരയുദ്ധത്തില്‍ ബ്രഹ്മത്തിന്റെ പ്രഭാവംകൊണ്ടു ദേവന്മാര്‍ വിജയിച്ചു. ദേവന്മാരാകട്ടെ തങ്ങളുടെ കഴിവുകൊണ്ടാണു ജയിച്ചത് എന്ന് അഹങ്കരിച്ചു. അവര്‍ ബ്രഹ്മത്തിന്റെ ശക്തിയെ നിസ്സാരമായിക്കരുതി. അവരുടെ മുന്പില്‍ കുറച്ചുദൂരെ ബ്രഹ്മം പ്രത്യക്ഷപ്പെട്ടു. പ്രകാശരൂപമായ അത് എന്ത് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.
എന്തോ പൂജാര്‍ഹമായ വസ്തു (യക്ഷം) എന്നുമാത്രമേ അവര്‍ ധരിച്ചുള്ളു. അതെന്തെന്ന് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അഗ്‌നിക്കോ വായുവിനോ അതിന്റെ മുന്പില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ കഴിഞ്ഞില്ല. പരാജയപ്പെട്ട് അവര്‍ മടങ്ങിയപ്പോള്‍ ഇന്ദ്രന്‍തന്നെ പുറപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ യക്ഷം അപ്രത്യക്ഷമായി. അതിന്റെ സ്ഥാനത്ത് വളരെ ശോഭിക്കുന്ന ഒരു സ്ത്രീയെ ഇന്ദ്രന്‍ കണ്ടു. അത് ഹിമവാന്റെ പുത്രിയായ ഉമയായിരുന്നു. (സ തസ്മിന്നവകാശേ സ്ത്രിയം ആജഗാമ ബഹുശോഭമാനാം ഉമാം ഹൈമവതീം). ദേവിയോട് ഇന്ദ്രന്‍ ചോദിച്ചു ആ യക്ഷം എന്തെന്ന്. ‘അത് ബ്രഹ്മമാണ്, അതിന്റെ വിജയത്തിലാണ് നിങ്ങള്‍ വലിയവരാകുന്നത്’ എന്നു ദേവി പറഞ്ഞു. ബ്രഹ്മതുല്യം തന്നെയായ ഒരു സ്ഥാനം ദേവിയ്‌ക്കുള്ളതായി ഈ കഥ നമ്മെ ബോധിപ്പിക്കുന്നു.
നല്ലപുരുഷനെ പതിയായിക്കിട്ടാന്‍ കന്യകമാര്‍ വ്രതമെടുത്തു ദേവിയെ ആരാധിക്കുന്ന കഥകള്‍ പുരാണങ്ങളിലുണ്ട്. ഭാഗവതമഹാപുരാണത്തിന്റെ ദശമസ്‌കന്ധത്തില്‍ നന്ദഗോകുലത്തിലെ കുമാരിമാര്‍ ദേവിയെ പൂജിക്കുന്നതിന്റെ വര്‍ണനയുണ്ട്. കൃഷ്ണന്റെ ലീലകളും വീരകര്‍മങ്ങളും കണ്ടുമതിമറന്ന കുമാരിമാര്‍ കൃഷ്ണനെത്തന്നെ യോഗ്യനായ വരനായിക്കണ്ടു. ഹേമന്തഋതുവില്‍ അവര്‍ കാര്‍ത്യായനീദേവിയെ അര്‍ചിക്കുന്ന വ്രതമനുഷ്ഠിച്ചു. സൂര്യോദയത്തില്‍ കാളിന്ദീനദിയില്‍ മുങ്ങിക്കുളിച്ച് മണ്ണുകൊണ്ടു ദേവിയുടെ പ്രതിമ ഉണ്ടാക്കി –വച്ചാണ് പൂജിച്ചത്. സുഗന്ധവസ്തുക്കളും പുഷ്പമാലകളും പുഷ്പാര്‍ച്ചനയും ധൂപങ്ങളും ദീപങ്ങളും ഫലങ്ങളും അരിയും പൂജയ്‌ക്ക് ഉപയോഗിച്ചിരുന്നു. നിവേദ്യശേഷം മാത്രമാണ് അവര്‍ ഭക്ഷിച്ചിരുന്നത്.
അവരുടെ മന്ത്രം
കാത്യായനി മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവി പതിം
മേ കുരു തേ നമ:
എന്നായിരുന്നു. ഇങ്ങനെ ഭദ്രകാളിയെ അര്‍ചിക്കുന്ന വ്രതം ഒരുമാസം നീണ്ടുനിന്നു.
(തുടരും)
















