മുംബൈ: വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്ല്യയുടെ വില്‍പനയ്‌ക്കു വെച്ച കിംഗ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില കുറച്ച് വീണ്ടും ലേലത്തില്‍ വയ്‌ക്കാനൊരുങ്ങുന്നു.
ലേലത്തിന്റെ അടിസ്ഥാനവിലയായ 150 കോടി രൂപകൂടുതലായതിനാലാണ് ആരും ലേലത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ലേലം സംഘടിപ്പിച്ച ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ നിഗമനം.
വായ്‌പ നല്‍കിയ ബാങ്കുകളുടെ നേതൃത്വത്തില്‍ പണം തിരിച്ചുപിടിക്കാനായാണ് കിംഗ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വെച്ചത്. എന്നാല്‍ ലേലത്തില്‍ വെച്ച കിംഗ്ഫിഷര്‍ ഹൗസ് ആരും വാങ്ങാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ലേല നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. മുംബൈ ആഭ്യന്തര വിമാനത്താവളത്തിന് സമീപം 17,000 ചതുരശ്ര അടിയിലാണ് കിംഗ്ഫിഷര്‍ ഹൗസ്.
150 കോടിയായിരുന്നു ഇതിന് നിശ്ചയിച്ച വില. എന്നാല്‍ ലേലം പൂര്‍ത്തീകരിച്ച് ബാങ്ക് വായ്‌പ സംബന്ധിച്ച കാര്യങ്ങളില്‍ ഒത്തുത്തീര്‍പ്പുണ്ടാക്കാനായി ഉടന്‍ യോഗം ചേര്‍ന്ന് അടിസ്ഥാന വില കുറയ്‌ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ബാങ്ക് കണ്‍സോര്‍ഷ്യം അധികൃതര്‍ അറിയിച്ചു.
അതേസമയം, മല്ല്യ ഏപ്രില്‍ രണ്ടിനോ അതിനു മുന്‍പോ ഹാജരാകാന്‍എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് അയച്ചു. വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9000 കോടിരൂപ വായ്‌പകുടിശികയുടെ വിശദീകരണം നല്‍കാനും ഇന്നലെ പുറത്തിറക്കിയ പുതിയ സമന്‍സില്‍ പറയുന്നു.
മുന്‍പ് വെള്ളിയാഴ്‌ച്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്നും ഏപ്രിലില്‍ ഹാജാരാകാമെന്നും കാണിച്ച് ഇ-മെയില്‍ മുഖാന്തരം മല്ല്യ അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് കൂടിയാലോചനക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിങ് വ്യാഴാഴ്‌ച്ച ഏജന്‍സിയുടെ മുംബൈയിലെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അതിനിടെ മല്ല്യക്കേസ് അന്വേഷിക്കുന്ന സിബിഐ അന്വേഷണം 17 ബാങ്കുകളിലേക്കും നാലു രാജ്യങ്ങളിക്കേലും വ്യാപിപ്പിച്ചു. മല്ല്യയുടെ ബാങ്കിടപാടുകളില്‍ 60 ശതമാനവും നടന്നത് വിദേശബാങ്കുകളിലാണ്.
















