ന്യൂദല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യ വിവിധ ബാങ്കുകള്‍ക്കായി നല്‍കാനുള്ള 9000 കോടി രൂപയും തിരിച്ചുപിടിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വായ്‌പ നല്‍കിയ ഓരോ പൈസയും തിരിച്ചുപിടിക്കും. നിയമം ലംഘിച്ച മല്ല്യയ്‌ക്ക് എതിരെ അന്വേഷണ ഏജന്‍സികള്‍ കടുത്ത നടപടിയും എടുക്കും. അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഏജന്‍സിയും നികുതി വകുപ്പും എല്ലാം ശക്തമായ നടപടി മല്ല്യയ്‌ക്ക് എതിരെ കൈക്കൊള്ളും. ഇന്ത്യാ ടുഡെയുടെ പരിപാടിയില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
ഇരുമ്പുരുക്ക്, വസ്ത്ര നിര്‍മ്മാണം, ഹൈവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ഒരു പ്രയോജനവുമില്ലാതെ കിടക്കുന്ന മൂലധനം (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) എന്ന പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് ആലോചിച്ചുവരികയാണ്. സമ്പത്തികവളര്‍ച്ച കുറയാന്‍ ഇത് ഒരു കാരണമാണ്.
വ്യക്തികള്‍ക്ക് നല്‍കിയ വലിയ വായ്‌പകളാണ് മറ്റൊരു പ്രശ്‌നം. വായ്‌പ എടുത്ത പലരും കൃത്യമായി തിരിച്ചടക്കുന്നില്ല, ചിലര്‍ മതിയായ സ്വത്ത് ജാമ്യം നല്‍കാതെയാണ് വായ്‌പ എടുത്തിരിക്കുന്നത്. ഇവയില്‍ ധാര്‍മ്മിക പ്രശ്‌നങ്ങളുമുണ്ട്. മല്ല്യക്കേസ് ഭാരതത്തിലെ ബാങ്കിംഗ് മേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും വലിയ ചീത്തപ്പേര് ഉണ്ടാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ വലിയ അപകടം വരും. അതിനാല്‍ പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.
















