പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്കന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ. സ്വാര്‍ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാവത്തിന്റെ ഇരുളകറ്റുന്നത് നേരത്തേ അമ്മ പറഞ്ഞ മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്. ആ തേജോദീപ്തിയാണ് മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അവരാണ് ലോകത്തിനു ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മക്കളുടെ കൃപ, അവരെ എതിര്‍ക്കുന്നവരെക്കൂടി പരിപൂര്‍ണ്ണമാക്കുന്നതാണ്.
പഴയ ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ ഗുരുവിന്റെ ഒപ്പം താമസിച്ചാണ് ശിഷ്യര്‍ വിദ്യ അഭ്യസിക്കുന്നത്. ശ്രദ്ധയോടും ഭക്തിയോടും ഗുരുസേവയും സ്വാധ്യായവും ചെയ്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗുരുവിനോട് വിടവാങ്ങുമ്പോള്‍ ശിഷ്യന്‍ യഥാശക്തി ഗുരുദക്ഷിണ സമര്‍പ്പിക്കണമെന്നാണ് ആചാരം. അന്നൊക്കെ ശിഷ്യനില്‍ നിന്ന് ആദ്യമായും അവസാനമായും ഗുരു സ്വീകരിക്കുന്ന ഒരേയൊരു സമ്പത്ത് ഗുരുദക്ഷിണ മാത്രമായിരുന്നു. തന്റെ കുടുംബത്തെയും ശിഷ്യഗണങ്ങളെയും പരിപാലിക്കാനാവശ്യമായ ധനം അന്യാശ്രയം കൂടാതെ ആചാര്യന്മാര്‍ക്കു കിട്ടണമെന്നുവെച്ചാണ് ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നത്. ഗുരുദക്ഷിണ നല്കുമ്പോള്‍ ഓരോ ശിഷ്യനും എന്തു നല്കുന്നു എന്നതിലേറെ ഏതു മനോഭാവത്തോടെ നല്കുന്നു എന്നതിലായിരുന്നു പ്രാധാന്യം.
ഒരു മഹാരാജാവ് തന്റെ ഏക പുത്രനെ ഗുരുകുലവിദ്യാഭ്യാസത്തിനായി ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചേര്‍ക്കാനെത്തി. രാജാവും പരിവാരങ്ങളും പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ പുറത്താരും സ്വീകരിക്കുവാന്‍ വന്നുകണ്ടില്ല. രാജാവിന് ഇത് ആദ്യാനുഭവമായിരുന്നു. എവിടെ ചെല്ലുമ്പോഴും പ്രജകളില്‍ ആരാണെങ്കിലും ആഘോഷത്തോടെയും ആദരവോടെയും ഓടിവന്നു സ്വീകരിച്ചിട്ടുള്ള അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആശ്രമകവാടം കടന്നുചെന്നിട്ടും ആരെയും പുറത്തെങ്ങും കണ്ടില്ല. അവിടെയെല്ലാം തിരഞ്ഞു നടന്ന് അവസാനം ഒരു മരചുവട്ടില്‍ ധ്യാനനിമഗ്‌നനായി ഇരിക്കുന്ന മഹാത്മാവിനെ കണ്ടുമുട്ടി. ബാഹ്യവൃത്തികള്‍ യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ആത്മാനന്ദസമുദ്രത്തില്‍ ആമഗ്‌നനായി ഇരിക്കുന്ന മഹാരാജാവ് രാജാവിന്റെ ആഗമനം അറിഞ്ഞതേയില്ല. ധ്യാനം തീരുന്നതുവരെ രാജാവിനു കാത്തുനില്‌ക്കേണ്ടിവന്നു. രാജാവിന്റെ ഉള്ളില്‍ അമര്‍ഷം തിളച്ചുപൊങ്ങി.
എങ്ങനെയും ഈ അഹങ്കാരിയെ നല്ലപാഠം പഠിപ്പിക്കണമെന്ന് രാജാവ് മനസാ നിശ്ചയിച്ചു. ‘എന്നാല്‍ ഇപ്പോള്‍ അതിനു നിവൃത്തിയില്ല. കാരണം, മകന്റെ വിദ്യാഭ്യാസം മുടങ്ങും. വരട്ടെ, അതു കഴിയട്ടെ എന്നിട്ടാകാം’ അദ്ദേഹം ചിന്തിച്ചു ധ്യാനത്തില്‍ നിന്നുണര്‍ന്ന മഹാത്മാവ് രാജാവിനെ അഭിവാദ്യം ചെയ്തു വിനയപൂര്‍വ്വം രാജാവിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വന്തം ആവശ്യം പറയുമ്പോള്‍ രാജാവിനു കോപം അടക്കാനായില്ല.’രാജ്യം ഭരിക്കുന്നരാജാവ് വന്നാല്‍ ആചാരപൂര്‍വം സ്വീകരിക്കാന്‍ നിങ്ങള്‍ക്കറിയില്ലേ? ഇവിടത്തെ മറ്റ് അന്തേവാസികള്‍ എവിടെ?’
ഇതുകേട്ട മഹാത്മാവ് പറഞ്ഞു:’ദയവായി ശാന്തനായാലും രാജന്‍. ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവരവരുടെ ഉത്തരവാദിത്വങ്ങളുണ്ട്. പഠനം, സേവ, ഹോമം, പൂജ, സ്വാധ്യായം എന്നിങ്ങനെ. അതുകൊണ്ടാണ് ആരെയും പുറത്ത് കാണാത്തത്. അത് അങ്ങയോടുള്ള അനാദരവായി കണക്കാക്കരുത്.’
മകനെ ഗുരുകുലത്തില്‍ ഏല്പിച്ച് മടങ്ങുമ്പോഴും രാജാവിനു തൃപ്തിയായില്ല.
രാജകുമാരന്‍ ഉത്തമനായ ഒരു ശിഷ്യനായിവളര്‍ന്നു. തന്റെ വിനയം കൊണ്ടും നിഷ്ഠകൊണ്ടും ഗുരുഭക്തികൊണ്ടും കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിമാറി. എല്ലാവിദ്യകളിലും അദ്വിതീയനായി മാറിയ കുമാരനില്‍ എളിമ, സമര്‍പ്പണം, അചഞ്ചലമായ ഗുരുഭക്തി എന്നീ ഗുണങ്ങളും ലഭിച്ചു.അവസാനം കുമാരന്‍ ഗുരുകുലത്തോട് വിടവാങ്ങുന്ന ദിവസം സമാഗതമായി. ‘എന്നെ ഇവിടെത്തന്നെ കഴിയാന്‍ അങ്ങ് അനുവദിക്കണം’കുമാരന്‍ ഗുരുവിനോട് അപേക്ഷിച്ചു. ഗുരു ചിരിച്ചു. ‘ഒരു തൈ വൃക്ഷമാകണമെങ്കില്‍ തണലില്‍ നിന്ന് മാറ്റി നടണം. ശിക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ ശിഷ്യന്‍ യഥാകാലം ഗുരുവില്‍ നിന്ന് അകന്നു കഴിയണം. അതുകൊണ്ട് നീ കൊട്ടാരത്തിലേയ്‌ക്ക് മടങ്ങുക ഈശ്വരാനുഗ്രഹം സദാ നിനക്കുണ്ടാവും.’
















