പുല്‍പ്പള്ളി : നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആദിവാസിക്ഷേമത്തിന്റെ പേരിലും വന്‍ തട്ടിപ്പ്. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചില്‍ പെട്ട പാതിരി സൗത്തിലെ കാട്ടുനായ്ക്കരുടെ ബസവന്‍കൊല്ലി കോളനിയിലേക്കുള്ള പാത നവീകരണത്തിലാണ് തട്ടിപ്പ്.
നിലവിലുണ്ടായിരുന്ന കല്ല് പതിച്ച റോഡ് ജെസിബി ഉപയോഗിച്ച് കല്ലിളക്കിമാറ്റി ഇന്റര്‍ലോക്ക് ചെയ്യാനൊരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടികവര്‍ഗ്ഗ വികസനനിധിയിലെ തുക ഉപയോഗിച്ച് ലക്ഷങ്ങള്‍ മുടക്കി പതിച്ച കല്ലുകളാണ് ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നത്. വനവാസി മിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1880 മീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച പാത നവീകരണത്തിന് ഒരുകോടി രൂപയിലേറെയാണ് തുക അനുവദിക്കപ്പെട്ടിട്ടുള്ളത്. ജില്ലാഭരണകൂടം അംഗീകരിച്ച രൂപരേഖയില്‍ പ്രകടമായ മാറ്റംവരുത്തി കരാറുകാരന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. കതവാകുന്നില്നിന്ന് ബസവന്കൊല്ലിയിലേക്കുള്ളപ്രധാന പാതക്ക് സമാന്തരമായി വനത്തിലൂടെ തന്നെ ഈകോളനിയിലേക്ക് പോകുന്ന മറ്റൊരു നടപ്പാതയും വീതികൂട്ടി ഇന്റര്‍ലോക്ക് ചെയ്യുമെന്നാണ് പറയുന്നത്. അനുവദിക്കപ്പെട്ട 1880 മീറ്റര്‍ തികയ്ക്കാന്‍ കുറുക്കുവഴി തേടുന്ന കരാറുകാരന് ആദിവാസി ക്ഷേമത്തിന്റെ പേരില്‍ നടത്തുന്ന പകല്കൊള്ളയാണിതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ഉദ്യോഗസ്ഥരും ത്രിതല ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന പങ്കുവയ്ക്കലായി മാറുകയാണ് ബസവന്‍കൊല്ലിയിലെ റോഡ് നവീകരണമെന്ന് വനവാസികള്‍ ആവലാതിപ്പെടുന്നു. കരാറുകാരന്റെ താത്പര്യമനുസരിച്ചാണ് പണികള്‍ നടക്കുന്നതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: