ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഭാരതത്തില്‍ നിന്നും മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയുടെ സ്വത്ത് ലേലം ചെയ്യുന്നു. മുംബൈയിലെ അന്തേരിയിലുള്ള മല്യയുടെ കമ്പനി ഓഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസും വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമാണ് ഓണ്‍ലൈനിലൂടെ ലേലത്തിന് വയ്‌ക്കുന്നത്.
സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍തന്നെ പതിനഞ്ചോളം പേര്‍ ലേലത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലേലം നടക്കുന്നത്.
സ്റ്റേറ്റ് ബാങ്കിനുള്ള 1623 കോടി ഉള്‍പ്പെടെ 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി വിഭാഗത്തിന് 812 കോടിയും നല്‍കാനുണ്ട്. 2013ലാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്. 6000 കോടിയാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നും കടമെടുത്തത്. പണം തിരിച്ചടക്കാത്ത സാഹചര്യത്തില്‍ മല്യയുടെ പാസ്‌പേര്‍ട്ട് കണ്ടുകെട്ടുന്നതിനും മറ്റു നടപടികള്‍ക്കും നീങ്ങിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്വത്തുക്കള്‍ ലേലത്തിന് വയ്‌ക്കുന്നത്.
ബാങ്കുകളുടെ അപേക്ഷ പ്രകാരം 515 കോടിയുടെ സെന്റില്‍മെന്റിന് കോടതി വിളിച്ചിരുന്നു. എന്നാല്‍ 9000 കോടി കടമെടുത്തതില്‍ ഒരു രൂപ പോലും തിരിച്ചടയ്‌ക്കാന്‍ മല്യ തയ്യാറായില്ല. മാര്‍ച്ച് 18 നാണ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.
















