ന്യൂദല്‍ഹി: പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഔഷധങ്ങളില്‍ ക്രോസിനും ഡി കോള്‍ഡും ഡോളോയും പെടുന്നു.ക്രോസിന്‍, ഡോളോ, ഡികോള്‍ഡ് ടോട്ടല്‍, നാസീവിയന്‍, സുമോ, ഓഫ്‌ളോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, നിമുലിഡ്, കോഫ്‌നില്‍, ഡീകോഫ്, ഒ2, കുട്ടികള്‍ക്കുള്ള സിറപ്പായ ടി 98, ടെഡി കോഫ് എന്നിയും വിലക്കുള്ള മരുന്നുകളാണ്.
കോറക്‌സ്, ഫെന്‍സ്‌ഡൈല്‍, ബെനാഡ്രില്‍ തുടങ്ങിയ കഫ് സിറപ്പുകളും വിക്‌സ് ആക്ഷന്‍ 500 ഗുളികയും അടക്കം 344 മരുന്നുകളാണ് കഴിഞ്ഞാഴ്ച വിലക്കിയത്. വിലക്കുള്ളവയില്‍ മിക്കവയും ചേരുവ മരുന്നുകളാണ്. രണ്ടോ അതിലധികമോ മരുന്നുകള്‍ പ്രത്യേക അളവില്‍ കൂട്ടിക്കലര്‍ത്തിയ ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദഗ്ധസമിതിയുടെ ശുപാര്‍ശ പ്രകാരം 344 മരുന്നുകള്‍ വിലക്കുകയായിരുന്നു.
പ്രമേഹത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും, ഉദരരോഗങ്ങള്‍ക്കും വേദനക്കും ഉള്ളവയാണ് വിലക്കുള്ളവയില്‍ മിക്കവയും. പരസ്പരവിരുദ്ധമായ ചേരുവകള്‍ ചേര്‍ത്താണ് പല മരുന്നുകളും നിര്‍മ്മിക്കുന്നത്. അതിനാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആന്തരികാവയവങ്ങള്‍ തകരാറിലാകുന്നത് ഇത്തരം മരുന്നുകള്‍ ധാരാളം കഴിക്കുന്നതുകൊണ്ടാണ്. ഇതാണ് ചേരുവ മരുന്നുകള്‍ വിലക്കാന്‍ കാരണം.
ഭാരതത്തില്‍ ഉല്പ്പാദിപ്പിക്കുന്ന തരം ചേരുവ മരുന്നുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ മുന്‍പു തന്നെ നിരോധനമുണ്ട്.
















