ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡിഎസ്‌യു നേതാവ് ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി നാളത്തേക്ക് മാറ്റി.കേസില്‍ കനയ്യക്ക് ജാമ്യം നല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും ജാമ്യം വേണമെന്നാണ് ഇവരുടെ ആവശ്യം.
അഫ്‌സല്‍ ഗുരു അനുസ്മരണം, രാജ്യദ്രോഹ മുദ്രാവാക്യം വിളി എന്നിവയുടെ പേരിലാണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തത്.
ജാമ്യം നല്‍കുന്നതിനെ ദല്‍ഹി പോലീസ് എതിര്‍ത്തു. കനയ്യക്ക് എതിരെയുള്ളതിനേക്കാള്‍ കടുത്ത ആരോപണമാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും എതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച പരിപാടിയുടെ സംഘാടകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. കനയ്യ സംഘാടകനായിരുന്നില്ല. പോലീസ് കോടതിയില്‍ പറഞ്ഞു.
അതിനിടെ തങ്ങളുടെ ഉത്തരവുകള്‍ ലംഘിച്ചാണ് ജെഎന്‍യുവില്‍ ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതെന്ന് ഉന്നത തല അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തു. പരിപാടിയില്‍ ഉമര്‍ ഖാലീദും ഭട്ടാചാര്യയും ആശുതോഷും മറ്റ് ഏഴു പേരും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു, കശ്മീരിനും മണിപ്പൂരിനും നാഗാലാന്‍ഡിനും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു. പരിപാടിയുടെ സ്വഭാവത്തെപ്പറ്റി അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. പരിപാടിക്ക് അനുമതി നേടിയില്ല. പുറത്തുനിന്നുള്ളവര്‍ പരിപാടി ഹൈജാക്ക് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. റിപ്പോര്‍ട്ടില്‍ പറയുന്നു.
















