കൊച്ചി: കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, കേന്ദ്ര ഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കൊബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കൊപ്രയുടെ താങ്ങുവില സംഭരണം ആരംഭിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അറിയിച്ചു. 2016ല്‍ മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5950 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
സംഭരണത്തിനുള്ള ദേശീയ ഏജന്‍സികളായി നാഫെഡിനെയും എന്സിസിഎഫിനെയും നിശ്ചയിച്ചു കഴിഞ്ഞു.
സംസ്ഥാനതല ഏജന്‍സികളേയും പ്രാദേശിക ഏജന്‍സികളേയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ചാല്‍ സംഭരണം ഉടന്‍ തുടങ്ങാവുന്നതാണെന്ന് ബോര്‍ഡ് അറിയിച്ചു.
മില്ലിങ്ങ് കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായ തൊണ്ടുരിഞ്ഞു വെള്ളത്തോടുകൂടിയ പച്ചത്തേങ്ങയുടെ വില കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആനുപാതിക വില ക്വിന്റലിന് 1600 രൂപയില്‍ കുറയില്ലെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ നാളികേരം കിലോയ്ക്ക് 16 രൂപയിലും കുറഞ്ഞവിലയ്ക്ക് വില്‍ക്കാതെ സി.പി.എസുകളിലൂടെ ശേഖരിച്ച് ഫെഡറേഷനുകളിലെ സൗകര്യം ഉപയോഗിച്ച് കൊപ്രയാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.
സംഭരണത്തിന് ത്രിതല കര്‍ഷക കൂട്ടായ്മകളേയും സംഭരണ ഏജന്‍സികളായി അംഗീകരിക്കും. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നാളികേരം കൊപ്രയാക്കി സംസ്ഥാനതല ഏജന്‍സികള്‍ക്ക് നേരിട്ട് നല്കി താങ്ങുവിലയും കാലാകാലങ്ങളില്‍ ലഭ്യമാവുന്ന മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുവാനുള്ള സാഹചര്യം ഉടന്‍ സംജാതമാകും.
കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നം കമ്പോളവിലയ്ക്ക് വിറ്റഴിക്കുവാന്‍ യാതൊരു കാരണവശാലും തിടുക്കം കൂട്ടേണ്ടതില്ല. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തു വരുന്നതിന്റെ ഫലമായി മാര്‍ച്ച് രണ്ടാംപകുതി മുതല്‍ സ്വഭാവികമായി വിപണി ഉയരുമെന്നതിനാല്‍ വെളിച്ചെണ്ണയുടേയും തേങ്ങയുടെയും വിലയില്‍ ഉണര്‍വ്വ് ഉണ്ടായേക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: