കല്‍പ്പറ്റ : മദ്ധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ സുരക്ഷിതമായ ഭവനങ്ങളോ, നോക്കി സംരക്ഷിക്കാന്‍ സ്വന്തക്കാരോ ഇല്ലാത്ത കുട്ടികള്‍ക്കായി ‘സ്നേഹതീരം അനാഥബാല്യങ്ങള്‍ക്ക് ഒരവധിവീട്’ എന്ന പേരില്‍ വെക്കേഷന് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രൂപം നല്കി. 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഫോസ്റ്റര്‍ കെയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടിക്ക് ജില്ലയില്‍ തുടക്കമാകുന്നത്. അവധിക്കാലം ആസ്വദിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വയനാട് സിഡബ്ല്യൂസിചെയര്മാന് അഡ്വ. ഫാ.തോമസ് ജോസഫ് തേരകം അറിയിച്ചു.
നിലവില്‍ ജില്ലയിലെ ഏതെങ്കിലും സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന ആറിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബത്തില്‍ തങ്ങളുടെ മക്കളോടൊപ്പം, മദ്ധ്യവേനലവധിക്കാലമായ ഏപ്രില്‍ -മെയ് മാസങ്ങളില്‍ ഒരു കുട്ടിയെക്കൂടി സംരക്ഷിക്കാന്‍ താത്പര്യമുള്ള കുടുംബങ്ങള്‍ക്കാണ് വയനാട് സി.ഡബ്ല്യൂ.സി കുട്ടികളെ നല്‍കുക. അവധിക്കാലം കഴിയുമ്പോള്‍ കുട്ടിയെ സി.ഡബ്ല്യൂ.സിയില്‍ തിരികെ ഏല്‍പ്പിക്കണം.
സ്നേഹതീരം പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുളളവര്‍ കല്‍പ്പറ്റയിലുള്ള വയനാട് സിഡബ്ല്യൂസി ഓഫീസിലോ (ഫോണ്‍-94 95 10 100 8, 04936-207150), മീനങ്ങാടിയിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസിലോ (ഫോണ്‍-04936-246098) നിശ്ചിത ഫോറത്തില്‍ ഉടന്‍ അപേക്ഷ നല്‍കണം. ആദ്യം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം നേരിട്ടോ ഇ-മെയിലിലോ ലഭ്യമാണ്.
ചെയര്മാന് അഡ്വ. ഫ.തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി. ലക്ഷ്മണന്, ടി.ബി.സുരേഷ്, ഡോ.ബെറ്റി ജോസ്, അഡ്വ. ബാലസുബ്രമണിയന്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: