കല്‍പ്പറ്റ : ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട്ടിലെ എച്ച്എംഎല്‍ തോട്ടങ്ങളില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം പൊളിയുന്നു. കഴിഞ്ഞ 16 ദിവസങ്ങളിലായി നടന്ന സമരത്തോടെ തൊഴിലാളികളില്‍ പലരും പട്ടിണിയിലായി. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ നടന്ന സമരത്തിന്റെ പരിസമാപ്തിയില്‍ കരാറുകളെല്ലാം അംഗീകരിച്ച സിഐടിയു വയനാട്ടില്‍ ഇരട്ടത്താപ്പ് തുടരുകയാണ്. മുന്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.ഗഗാറിന് കല്‍പ്പറ്റ മണ്ഡലത്തില്‍ നിയമസഭാ സീറ്റ് ഉറപ്പിക്കാനാണ് സമരം നടത്തിയതെന്നും ആക്ഷേപമുണ്ട്.
സിഐടിയു ഒഴികെ എല്ലാ തൊഴിലാളിസംഘടനകളും ഈ സമരത്തിനെതിരാണ്. എഐടിയുസി സമരത്തിനെതിരെ നിലപാടെടുത്ത് സമരരംഗത്താണ്. ബിഎംഎസ്, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളും സിഐടിയു നടത്തുന്ന സമരത്തിനെതിരെ രംഗത്തുവന്നു. ഐക്യട്രേഡ് യൂണിയന് സിഐടിയുവിനെതിരെ സമരം നടത്തിയതോടെ ജില്ലാ കളക്ടര്‍ ഇടപെട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുമെന്ന് പറഞ്ഞു. ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ടുള്ള സമരം സാലറി അഡ്വാന്‍സ് ലഭിച്ചാല്‍ തീര്‍ക്കാമെന്ന അവസ്ഥയിലേക്ക് സിഐടിയു എത്തിച്ചേര്‍ന്നു എന്നാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.
സമരം ചെയ്യുന്നവര്‍ക്കും സമരത്തെ എതിര്‍ക്കുന്നവര്‍ക്കും പണിയില്ലാതായതോടെ തോട്ടംമേഖലകളില്‍ വീണ്ടും ഇല്ലായ്മയുടെ നാളുകളായി. എഐടിയുസി പോലും സിഐടിയുസമരത്തിനെതിരെ രംഗത്തുവന്നത് ഇക്കാരണങ്ങളാല്തന്നെയാവണം. സമരം കാരണം സമരത്തില്‍ പങ്കാളിയാവാത്ത മറ്റുതൊഴിലാളികള്ക്ക് ഈ കാലയളവില്‍ ജോലി നിഷേധിക്കപ്പെടുകയായിരുന്നു.
തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അരപ്പറ്റ ഫാക്ടറിയിലേക്ക് പോയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും അച്ചൂരാനം ഫാക്ടറിയിലേക്ക് തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് പോയ തൊഴിലാളികളെ സിഐടിയു, സിപിഐഎം പ്രവര്‍ത്തകരും പുറത്തുനിന്നുമെത്തിയ ഗുണ്ടകളുംചേര്‍ന്ന് ആസൂത്രിതമായി അക്രമിക്കുകയും ശശി, സുബൈര്‍ എന്നീതൊഴിലാളികള്ക്ക് പരിക്ക് പറ്റുകയും ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്മാരുമുള്പ്പെടെയുള്ളവരും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
ഇപ്പോള്‍ എച്ച്എംഎല്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനും പരിഹാരമുണ്ടാക്കി തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: