സൂതന്‍ പറഞ്ഞു: ഇക്ഷ്വാകു കുലത്തില്‍ മഹാനായ മഹാബിക്ഷന്‍ എന്നൊരു രാജാവ് ചക്രവര്‍ത്തിയായി വാണിരുന്നു. ആയിരം അശ്വമേധങ്ങള്‍, നൂറു വാജപേയങ്ങള്‍, എന്നിവയെല്ലാം നടത്തി അദ്ദേഹം ദേവേന്ദ്രനെ പ്രീതിപ്പെടുത്തി. മരിച്ചു സ്വര്‍ഗ്ഗം പൂകിയ അദ്ദേഹം ഒരിക്കല്‍ ബ്രഹ്മസഭയില്‍ ചെന്നു. മറ്റു ദേവതകളും അവിടെ സന്നിഹിതരായിരുന്നു. മഹാനദിയായ ഗംഗാദേവി അവിടെ വിഭുസേവയ്‌ക്കെത്തിയിരുന്നു. അവളുടെ പുടവ ക്ഷണത്തില്‍ കാറ്റില്‍പ്പറന്ന് അവളുടെ നഗ്‌നത ഒരല്‍പ്പനേരത്തേയ്‌ക്ക് ദൃശ്യമായി. വിണ്ണവര്‍ അത് ശ്രദ്ധിക്കാതെ തലകുനിച്ചു നിന്നെങ്കിലും മഹാബിക്ഷന്‍ അവളെത്തന്നെ നോക്കി നിന്നു. തന്നെക്കണ്ട് രാജാവ് പ്രേമത്തിലായി എന്നറിഞ്ഞ ഗംഗയും നൃപനില്‍ അനുരക്തയായി. ബ്രഹ്മാവ് ഇതുകണ്ട് അവരെ ശപിച്ചു. ‘നിങ്ങള്‍ വീണ്ടും മനുഷ്യലോകത്ത് പോയി ജനിക്കുക. വേണ്ടത്ര പുണ്യമാര്‍ജ്ജിച്ചുവന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും ദേവലോകമണയാം.’ വിഷാദത്തോടെ അവര്‍ ഭൂമിയിലെത്തി. ധര്‍മിഷ്ഠരായവരുമായി ആലോചിച്ച് രാജാവ് പുരുവംശത്തില്‍ പിറന്ന പ്രതീപനെ പിതാവായി സങ്കല്‍പ്പിച്ചു ഭൂമിയില്‍ ജീവിതം തുടങ്ങാമെന്നു തീരുമാനിച്ചു. അതിനിടയ്‌ക്ക് അഷ്ടവസുക്കള്‍ ഭാര്യമാരോടോപ്പം ക്രീഡാലോലുപരായി വസിഷ്ഠാശ്രമത്തിലെത്തി. പൃഥുക്കളില്‍ പ്രധാനിയാണ് ദ്യൌ. അദ്ദേഹത്തിന്റെ ഭാര്യ ആശ്രമത്തില്‍ നന്ദിനിപശുവിനെ കണ്ട് അതാരുടേതാണെന്ന് ചോദിച്ചു. ‘സുന്ദരീ ഇത് വസിഷ്ഠന്റെതാണ്. ഇതിന്റെ പാല് കുടിക്കുന്ന ആണും പെണ്ണും പതിനായിരം കൊല്ലം യൗവനത്തോടെയിരിക്കും അപ്പോള്‍ ദ്യൌവിന്റെ പത്‌നി, തന്റെ മര്‍ത്യലോകത്തിലെ സുഹൃത്തായ ഉശിനരസപുത്രിക്ക് കിടാവോടുകൂടി ഈ പശുവിനെ സമ്മാനിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ‘സകലകാമങ്ങളെയും നിവൃത്തിക്കുന്ന ഈ പശുവിനെ എന്റെ ആശ്രമത്തിലെത്തിക്കുക. ഈ പശുവിന്റെപാല് കുടിച്ച് എന്റെ തോഴി മനുഷ്യരുടെ കൂട്ടത്തില്‍ ജരാരോഗങ്ങള്‍ ബാധിക്കാത്തവളായി വിലസട്ടെ.’ ഭാര്യയുടെ വാക്ക് കേട്ട് ദ്യൌ ആ പശുവിനെ മോഷ്ടിച്ച് അവളുടെ അഭീഷ്ടം സാധിപ്പിച്ചു. വസുക്കള്‍ നന്ദിനിയെ അപഹരിച്ചുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഫലമൂലാദികള്‍ കൊണ്ടുവരാന്‍ വനത്തില്‍ പോയിരുന്ന വസിഷ്ഠന്‍ പശുവിനെയും കിടാവിനെയും അന്വേഷിച്ചു. ആശ്രമത്തില്‍ കാണാഞ്ഞ് അവയെത്തേടി വനങ്ങളിലും ഗുഹകളിലും തിരഞ്ഞു നടന്നു. തന്നെ അപമാനിച്ച് പശുവിനെയും കിടാവിനെയും മോഷ്ടിച്ചു മറഞ്ഞത് വസുക്കള്‍ ആണെന്നറിഞ്ഞ മുനി കോപിഷ്ഠനായി അവരെ ശപിച്ചു. ‘നിങ്ങള്‍ എല്ലാവരും മനുഷ്യയോനിയില്‍ പിറക്കട്ടെ’.
















