കുണ്ടറ: പുനുക്കന്നൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കുടുംബസമേതം ആത്മഹത്യചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. ആത്മഹത്യക്ക് കാരണക്കാരായ പ്രിന്‍സ് പണിക്കരെ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുന്നതിനുള്ള സൗകര്യം പോലീസ് ഒരുക്കി കൊടുത്തു. കൂടാതെ പ്രധാനപ്രതി പ്രിന്‍സ് പണിക്കരുടെ ഭാര്യയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കുണ്ടറ പോലീസ് ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു.
ആത്മഹത്യ നടന്ന വീട്ടിലെ ചുവരില്‍ മരണപ്പെട്ട മധുസൂദനന്‍പിള്ള എഴുതിയ കുറിപ്പ് മരണമൊഴിയായി കണ്ട് പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കേണ്ട പോലീസിന്റെ തണുപ്പന്‍ സമീപനം മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായും ലോക്കല്‍ പോലീസില്‍ നിന്നും കേസ് മാറ്റണമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എ.റഹീംകുട്ടി, ഭാരവാഹികളായ എസ്.ജയമോഹന്‍, വി.അംസലോണ്‍, സി.സുവര്‍ണ്ണ എന്നിവര്‍ പങ്കെടുത്തു.
















