ന്യൂദല്‍ഹി: രാജ്യദ്രോഹ കുറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റേയും, അനിബന്‍ ഭട്ടാചാര്യയുടേയും ജുഡീഷല്‍ കസ്റ്റഡി കാലാവധി നീട്ടി. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയത്.
ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു കാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഇരുവര്‍ക്കും എതിരേയുള്ള കേസ്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ പിന്നീട് പോലീസിനു മുന്‍പാകെ ഫെബ്രുവരി 24ന് കീഴടങ്ങുകയായിരുന്നു.
അതേസമയം ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥി കൂട്ടായ്‌മ ബാനറുകള്‍ ഉയര്‍ത്തി.
ജെഎന്‍യു കാമ്പസില്‍ വിവാദ പരിപാടി സംഘടിപ്പിച്ച വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വകലാശാലയുടെ ഉന്നതതല യോഗം കണ്ടെത്തി.
കുറ്റക്കാരെന്ന് കണ്ടെത്തിയ യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ള 21 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.
















