താനൂര്‍: സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ കടലോരമേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണ്. സമാധാനാന്തരീക്ഷം പൂര്‍ണ്ണമായി തകര്‍ന്ന തീരദേശത്ത് ഇതുവരെ സുരക്ഷ ഒരുക്കാന്‍ പോലും പോലീസിനായിട്ടില്ല. കടലോര പ്രദേശമായ പറവണ്ണ, ഉണ്ണ്യാല്‍ പ്രദേശങ്ങളിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷത്തിനു അയവു വന്നില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ പറവണ്ണയില്‍ രണ്ട് കടകള്‍ അഗ്നിക്കിരയാക്കുകയും മുസ്ലിംലീഗ് ഓഫീസ് തീയിടുകയും ചെയ്തു.പറവണ്ണ സ്വദേശി കേയകുഞ്ഞകത്ത് തെക്കേ ഒറ്റയില്‍ ഷറഫുള്ളയുടെ ഉടമസ്ഥതയിലുള്ള ഗവണ്മെന്റ് യു.പി സ്കൂളിനു എതിര്‍വശത്തെ ലൗ ചോയ്സ് ഫാന്‍സി ഫൂട്ട് വെയര്‍ ആന്‍ഡ് ടെക്സ്റ്റയില്‍സ്, പറവണ്ണ ടൗണില്‍ കുഞ്ഞാലകത്ത് ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, മുസ്ലിംലീഗ് പറവണ്ണ ശാഖാ ഓഫീസ് എന്നിവയാണ് കത്തി നശിച്ചത്. ഫാന്‍സി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ബേക്കറിയിലെ ഫ്രീസറും കച്ചവടത്തിനായി കൊണ്ടുവന്ന പഴവര്‍ഗങ്ങളും കത്തി നശിച്ച നിലയിലാണ്. ഹുസൈന് മുസ്ലിംലീഗ് വാര്‍ഡ് ഭാരവാഹിയും ഷറഫുള്ള ലീഗ് അനുഭാവിയുമാണ്. ഇരുവരും തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീവെയ്പ്പ് നടത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പെട്രോളിംഗിന് പോലീസിനെ വിന്യസിച്ചിരുന്നു. പൊലീസുകാര്‍ തീ ആളികത്തുന്നത് ശ്രദ്ധയില്‍പെട്ടയുടനെ പ്രദേശ വാസികളെ വിവരമറിയിക്കുകയായിരുന്നു.
ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതിയതെങ്കിലും രാത്രി 2.30ഓടെ കോയക്കുത്തിയകത്ത് തെക്കെ ഒറ്റയില്‍ ഷറഫുള്ളയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി കട കത്തുന്നത് അയല്പക്കത്തെ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് ബോധ്യപ്പെട്ടത്. ഫാന്‍സി കടയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് വിവരമറിയിച്ചെത്തിയ തിരൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ രണ്ടു വാഹനങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപ്പോഴേക്കും കട പൂര്‍ണമായും കത്തി നശിച്ചിരുന്നു.സംഭവത്തിന് പിന്നാലെ തൊട്ടടുത്തു കൂടി ഇലക്ട്രിക്ക് കെ.വി ലൈന്‍ പോകുന്നതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം ഓഫ് ചെയ്തത് വന്‍ അപകടമൊഴിവാക്കി.ഷറഫുള്ളക്ക് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്ടമായാണ് കണക്കാക്കുന്നത്. ഹുസൈന് ഒരു ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നുണ്ട്. രാവിലെയാണ് മുസ്ലിംലീഗ് ഓഫീസിന് തീയിട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. സംഭവസ്ഥലം സി.മമ്മുട്ടി എംഎല്‍എ സന്ദര്‍ശിച്ചു. നാല് ദിവസം മുമ്പ് താനൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും അക്രമം ഉണ്ടായിരുന്നു. ഒന്നര പതിറ്റാണ്ടിലധികമായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വീണ്ടും സമാധാനാന്തരീക്ഷം ഇല്ലാതായിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ തീരപ്രദേശമായ ഇവിടെ നിരവധി വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും വീടുകളുമായിരുന്നു ആക്രമണത്തിനിരയായത്. എന്നാല്‍ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പട്ടെ പ്രതികളെ പിടികൂടാനോ പ്രദേശത്ത് സാമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: